'ഭഗവാന്റെ മുഖത്തിന് പകരം ഞാൻ കണ്ടത് മമ്മൂട്ടിയുടേതായിരുന്നു'; കുറിപ്പ്
നടൻ മമ്മൂട്ടിയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നടനും തിരക്കഥാകൃത്തും നിർമാതാവുമായ പി ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ. മമ്മൂട്ടിയോട് കഥ പറയാൻ പോയ അച്ഛനൊപ്പം സഞ്ചരിച്ച ഓർമകൾ നീണ്ട കുറിപ്പിലൂടെയാണ് ദേവി പങ്കുവച്ചിരിക്കുന്നത്.
മഹാനടന് രാജ്യം ബഹുമതികൾ കൊടുത്ത് മാനിക്കുമ്പോൾ അതിനേക്കാൾ വലിയ ബഹുമതികൾ നൽകാവുന്ന കഥകൾ ആ മഹാനടൻ മനുഷ്യനായി പല മനസ്സുകളിലും കോറിയിട്ടുണ്ടെന്നും ദേവി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മമ്മൂട്ടി എന്ന മഹാമനുഷ്യൻ
എൻ്റെ കൗമാരപ്രായം.
നല്ല സിനിമ എടുക്കാനുള്ള പാച്ചിലിൽ ഞങ്ങൾക്ക് സ്വന്തം വീടൊക്കെ നഷ്ടമായി. വാടക വീട്ടിൽ നിന്ന് വാടക വീട്ടിലേക്ക് ചേക്കേറുന്ന കാലം. അച്ഛൻറെ മാത്രം ശമ്പളത്തിൽ അരിഷ്ടിച്ച് ജീവിക്കുന്ന സമയത്താണ് അച്ഛൻ ഒരു കഥ കണ്ടെത്തുന്നത്. പൊടുന്നനെ തന്നെ അതിന്റെ തിരക്കഥയും എഴുതി. മമ്മൂട്ടി എന്ന മഹാനടൻ അതിൽ അഭിനയിക്കുകയാണെങ്കിൽ നല്ല പ്രൊഡ്യൂസറിനെ കിട്ടും.
വീട്ടിൽ അതേക്കുറിച്ചുള്ള ചർച്ചകളാണ് എന്നും. അദ്ദേഹത്തിൻറെ ഡേറ്റ് കിട്ടുകയാണെങ്കിൽ ഞങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ ഞാനും ഏട്ടനും സ്വപ്നം കാണാൻ തുടങ്ങി. അച്ഛൻറെ കണക്ക് കൂട്ടലുകളെക്കാൾ വലുതായിരുന്നു ഞങ്ങളുടെ സ്വപ്നങ്ങൾ. ബ്ലാക്ക് ആൻഡ് വൈറ്റിൽ പൊയ്ക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ ജീവിതം കളർ ആകാൻ പോകുന്നു എന്ന ഒരു പ്രതീക്ഷ. അതൊരു ചെറിയ പ്രതീക്ഷ അല്ല.... അങ്ങനെ അച്ഛൻ മമ്മൂട്ടിയോട് കഥ പറയാൻ പോകുന്ന ദിവസം, സ്ഥലം ഒക്കെ തീരുമാനിച്ചു.
മമ്മൂട്ടി പൊന്തൻമാടയുടെ സെറ്റിലാണ് .താമസം ഗുരുവായൂരിലും.. ക്യാമറാമാൻ ഗോപി അങ്കിളിന്റെ കാറിൽ ഗുരുവായൂര് പോകാൻ തീരുമാനിച്ചു. കാറിൽ പിന്നെയും സ്ഥലം ഉണ്ടായിരുന്നതിനാൽ അമ്മയും എന്നെയും അച്ഛൻ കൂടെ കൂട്ടി ഗുരുവായൂരും തൊഴാമല്ലോ.. അങ്ങനെ കുചേല കുടുംബം ഗുരുവായൂരിൽ കൃഷ്ണനെ കാണാൻ പോകുന്നു.
ഭഗവാനെ കാണാൻ കുചേലൻ പോകുന്നതുപോലെ അവിൽ ഒന്നും പൊതിഞ്ഞു കെട്ടി പോയില്ല .. പക്ഷേ കയ്യിൽ ഉണ്ടായിരുന്ന ഒരു മഞ്ഞ പട്ടുപാവാടയും കാപ്പിപ്പൊടി നിറത്തിൽ ടിഷ്യൂ ബ്ലൗസും ഇട്ടാണ് ഞാൻ പോയത്. ഭഗവാനും മഞ്ഞ നിറം ഇഷ്ടമാണല്ലോ. ഗുരുവായൂര് ചെന്നാൽ ആദ്യം ഭഗവാനെ തൊഴണം. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാൻ പ്രാർത്ഥിക്കണം .
അതോടെ ജീവിതം മാറിമറിയും. അറിഞ്ഞോ അറിയാതെയോ എവിടെയോ ഭഗവാനും മമ്മൂട്ടിയും അനുഗ്രഹിക്കണം എന്ന് തന്നെയാവും ഞാൻ ആഗ്രഹിച്ചത്. നീണ്ട യാത്രയ്ക്ക് ശേഷം രാത്രി ഞങ്ങൾ ഗുരുവായൂരിൽ എത്തി .എത്തിയ ഉടനെ അച്ഛനു മമ്മൂട്ടിയെ കാണാൻ അവസരം കിട്ടി. മുറിയിൽ എത്തിയ ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു
"ഭഗവാനെ....
നിന്നെകാണും മുമ്പേ ആണല്ലോ അച്ഛൻ മമ്മൂട്ടിയുടെ മുറിയിൽ പോയത്."
എന്താകും? ഏതാകും? എന്നറിയാതെ ഉൽക്കണ്ഠ യോടു കൂടി കാത്തിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു എന്നെ മമ്മൂട്ടിയുടെ മുറിയിലേക്ക് കൊണ്ടുപോയി. ഒരു സ്യൂട്ട് റൂം.. ആദ്യമായിട്ടാണ് ഞാൻ ഒരു സ്യൂട്ടറും കാണുന്നത്. രാവിലെ മുഴുവൻ അഭിനയിച്ച തളർന്ന് ഇരിക്കുന്ന മമ്മൂട്ടി.. പൊന്തൻ മാടക്കു വേണ്ടി തന്റെ സൗന്ദര്യം അദ്ദേഹം നശിപ്പിച്ചിരിക്കുന്നു. എന്നിട്ടും എന്തൊരു തേജസ് മുഖത്ത്. എന്തെന്നറിയാത്ത നിർവൃതി എൻറെ മനസ്സിൽ.
ഇന്നും ഞാനാ നിമിഷങ്ങൾ ഓർത്തു വച്ചിരിക്കുന്നുവെങ്കിൽ ആ നിർവൃതി എന്തായിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ? എന്നെ കണ്ടപ്പോൾ സിനിമയിൽ കാണുന്നതുപോലെ തന്നെ അദ്ദേഹം ചിരിച്ചു. ക്ലാസും സ്കൂളും ഒക്കെ ചോദിച്ചു. പിന്നെ ചോദിച്ചു നിനക്ക് ഇഷ്ടമുള്ള നടൻ ആരാണ്? അദ്ദേഹം ആ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം നൽകിയത് അച്ഛനാണ് ആമിർ ഖാൻ....
പക്ഷേ ആമിർ ഖാൻ ...എന്റെ ചേട്ടന്റെ പ്രിയപ്പെട്ട നടനായിരുന്നു. അച്ഛൻ എന്തുകൊണ്ട് അത് എൻറെ ഉത്തരം ആക്കി... എനിക്കന്ന് heroherolal ലിൽ അഭിനയിച്ച നസറുദ്ദീൻ ഷായെ യായിരുന്നു ഇഷ്ടം. അച്ഛൻറെ ഉത്തരം കേട്ട് അദ്ദേഹം ചിരിച്ചു. മമ്മൂട്ടിയെ കാണുകയാണെങ്കിൽ ചോദിക്കാൻ എന്തൊക്കെ ചോദ്യങ്ങളാണ് ഞാൻ കരുതിയിരുന്നത്.പക്ഷേ എല്ലാം എന്റെ മനസ്സിൽ നിന്ന് അപ്പാടെ മാഞ്ഞിരിക്കുന്നു.
അദ്ദേഹം അച്ഛനുമായി ചിരിച്ച് എന്തൊക്കെയോ സംസാരിക്കുന്നു. എല്ലാം അന്തംവിട്ട് ഞാൻ നോക്കിയിരുന്നു.. എൻറെ മുന്നിൽ ഒരു സൂപ്പർ ഹീറോ ഇരിക്കുന്നു. അത് വിശ്വസിക്കാനാവാതെ ഒരു സ്വപ്നം പോലെ ഞാൻ കണ്ടിരിക്കുകയാണ്. ആരും എന്നെ ഈ സ്വപ്നലോകത്തിൽ നിന്നും തട്ടി ഉണർത്തരുത് എന്ന് എൻറെ ഉപബോധമനസ്സ് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
അദ്ദേഹത്തെ കണ്ടതിനു ശേഷം അടുത്ത ദിവസം വിശദമായി കഥ പറയാൻ ടി.വി ചന്ദ്രന്റെ പൊന്തൻമാടെയുടെ സെറ്റിലേക്ക് പോയി. പക്ഷേ അന്ന് അവിടെ നസറുദ്ദീൻ ഷാ ക്ക് ഷൂട്ട് ഇല്ല. അദ്ദേഹത്തെ കാണാൻ കഴിയില്ലല്ലോ എന്ന ഒരു വിഷമം എന്നെ അലട്ടി.
ഒരു വലിയ വീടിൻറെ കൈവരിയിൽ കിടന്ന് 'മാട'അച്ഛൻറെ കഥയൊക്കെ കേട്ടു. ഒരു ദിവസം മുഴുവൻ ആ ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹത്തിൻറെ അഭിനയവും പെരുമാറ്റവും ഒക്കെ കണ്ടു. ഞങ്ങൾക്കൊപ്പം ചിരിച്ചു കളിച്ചിരിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ നിമിഷനേരം കൊണ്ട് ഒരു മാടയായി മാറുന്നത് അത്ഭുതം ഉളവാക്കി.
ഒരു ദിവസം അദ്ദേഹവുമായി ചെലവഴിച്ചപ്പോൾ നസറുദ്ദീൻ ഷായെ കാണാത്ത വേദനയൊക്കെ പമ്പ കടന്നു .ഒടുവിൽ ഞങ്ങൾ ഗുരുവായൂരിൽ നിന്ന് യാത്രതിരിച്ചു. ഭഗവാനെ നടയിൽ നിന്ന് അല്ലാതെ അടുത്തുചെന്ന് തൊഴാൻ എനിക്ക് കഴിഞ്ഞില്ല. മാത്രമല്ല അച്ഛൻറെ കഥ മമ്മൂട്ടിക്ക് ഇഷ്ടമായോ ഇല്ലയോ എന്ന് വീട്ടിൽ എത്തുമ്പോൾ വിളിച്ചറിയിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്.
തിരിച്ചുള്ള യാത്ര എന്ന അലോസരപ്പെടുത്തി കൊണ്ടേയിരുന്നു. ഭഗവാനെ ഒന്ന് നേരെ തൊഴാൻ സാധിച്ചില്ല. മമ്മൂട്ടി എന്ന നടനെ കണ്ട് അന്താളിച്ചു നിന്നതല്ലാതെ ഒന്നും സംസാരിച്ചില്ല. പിന്നെ അച്ഛൻറെ കഥ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നൊരു ഉത്തരവും കിട്ടിയില്ല. ശരിക്കും പറഞ്ഞാൽ കുചേലൻ ഭഗവാനെ കണ്ട് തിരിച്ചു വീട്ടിലേക്ക് പോയ അതേ അവസ്ഥ. വഴി നീളെ ആശങ്കകൾ, ഉത്കണ്ഠകൾ.... അച്ഛൻറെ കഥ സിനിമയാകുമോ?
മമ്മൂട്ടിയുടെ തീരുമാനം എന്താകും? മമ്മൂട്ടി അറിയുന്നുണ്ടോ ഒരു പാവം പെൺകുട്ടിയുടെ പോലും ഭാവി തീരുമാനങ്ങൾ അദ്ദേഹത്തിൻറെ കൈയിൽ ആണെന്ന്....
വീട്ടിൽ തിരിച്ചെത്തിയപ്പോൾ നല്ല ക്ഷീണം ആയിരുന്നു . ബോധം കെട്ട് കിടന്നുറങ്ങി... പിറ്റേന്ന് ഉറക്കം എണീറ്റപ്പോൾ വീട്ടിൽ ഒരു ഉത്സവ പ്രതീതിയാണ്. മമ്മൂട്ടിയുടെ ഫോൺ വന്നിരിക്കുന്നു. കഥ ഇഷ്ടമായി.... ഇനി സ്വപ്നങ്ങൾ ഒക്കെ യാഥാർത്ഥ്യമാവാൻ പോവുകയാണ്. പല തീരുമാനങ്ങൾ ഇനി ഉറപ്പിച്ചെടുക്കാം. ഒന്നും വിശ്വസിക്കാനാവാതെ ഞാൻ വടക്കേപ്പുറത്ത് വന്നിരുന്നു. എൻ്റെ മഞ്ഞ പട്ടുപാവാട കഴുകാൻ ഇട്ടിരിക്കുന്നു.
ഞാൻ മെല്ലെ അതെടുത്തു. എന്റെ നെഞ്ചത്തോട്ട് ചേർത്തുവച്ചു. ഭഗവാന് കൊടുക്കാൻ സ്നേഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതിനു പകരം അവൻ എൻറെ മനസ്സ് കണ്ടിരിക്കുന്നു. എൻറെ സ്വപ്നങ്ങൾ കണ്ടിരിക്കുന്നു. നടയിൽ നിന്ന് തൊഴുത എനിക്ക് ഭഗവാന്റെ മുഖം കാണാൻ കഴിഞ്ഞില്ല... അതുകൊണ്ടുതന്നെ ഭഗവാൻറെ മുഖത്തിന് പകരം ഞാൻ കണ്ടത് മമ്മൂട്ടിയുടെതായിരുന്നു...
പിൽക്കാലത്ത് എൻ്റെ കല്യാണത്തിന് എന്നെ അനുഗ്രഹിക്കാൻ വന്ന അദ്ദേഹം വിലപിടിപ്പുള്ള സമ്മാനം എനിക്ക് തന്നു. എല്ലാരും പറഞ്ഞു എത്ര വിലപിടിപ്പുള്ള സമ്മാനമാണിതെന്ന്. അത് കേട്ടപ്പോൾ ഞാൻ എന്നോട് തന്നെ ഉള്ളിൽ പറഞ്ഞു ഇതിനേക്കാൾ വലിയ ഒരു സമ്മാനമാണ് അദ്ദേഹം എനിക്ക് തന്നത്.. ചിരിക്കാൻ മറന്നു നിന്നിരുന്ന ഒരു കുടുംബത്തിന് അദ്ദേഹം സമ്മാനിച്ചത് ചിരിയായിരുന്നു... അന്നത്തെ ആ കൗമാരക്കാരിക്കു അതായിരുന്നു വേണ്ടിയിരുന്നത്....
ഇന്നും ഗുരുവായൂരിൽ പോകുമ്പോൾ ഭഗവാൻ മനുഷ്യരൂപത്തിൽ വന്ന കഥ ഞാൻ ഓർക്കാറുണ്ട്
മഹാനടന് രാജ്യം ബഹുമതികൾ കൊടുത്ത് മാനിക്കുമ്പോൾ അതിനേക്കാൾ വലിയ ബഹുമതികൾ നൽകാവുന്ന കഥകൾ ആ മഹാനടൻ മനുഷ്യനായി പല മനസ്സുകളിലും കോറിയിട്ടുണ്ട്...
(പദയാത്രയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ അച്ഛൻ അഭിനയിക്കാൻ പോകുമ്പോൾ മമ്മൂ അങ്കിളിനു കൊടുക്കാൻ കരുതിയിരുന്ന ഒരു അനുഭവക്കുറിപ്പ് ആയിരുന്നു.. പക്ഷേ മടിച്ചു. എന്നാൽ പത്മഭൂഷൻ കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷം അടക്കാൻ ആയില്ല. ആ അനുഭവം എല്ലാവരോടും പങ്കിടാൻ തീരുമാനിച്ചു)
Cinema News: Devi Krishnakumar facebook post about Mammootty.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

