

കുട്ടിക്കാലം മുതലേ സിനിമയില്‍ അഭിനയിക്കുക എന്നത് ധരമിന്റെ സ്വപ്‌നമായിരുന്നു. അതിനായി ഇറങ്ങിത്തിരിക്കാനുള്ള ആത്മവിശ്വാസം കിട്ടുന്നത് ഫിലിം ഫെയര്‍ നടത്തിയ നാഷണല്‍ ന്യൂ ടാലന്റ് കോണ്ടസ്റ്റില്‍ വിജയിക്കുന്നതോടെയാണ്. പിന്നാലെ ധരം ബോംബെയ്ക്ക് വണ്ടി കയറി, പണത്തിന് പകരം സ്വപ്‌നങ്ങള്‍ നിറച്ചൊരു പെട്ടിയുമായി.
1960 ല്‍ പുറത്തിറങ്ങിയ ദില്‍ ഭി തേര ഹം ഭി തേര ആയിരുന്നു ആദ്യ സിനിമ. ബല്‍രാജ് സാഹ്നി, കുംകും, ഉഷ കിരണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ ഒപ്പമഭിനയിച്ചിരുന്നവര്‍. തന്റെ ആദ്യ സിനിമയ്ക്ക് ധര്‍മേന്ദ്രയ്ക്ക് പ്രതിഫലമായി കിട്ടിയത് വെറും 51 രൂപയായിരുന്നു. മൂന്ന് നിര്‍മാതാക്കള്‍ 17 രൂപ വച്ചിട്ടായിരുന്നു ആ തുകയിലെത്തിച്ചത്.
ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ചില സിനിമകളില്‍ സപ്പോര്‍ട്ടിങ് വേഷങ്ങളില്‍ അഭിനയിച്ചു. 1965 ല്‍ പുറത്തിറങ്ങിയ ഹഖീഖത്ത് ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ വന്ന ഫൂല്‍ ഓര്‍ പത്തര്‍ വലിയ വിജയമാതോടെ ധര്‍മേന്ദ്രയും താരമായി മാറി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏഴുപതുകളുടെ അവസാനത്തോടെ ബോളിവുഡിലെ മുന്‍നിര നായകനായി ധര്‍മേന്ദ്ര മാറി.
തുടക്കകാലത്ത് റൊമാന്റിക് വേഷങ്ങളായിരുന്നു ചെയ്തിരുന്നതിലധികവും. 80 കളോടെ അദ്ദേഹം ആക്ഷന്‍ ചിത്രങ്ങളിലേക്ക് തിരിഞ്ഞു. ഇതോടെ ബോളിവുഡിന്റെ ഹീ-മാന്‍ ഉദയം കൊണ്ടു. ഷോലെയില്‍ അഭിനയിക്കാന്‍ ബച്ചനേക്കാളും പ്രതിഫലം വാങ്ങിയിരുന്ന ധര്‍മേന്ദ്ര. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നായകന്‍ എന്ന റെക്കോര്‍ഡ് ഇന്നും ധര്‍മേന്ദ്രയുടെ പേരിലാണ്. തന്റെ സമകാലികനായ അമിതാഭ് ബച്ചന്‍ 57 ഉം രാജേഷ്ഖന്ന 42 ഉം, ഷാരൂഖ് ഖാന്‍ 35 ഉം സല്‍മാന്‍ 38 ഉം ഹിറ്റുകള്‍ ഹിറ്റുകള്‍ നല്‍കിയപ്പോള്‍ ധര്‍മേന്ദ്ര തന്റെ ഏഴ് പതിറ്റാണ്ടോളം വരുന്ന കരിയറില്‍ നല്‍കിയത് 75 ഹിറ്റുകളാണ്. ഇനിയൊരിക്കലും ആ റെക്കോര്‍ഡ് മറി കടക്കപ്പെടുമെന്ന് തോന്നുന്നില്ല.
വിജയത്തിലെന്നത് പോലെ തന്നെ പരാജയത്തിലും ധര്‍മേന്ദ്ര മുന്നിലുണ്ടെന്നതും വസ്തുതയാണ്. 150 സിനിമകളാണ് ധര്‍മേന്ദ്രയുടേതായി വന്ന് പരാജയപ്പെട്ടത്. ഈ പട്ടികയില്‍ മുമ്പിലുള്ളത് മിഥുന്‍ ചക്രവര്‍ത്തി മാത്രമാണ്. ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേര് ഒരിക്കലും ധര്‍മേന്ദ്രയെ തേടിയെത്താതിരുന്നതിന് ഒരു കാരണം ഈ കണക്കായിരുന്നു. ഒരു ഘട്ടത്തില്‍ മുഖ്യധാര സിനിമകളേക്കാള്‍ ബി ഗ്രേഡ് സിനിമകള്‍ ചെയ്തതും തിരിച്ചടിയായി.
സ്‌ക്രീനില്‍ തീപ്പൊരി നായകന്‍ മാത്രമായിരുന്നില്ല ധര്‍മേന്ദ്ര. തന്റെ അഭിനയമികവ് തെളിയിക്കുന്ന ഒരുപിടി സിനിമകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ആക്ഷന് പുറമെ കോമഡിയും ഇമോഷണല്‍ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ കയ്യടിയും നിരൂപകരുടെ പ്രശംസയും നേടിയെങ്കിലും ഒരിക്കലും ധര്‍മേന്ദ്രയെ തേടി പുരസ്‌കാരങ്ങളൊന്നും എത്തിയിരുന്നില്ല. നാല് തവണയാണ് ഫിലിം ഫെയറിന്റെ മികച്ച നടനായുള്ള നോമിനേഷനില്‍ ധരം വന്നു പോയത്.
മികച്ച നടനുള്ള പുരസ്‌കാരം തന്നോട് അകലം പാലിക്കുന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ വിങ്ങലോടെ ധര്‍മേന്ദ്ര സംസാരിച്ചിരുന്നു. 'ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 37 വര്‍ഷമായി. എല്ലാവര്‍ഷവും ഞാന്‍ പുതിയ സ്യൂട്ട് തുന്നിക്കും. മാച്ചിങ് ടൈ തെരഞ്ഞെടുക്കും. എനിക്ക് ഒരു അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയോടെ. പക്ഷെ ഒരിക്കലും അതുണ്ടായില്ല. എന്റെ സില്‍വര്‍ ജൂബിലിയും ഗോള്‍ഡന്‍ ജൂബിലിലുമൊക്കെ വന്നു പോയി. കുറച്ച് വര്‍ഷം കഴിഞ്ഞതോടെ ഞാനും പ്രതീക്ഷ കൈവിട്ടു. ഇനി മുതല്‍ അവാര്‍ഡ് ഷോകളില്‍ നിക്കറും ബനിയനും ധരിച്ച് വരണമെന്നാണ് ചിന്തിച്ചിരുന്നത്'' എന്നാണ് ധര്‍മ്മേന്ദ്ര പറഞ്ഞത്.
എനിക്ക് എന്തുകൊണ്ട് അവര്‍ഡ് കിട്ടിയില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഫൂല്‍ ഓര്‍ പത്തര്‍, ചുപ്‌കെ ചുപ്‌കെ, പ്രതിഗ്യ, ഷോലെ, നയ സമാന തുടങ്ങിയ പല സിനിമകള്‍ക്കും ഞാന്‍ അവാര്‍ഡിന് അര്‍ഹനായിരുന്നുവെന്ന് അദ്ദേഹം മറ്റൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്നേപ്പോലെ, തന്റെ മക്കള്‍ക്കും ഒരിക്കലും അവാര്‍ഡും അംഗീകാരവും ലഭിക്കാത്തതിനെക്കുറിച്ചും ധര്‍മ്മേന്ദ്ര സംസാരിച്ചിട്ടുണ്ട്.
സിനിമയായിരുന്നു ധര്‍മേന്ദ്രയുടെ ജീവവായു. അതുകൊണ്ട് ഇടവേളകളില്‍ നിന്നും അദ്ദേഹം സിനിമയിലേക്ക് തിരികെ വന്നു കൊണ്ടേയിരുന്നു. മക്കളായ സണ്ണിയും ബോബിയുമെല്ലാം തന്നോളം വളരുകയും താരങ്ങളായി മാറുകയും ചെയ്തതോടെ ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറുന്നുണ്ട് ധര്‍മേന്ദ്ര. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലൂടെയാണ് അദ്ദേഹം തിരികെ വരുന്നത്. പിന്നാലെ തേരി ബാത്തോം മേം ഐസ ഉല്‍ജാ ജിയയിലും അഭിനയിച്ചു. മരിക്കുന്നതിന് തൊട്ട് മുമ്പായി അഭിനയിച്ച ഇക്കിസ് ഡിസംബറിലില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയെ സ്‌നേഹിച്ച്, സിനിമയില്‍ ജീവിച്ച് മരിച്ച ധര്‍മേന്ദ്രയ്ക്ക് വിട.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates