

വലുതും ചെറുതുമായി 45 ഓളം സിനിമകളുടെ ഭാഗമായ നടിയാണ് ദിവ്യ എം നായർ. 'മോഹിനിയാട്ടം' എന്ന ചിത്രത്തിലെ ദിവ്യയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി. ബോഡി ഷെയ്മിങ് കമന്റുകൾ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് നടി പറയുന്നു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ.
"എന്റെ അഭിനയത്തെപ്പറ്റി ആര് എന്ത് പറഞ്ഞാലും അത് ഞാൻ കാര്യമാക്കാറില്ല. അഭിനയിച്ചത് ശരിയായില്ല എന്ന് പറഞ്ഞ് ഞാൻ കേട്ടിട്ടില്ല സത്യസന്ധമായി പറഞ്ഞാൽ. ബോഡി ഷെയ്മിങ് ചെയ്യുന്നതിനെക്കുറിച്ചാണ് ഞാനെപ്പോഴും ശ്രദ്ധിക്കാറുള്ളത്. ചില സ്ഥലങ്ങളിലൊക്കെ അത്യാവശ്യം നന്നായി തന്നെ എന്നെ ബോഡി ഷെയ്മിങ് ചെയ്യുന്നത് കാണാറുണ്ട്.
ആരോഗ്യപരമായ ചില പ്രശ്നങ്ങൾ കാരണം നമുക്ക് ശരീരഭാരം കൂടാം. അപ്പോൾ തന്നെ നമ്മൾ കുറച്ച് ഡൗൺ ആണ്. ഒരു സ്ത്രീക്ക് എപ്പോഴും ഒരുപോലെ ഇരിക്കാൻ പറ്റില്ലല്ലോ. നമ്മുടെ ആരോഗ്യാവസ്ഥ വച്ച് വണ്ണം കൂടിയും കുറഞ്ഞുമിരിക്കാം. ഞാൻ വണ്ണം കുറച്ച് കൂടിയിരിക്കുന്ന സമയത്ത് ചില വിഡിയോകളുടെ അടിയിലൊക്കെ കമന്റ് കാണാറുണ്ട്.
ചിലർ വളരെ മോശമായി കമന്റിടും. ഇത്രയും വൃത്തിയായി വസ്ത്രം ധരിച്ചിട്ടു പോലും ആളുകൾ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് അത്തരം കമന്റുകൾ കാണുമ്പോൾ തോന്നും. എനിക്ക് അത് കാണുമ്പോൾ വിഷമം തോന്നും. എന്നെ അറിയുന്ന ആളുകൾ പറയും, നീ എന്താണെന്ന കാര്യം നിനക്കറിയാലോ, നമുക്കും അറിയാം. പറയുന്നവർ പറയട്ടെ എന്ന്. പക്ഷേ അപ്പോഴും സോഷ്യൽ മീഡിയ എന്താണിങ്ങനെ എന്ന് നമ്മുടെ മനസിലേക്ക് വരും.
അല്ലാതെ വേറെയൊന്നും വേദനിപ്പിച്ചിട്ടില്ല. ഈ ഒരു കാര്യം അത്യാവശ്യം നല്ല രീതിയിൽ വേദനിപ്പിക്കാറുണ്ട്. ഒരു പൊതുവേദിയിൽ നമ്മളെത്തുമ്പോൾ നമുക്ക് ചുറ്റും കാമറയുണ്ടെന്ന കാര്യത്തെക്കുറിച്ച് നമ്മളെപ്പോഴും ബോധവാൻമാരായിരിക്കില്ല. ആദ്യമൊക്കെ നമ്മൾ നന്നായി ഇരിക്കും കുറച്ചു കഴിയുമ്പോൾ കൂടെയുള്ള ആളുകളുടെ അടുത്ത് പൊട്ടിച്ചിരിക്കും ചിലപ്പോൾ ഇരിപ്പിലൊക്കെ വ്യത്യാസമുണ്ടാകും.
ഇതൊക്കെ എടുത്ത് ആർട്ടിസ്റ്റ് ദിവ്യ എം നായർ ഇരിക്കുന്നത് കണ്ടോ എന്നൊക്കെ പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ഇടുന്നത്. എല്ലാവരുടെയും കാര്യമാണ് ഞാൻ ഈ പറയുന്നത്. എത്ര വൃത്തിയായി നമ്മൾ വസ്ത്രം ധരിച്ചാലും എത്ര വൃത്തിയായി നമ്മൾ പൊതുഇടങ്ങളിലെത്തിയാലും പറയാനുള്ളവർ പറയും. ആദ്യമൊക്കെ ഇത് കാണുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
കാരണം നമ്മൾ ആദ്യം ആലോചിക്കുന്നത് നമ്മുടെ വീട്ടിലുള്ളവരെ കുറിച്ചാണ്. അവരെ വേദനിപ്പിക്കുമല്ലോ. അതാണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്. പിന്നെ വീട്ടുകാർ ഇങ്ങോട്ട് പറയാൻ തുടങ്ങി, പോകാൻ പറ എന്ന്. അങ്ങനെ പറയുമ്പോൾ ഒരാശ്വാസമാണ്.
ഇതിനൊന്നും ഒരു നിയന്ത്രണമില്ല. നമുക്ക് പിടിച്ചു നിർത്താൻ പറ്റില്ലല്ലോ ഇത്. ആളുകൾ പറയുന്നത്, ഭ്രാന്തൻമാരാണെന്ന് വിചാരിച്ച് കളയുക അത്രയേ ഉള്ളൂ. എന്നെ അറിയാവുന്നവർക്ക് ഞാൻ എന്താണെന്ന കാര്യം അറിയാം. അങ്ങനെ തന്നെ ഇരിക്കട്ടേ എന്ന് വിചാരിച്ചു".- ദിവ്യ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates