

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന സിനിമയായ തുടക്കത്തിന്റെ പൂജ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ ദിലീപ്. വലിയ സന്തോഷമുള്ള ഒരു ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെയും സുചിത്രയുടേയും മക്കൾ സിനിമയിലേക്ക് വരുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു പുണ്യമാണ്.
അവരുടെ വളർച്ചയും നല്ല കാര്യങ്ങളും കാണാൻ പറ്റുക എന്നത് വലിയ കാര്യമാണെന്നും ദിലീപ് പൂജ ചടങ്ങിൽ പറഞ്ഞു. അത്രയേറെ സ്നേഹിക്കുന്ന ലാലേട്ടന്റെ കുടുംബത്തിൽ ഇത്രയും ഗംഭീരമായ ഒരു പരിപാടി നടക്കുമ്പോൾ അതിൻ്റെ ഭാഗമാവാൻ വിളിച്ചതിൽ ആത്മാർഥമായ നന്ദി അറിയിക്കുന്നുവെന്ന് ദിലീപ് പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതൽ താൻ കാണുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ.
അദ്ദേഹത്തിൻ്റെ വളർച്ചയെയും പ്രയത്നത്തെയും അഭിനന്ദിക്കുന്നു. ആന്റണി പെരുമ്പാവൂർ എംബിഎ ഒന്നും പഠിച്ചിട്ടില്ലെങ്കിലും, ഏറ്റവും കൂടുതൽ എംബിഎക്കാർ കണ്ടുപഠിക്കുന്നത് അദ്ദേഹത്തെയാണെന്ന് തനിക്ക് തോന്നുന്നു, കാരണം അദ്ദേഹം എല്ലാ കാര്യങ്ങളും അത്രയും ഗംഭീരമായിട്ടാണ് സംഘടിപ്പിക്കുന്നതെന്നും ദിലീപ് പറഞ്ഞു.
"എന്റെ ഓർമ്മയിൽ പെട്ടെന്ന് വരുന്നത്, 1992 ലാണ് ഞാൻ ഉള്ളടക്കം എന്ന് പറഞ്ഞ സിനിമയിൽ അസിസ്റ്റന്റ് ആയിട്ട് ലാലേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നത്. അന്ന് അതിന്റെ നിർമാണം ബാലാജി സാറിന്റെ മകനായ സുരേഷ് ബാലാജി സാർ ആയിരുന്നു. ശരിക്കും പറഞ്ഞാൽ, ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ തന്നെ എടുത്തു പറയുന്ന ഒരു ബാനർ ആയിരുന്നു ബാലാജി പ്രൊഡക്ഷൻസ്, കെ ബാലാജി സാർ.
ഇവിടെ ഇന്ന് ഏറ്റവും അഭിമാനമർഹിക്കുന്ന ഒരു കാര്യം സുചി ചേച്ചിയാണ്. ഇത്രയും വലിയ പ്രഗത്ഭനായ ഒരു വലിയ നിർമ്മാതാവിന്റെ അഭിനേതാവിന്റെ മകൾ, അതുപോലെതന്നെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട നമ്മളെ ഏറ്റവും ബഹുമാനിക്കുകയും നമ്മളുടെ അഭിമാനമായ നമ്മുടെ സ്വന്തം ലാലേട്ടൻ ഭർത്താവായിട്ട്, അതുപോലെ രണ്ട് കുട്ടികൾ അവർ രണ്ടുപേരും സിനിമയിലേക്ക് വരുന്നത്, അവരുടെ വളർച്ച നല്ല കാര്യങ്ങൾ കാണാൻ പറ്റുക എന്നൊക്കെ പറയുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു പുണ്യമാണ്.
ശരിക്കും പറഞ്ഞാൽ നമുക്കെല്ലാവർക്കും, പ്രത്യേകിച്ച് നമ്മൾ അത്രയും സ്നേഹിക്കുന്ന ലാലേട്ടന്റെ കുടുംബത്തിൽ ഇത്രയും ഗംഭീരമായ ഒരു പരിപാടി നടക്കുന്നു എന്ന് പറയുമ്പോൾ അതിന്റെ ഭാഗമാവാൻ എന്നെ വിളിച്ചതിൽ വലിയ ആത്മാർത്ഥമായിട്ടുള്ള നന്ദി ഞാൻ പറയുന്നു. അതുപോലെതന്നെ എനിക്ക് എത്രയോ വർഷം ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് കാലം മുതൽ കാണുന്നതാണ് ആന്റണി ഭായിയെ. അദ്ദേഹത്തിന്റെ വളർച്ച അദ്ദേഹത്തിന്റെ പ്രയത്നം.
ഇത്രയും വർഷത്തിനിടയിലെ യാത്രയിൽ മലയാള സിനിമയ്ക്ക് തന്നെ ഒരുപാട് കച്ചവട സാധ്യതകളും അതിന്റെ പുതിയ മാർഗങ്ങളും ഒക്കെ കാണിച്ചുതരുന്ന ഏറ്റവും വലിയ കമ്പനിയാണ് ആശിർവാദ് സിനിമാസ്. എനിക്ക് തോന്നുന്നു എംബിഎ ഒന്നും പഠിച്ചിട്ടില്ല, പക്ഷേ ഏറ്റവും കൂടുതൽ എംബിഎക്കാർ കണ്ടുപഠിക്കുന്നത് അദ്ദേഹത്തെയാണെന്ന് തോന്നുന്നു. അത്രയും ഗംഭീരമായിട്ടാണ് പുള്ളി എല്ലാ കാര്യങ്ങളും ഓർഗനൈസ് ചെയ്യുന്നതും.
ഈ വേദിയിൽ നിൽക്കുമ്പോൾ മായ, ലാലേട്ടന്റെ വിസ്മയ, സുചി ചേച്ചിയുടെ വിസ്മയ മലയാള സിനിമയുടെ, ഇന്ത്യൻ സിനിമയുടെ വിസ്മയമായി മാറട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അതുപോലെതന്നെ ആന്റണിയുടെ മകൻ ആശിഷും മലയാള സിനിമയിൽ നല്ല വലിയൊരു താരമായി മാറട്ടെ. പിന്നെ അപ്പുവിന്റെ സിനിമ ഇന്ന് റിലീസ് ആവുകയാണ്. അപ്പോ ഓൾ ദ് ബെസ്റ്റ്, എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും ആശംസിക്കുന്നു.
ജൂഡുമായി വർഷങ്ങളായിട്ടുള്ള ബന്ധമാണ്. ജൂഡിന്റെ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല. ജൂഡിന്റെ അർപ്പണബോധം നമ്മൾ പല സിനിമകളിലൂടെയും കണ്ടിട്ടുള്ളതാണ്. ജൂഡ് എന്തായാലും ഈ തുടക്കം ഗംഭീരമാക്കും എന്ന് നമുക്ക് എല്ലാവർക്കും ഉറപ്പുണ്ട്. ഈ സിനിമ വലിയൊരു വിജയമാവട്ടെ ഗംഭീരമാകട്ടെ." ദിലീപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
