

ലോക ചരിത്രത്തിലെ തന്നെ ആദ്യത്തെ സിംഗിൾ മദർ ആണ് സീതയെന്ന് നടി ദീപിക ചിഖ്ലിയ. രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പരയിൽ സീതയെ അവതരിപ്പിച്ചത് ദീപികയായിരുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ദീപിക ചിഖ്‌ലിയ സീതാ ദേവിയുടെ കഥാപാത്രത്തെക്കുറിച്ചും അതിന്റെ ആധുനിക പ്രസക്തിയെക്കുറിച്ചും സംസാരിച്ചത്.
'കുറച്ചു മാത്രം സംസാരിക്കുന്നു എന്നതിനർത്ഥം ഒരാൾ ദുർബലയാണെന്നല്ല. സീത തികച്ചും സ്വയം നിലപാടുകളുള്ള ശക്തയായ സ്ത്രീയായിരുന്നു. ശ്രീരാമനൊപ്പം 14 വർഷത്തെ വനവാസത്തിന് ഇറങ്ങിത്തിരിച്ച തീരുമാനം തന്നെ അവരുടെ മാനസിക കരുത്തിന്റെ തെളിവാണ്". -ദീപിക പറഞ്ഞു.
മാറ്റണം എന്നാഗ്രഹിക്കുന്ന ഒരു കാര്യം എന്താണെന്ന ചോദ്യത്തിന് സീതയ്ക്ക് കൂടുതൽ സംഭാഷണങ്ങൾ നൽകിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. "സീത എല്ലാകാര്യങ്ങളും വേഗത്തിൽ മനസ്സിലാക്കുമായിരുന്നു.
ചിലപ്പോൾ ചില കാര്യങ്ങൾക്ക് വേണ്ടി നമുക്ക് സംസാരിക്കേണ്ടി വരും. നമ്മുടെ അഭിപ്രായം സംരക്ഷിക്കുന്നതിന് വേണ്ടി നിലകൊള്ളുന്നത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു".- ദീപിക വ്യക്തമാക്കി. വനവാസത്തിന് ശേഷം കാട്ടിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ ലവനെയും കുശനെയും ഒറ്റയ്ക്ക് വളർത്തിയതും സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിച്ച് ഭൂമിയിലേക്ക് മറഞ്ഞതുമെല്ലാം ഒരു സിംഗിൾ മദറിന്റെയും ശക്തയായ സ്ത്രീയുടെയും അടയാളപ്പെടുത്തലാണെന്ന് ദീപിക പറഞ്ഞു.
അതുപോലെ രാമനെ തുടർച്ചയായി തിരുത്തിയെങ്കിൽ ആ ബന്ധത്തിന് മറ്റൊരു അവസാനമാണ് ഉണ്ടാകുമായിരുന്നതെന്നും അവർ പറയുന്നു. ദാമ്പത്യബന്ധങ്ങളിൽ തുറന്ന ആശയവിനിമയം വളരെ പ്രധാനമാണെന്നും സംസാരിക്കാതിരുന്നാൽ സ്ത്രീകൾ അവഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്നും താരം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates