

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളെക്കുറിച്ചും ഗോസിപ്പുകളെക്കുറിച്ചും തുറന്നു പറഞ്ഞ് നടൻ ധനുഷ്. തന്റെ പുതിയ ചിത്രമായ ഓമിന്റെ പ്രീ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ തന്നെ ഒരു 'അണ്ടർഡോഗ്' (അർഹമായ പരിഗണന ലഭിക്കാത്തയാൾ) എന്ന് വിശേഷിപ്പിച്ച ധനുഷ്, ജോലിയിലാണ് താൻ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാക്കി.
തന്റെ ചിത്രങ്ങളെക്കുറിച്ച് മക്കൾ വളരെ കടുത്ത രീതിയിലാണ് വിമർശനങ്ങൾ ഉന്നയിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 'തേരെ ഇഷ്‌ക് മേം' എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ വസ്ത്രം ശരിയാക്കിയ സ്റ്റൈലിസ്റ്റിനോട് താരം അഹങ്കാരത്തോടെ പെരുമാറി എന്ന തരത്തിൽ വിഡിയോകൾ പ്രചരിച്ചിരുന്നു. വേദിയിലുണ്ടായിരുന്ന സ്റ്റൈലിസ്റ്റ് കാവ്യ ശ്രീരാമിനെ ചൂണ്ടിക്കാട്ടിയാണ് ധനുഷ് ഇതിന് മറുപടി നൽകിയത്.
ജോലിയിലുള്ള ആത്മാർത്ഥത കാരണം പൊതുവേദിയിലാണെന്ന് പോലും നോക്കാതെ കാവ്യ തന്റെ വസ്ത്രത്തിലെ ചുളിവുകൾ മാറ്റാൻ ശ്രമിച്ചപ്പോൾ താൻ അത് ശ്രദ്ധിച്ചിരുന്നില്ലെന്നും, എന്നാൽ അതിന്റെ പേരിൽ താൻ അഹങ്കാരിയാണെന്ന പ്രചാരണം നേരിടേണ്ടി വന്നുവെന്നും ധനുഷ് ഓർത്തെടുത്തു. ജീവിതത്തിൽ എപ്പോഴും താനൊരു 'അണ്ടർഡോഗ്' ആയിട്ടാണ് ജീവിച്ചിട്ടുള്ളതെന്ന് ധനുഷ് വെളിപ്പെടുത്തി.
പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു അണ്ടർഡോഗ് വിജയത്തിലെത്തുമ്പോൾ ലഭിക്കുന്ന ആവേശം വേറെയാണെന്നും കൊടുങ്കാറ്റിലും അണയാത്ത തീപന്തങ്ങളെപ്പോലെയാണ് തന്റെ ആരാധകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അണ്ടർഡോഗ് എന്ന് പറയുന്ന ഒരു ആശയമുണ്ട്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരു അണ്ടർഡോഗ് ആയിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒരു അണ്ടർഡോഗ് വിജയം നേടുമ്പോൾ ലഭിക്കുന്ന സന്തോഷം വേറെയാണ്.
എന്റെ ആരാധകർ കാറ്റിനെപ്പോലും പ്രതിരോധിക്കാൻ കഴിയുന്ന കത്തുന്ന പന്തം പോലെയാണ്. അതിനാൽ, ഞാൻ നിശ്ശബ്ദമായി ജോലി തുടർന്നു കൊണ്ടേയിരിക്കും. -ധനുഷ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ ട്രോളുകളും ഫാൻ വാറുകളും തന്റെ മനസിനെ ബാധിക്കാറുണ്ടെന്ന് ധനുഷ് തുറന്നു സമ്മതിച്ചു.
"ബാധിക്കില്ലെന്ന് പറഞ്ഞാൽ അത് നുണയാകും, തീർച്ചയായും അത് വിഷമിപ്പിക്കാറുണ്ട്, എങ്കിലും എനിക്കറിയാവുന്ന ഒരേയൊരു കാര്യം ജോലി മാത്രമാണ്, അതിനാൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞാൻ മുന്നോട്ട് പോകും. എനിക്ക് മറ്റൊന്നും അറിയില്ല. ആളുകൾ എപ്പോഴും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കും, അത് ട്രെൻഡ് ആണെങ്കിൽ, ഞാൻ അതിനോട് പൊരുത്തപ്പെടും".- ധനുഷ് വ്യക്തമാക്കി.
മക്കളായ യാത്ര, ലിംഗ എന്നിവർ തന്റെ സിനിമകൾക്ക് നൽകുന്ന പ്രതികരണങ്ങളെക്കുറിച്ചും ധനുഷ് സംസാരിച്ചു. തന്റെ സിനിമകളെക്കുറിച്ച് വളരെ കർക്കശമായ അഭിപ്രായമാണ് മക്കൾ പറയാറുള്ളത്. സിനിമ നല്ലതാണെങ്കിൽ താൻ രക്ഷപ്പെടും. മോശമാണെങ്കിൽ അവർ കടുപ്പമേറിയ വിമർശനം ഉന്നയിക്കും. അതിനാൽ മക്കളോട് സിനിമകളെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കാൻ തനിക്ക് ഭയമാണെന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates