മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്നു ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് കലൂരാണ് 10 കോടിയോളം രൂപ മുടക്കി അത്യാധുനിക സജ്ജീകരണങ്ങളോടെ കെട്ടിടം നിർമിച്ചിരിക്കുന്നത്. സംഘടനാ രൂപീകരണത്തിന്റെ 25–ാം വർഷത്തിലാണു സ്വന്തം ആസ്ഥാന മന്ദിരമെന്ന മോഹം പൂവണിയുന്നത്.
കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ വമ്പൻ സിനിമ പ്രഖ്യാപനവും നടന്നു. അമ്മക്കു വേണ്ടി ട്വന്റി 20 പോലൊരു സിനിമ ഒരുങ്ങുന്നുണ്ടെന്ന് മോഹൻലാൽ വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് കൂട്ടായി ചേർന്ന് സിനിമ ചെയ്യുന്നത്. 135ഓളം പ്രവര്‍ത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയുന്ന തരത്തിലാണ് തിരക്കഥ. ബ്രില്യന്റായ ക്രൈംത്രില്ലറാണെന്നും മികച്ച വിജയമാകുമെന്നാണ് കരുതുന്നതെന്നും മോഹൻലാൽ പറഞ്ഞു. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ നൂറ് പേര്‍ക്കായിരുന്നു പ്രവേശനം. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമാക്കിയത്. നടീ, നടന്മാർക്ക് എഴുത്തുകാരെയോ സംവിധായകരെയോ കാണാൻ പ്രത്യേക ചേംബറുകൾ ഉൾപ്പടെ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. 5 സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണു സജ്ജീകരിച്ചിട്ടുള്ളത്. ചലച്ചിത്ര പ്രദർശനത്തിനു സൗകര്യമുള്ള വലിയ ഹാളിൽ എൽഇഡി വോൾ പോലുള്ള സംവിധാനങ്ങളുമുണ്ട്. നാടക, കലാ ശിൽപശാലകൾ പോലുള്ള സാംസ്കാരിക പരിപാടികൾക്കും കെട്ടിടത്തിൽ സൗകര്യമൊരുക്കാനാവും.
സ്മാർട് ബിൽഡിങ്ങാണ് ഇതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. ഇന്നലെ രാത്രി വൈകി ഓഫിസിലെ ചില ലൈറ്റുകൾ ഞാനാണ് ഓഫ് ചെയ്തത്; ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലിരുന്ന്. ഫോൺ ഉപയോഗിച്ച് ഓഫിസിലെ എസിയും ലൈറ്റുകളുമൊക്കെ പ്രവർത്തിപ്പിക്കാം. ഓഫിസിലെ ദൃശ്യങ്ങളും ഫോണിൽ ലഭിക്കും. സുരക്ഷാ സംവിധാനങ്ങളും ആധുനികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates