

കൊച്ചി: സൗന്ദര്യമാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്. മോഹൻലാൽ സംവിധായകന് വേണ്ടത് നൽകുന്ന നടനാണെന്നും സംവിധായകനും കാമറാമാനുമായ ഷാജി എൻ കരുൺ. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മോഹൻലാൽ അഭിനയിച്ച നിരവധി ചിത്രങ്ങൾക്ക് ഞാൻ കാമറ ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കഥാപാത്രങ്ങളോടുള്ള ആത്മസമർപ്പണം ഞാൻ കണ്ടിട്ടുള്ളതാണ്. സംവിധായകന് വേണ്ടത് കിട്ടിയോ എന്ന് ചോദിക്കുന്ന ഒരു നടൻ. ആ സത്യസന്ധതയാണ് വാനപ്രസ്ഥത്തിന്റെ വിജയം.
വാനപ്രസ്ഥം ചെയ്യുമ്പോൾ കഥകളി കലാകാരന്മാരുടെ മുന്നിൽ മോഹൻലാൽ പേടിച്ചാണ് നിന്നിരുന്നത്. അവരും അങ്ങനെ തന്നെ. അവർക്കിടയിലെ കെമിസ്ട്രി വളരെ മികച്ചതായിരുന്നു. ഏറ്റവും നല്ലത് കൊടുക്കണം എന്ന വിശ്വാസമായിരുന്നു ഇരുകൂട്ടർക്കും. മോഹൻലാൽ ചെയ്ത കഥാപാത്രങ്ങൾ ഒരിക്കലും മറ്റൊരാൾക്ക് ചെയ്യാൻ കഴിയില്ല. ഒരുപക്ഷേ അദ്ദേഹത്തിന് പോലും വീണ്ടും അതേ കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല'- അദ്ദേഹം പറഞ്ഞു. മറ്റുള്ളവർ പറയുന്നതല്ലാതെ താൻ ചെയ്തത് നന്നായി എന്ന് ഒരിക്കലും മോഹൻലാൽ പറയില്ല. ഇനിയും മികച്ചത് തരാൻ കഴിയുമെന്ന് വിശ്വാസം അദ്ദേഹത്തിനുണ്ടെന്നും ഷാജി എൻ കരുൺ പറഞ്ഞു.
'സൗന്ദര്യമാണ് മമ്മൂട്ടിയുടെ ഇൻവെസ്റ്റ്മെന്റ്. അത് വലിയൊരു സമ്പാദ്യമാണ്. അത് നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. എന്റെ സിനിമയിൽ ഞാൻ അത് നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഒരു ചിത്രം ചെയ്യണമെന്ന് മമ്മൂട്ടി ഇങ്ങോട്ട് സൂചിപ്പിച്ചതാണ്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന് ഏഴ് ദേശീയ പുരസ്‌കാരങ്ങൾ കിട്ടി. എന്നാൽ മമ്മൂട്ടിക്ക് ആ ചിത്രത്തിൽ പുരസ്‌കാരങ്ങൾ കിട്ടിയില്ല. അത് വളരെ ഖേദകരമാണ്. ഒരുപാട് ആത്മസമർപ്പണത്തോടെയാണ് അദ്ദേഹം ആ ചിത്രം ചെയ്‌തത്'-ഷാജി എൻ കരുൺ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates