

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടി നൽകി ദിയ കൃഷ്ണ. റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ സ്വന്തം മേൽവിലാസം പോലും മറച്ചുവച്ചിരുന്ന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവർക്ക്, നേരിൽ കണ്ടാൽ മുഖത്ത് നോക്കി സംസാരിക്കാനുള്ള നട്ടെല്ലില്ലെന്ന് ദിയ പറഞ്ഞു.
സ്കൂൾ കാലത്ത് വളരെ അടുപ്പമുണ്ടായിരുന്നവർ പോലും പിന്നീട് തനിക്കൊരു പ്രതിസന്ധി വന്നപ്പോൾ എതിർചേരിയിൽ നിന്നത് വേദനാജനകമായ യാഥാർഥ്യമാണെന്നും ദിയ വ്യക്തമാക്കി. വ്യത്യസ്തമായ അഭിപ്രായങ്ങളെ ബഹുമാനിക്കാനും എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം നൽകാനും ആളുകൾ തയ്യാറാകണമെന്നും, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി ഇടപെടാതെ പരസ്പരം കരുണ കാണിക്കണമെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ദിയ പറഞ്ഞു.
"ഒറ്റയ്ക്കിരിക്കുമ്പോൾ പലപ്പോഴും ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് പല ചിന്തകളും മനസ്സിലേക്ക് വരാറുണ്ട്. സമൂഹമാധ്യമങ്ങൾ ഇത്രയധികം സ്വാധീനം ചെലുത്തുന്നതിന് മുൻപുള്ള, നമ്മൾ സ്കൂളിൽ പഠിച്ചിരുന്ന കാലത്തെക്കുറിച്ചും ഞാൻ ഓർക്കാറുണ്ട്. ഈ ലോകത്ത് നല്ലവരും മോശപ്പെട്ടവരും, സമ്പന്നരും ദരിദ്രരും ഉണ്ടാകുന്നത് ഒരു സന്തുലിതാവസ്ഥയുടെ ഭാഗമാണ്.
എതിർപ്പുകളും അനുകൂലനങ്ങളും ഒത്തുചേർന്നാണ് ലോകം മുന്നോട്ട് പോകുന്നത്. പണ്ടുകാലത്തും എന്റെ ചുറ്റും നല്ലവരും അല്ലാത്തവരും ഉണ്ടായിരുന്നു. എന്നാൽ സ്കൂളിൽ ഒപ്പം നടക്കുകയും, യാത്രകളിൽ ഒപ്പം ഇരിക്കുകയും, അടുപ്പം കാണിക്കുകയും ചെയ്തിരുന്ന പലരും, ഒരു പ്രതിസന്ധി വരുമ്പോൾ എതിർചേരിയിൽ നിൽക്കുന്നത് സമൂഹമാധ്യമങ്ങളുടെ കാലത്താണ് കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്നത്. അടുത്തുണ്ടായിരുന്ന ചിലരുടെ യഥാർത്ഥ മുഖം തിരിച്ചറിയുന്നത് ചിലപ്പോൾ വേദനയുണ്ടാക്കുന്ന യാഥാർഥ്യമാണ്.
റെഡ്ഡിറ്റ് പോലെയുള്ള പ്ലാറ്റ്‌ഫോമുകളിൽ, സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും വിജയിച്ചവരെക്കുറിച്ച് അനാവശ്യങ്ങൾ പറയുകയും ചെയ്യുന്ന രീതി പലപ്പോഴും അമ്പരപ്പുണ്ടാക്കാറുണ്ട്. ക്രിയാത്മകമായ ചർച്ചകൾക്ക് പകരം കുറ്റപ്പെടുത്തലുകൾക്കാണ് അവിടെ പ്രാധാന്യം ലഭിക്കുന്നത്. എല്ലാവരും പരസ്പരം ദയ കാണിക്കുകയും സ്വന്തം കാര്യം നോക്കി ജീവിക്കുകയും ചെയ്താൽ എത്രയോ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
എന്നാൽ വ്യത്യസ്തമായ അഭിപ്രായങ്ങളെ അംഗീകരിക്കാൻ മടിക്കുകയും, എതിർക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് വർധിച്ചുവരികയാണ്. പറയുന്ന കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത്, തെറ്റായ തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്ന രീതിയും നമ്മൾ കാണുന്നു. നേരിട്ട് സംസാരിക്കാൻ മടിക്കുന്നവർ സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്.
എങ്കിലും, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതെ, സ്വന്തം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്റെ കാഴ്ചപ്പാടുകളും നിങ്ങളുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കാം. അതിനർഥം ഒരാൾ എപ്പോഴും ശരിയും മറ്റേയാൾ എപ്പോഴും തെറ്റുമാണെന്നല്ല. നമുക്കറിയാത്ത പല ശരികളും ഈ ലോകത്തുണ്ട്. എതിർവശത്ത് നിൽക്കുന്നയാൾ നമ്മളേക്കാൾ ബുദ്ധിയുള്ളവരാണെന്ന് കരുതിയാൽ, അനാവശ്യമായ പല സംസാരങ്ങളും നമ്മൾ ഒഴിവാക്കും.
എന്നാണ് എന്റെ അച്ഛൻ പറയാറുള്ളത്. നിശബ്ദതയ്ക്ക് വലിയൊരു ശക്തിയുണ്ട്. പല ഘട്ടങ്ങളിലും പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവരുടെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. അച്ഛൻ പറയുന്ന വേറൊരു കാര്യമുണ്ട് ഉത്സവത്തിന് അണിഞ്ഞൊരുങ്ങി നടക്കുന്ന ആനയെ നോക്കി വഴിയരികിലെ നായ്ക്കൾ കുരച്ചുകൊണ്ടേയിരിക്കും.
ആന എല്ലാ നായ്ക്കൾക്കും മറുപടി പറയാൻ നിന്നാൽ അതൊരു തോൽവിയായി മാറും. കുരയ്ക്കുന്നവർ കുരയ്ക്കട്ടെ; നമ്മൾ നമ്മുടെ യാത്ര തുടരുക, ആഘോഷിക്കേണ്ട ഇടങ്ങളിൽ സന്തോഷത്തോടെ പങ്കെടുക്കുക, ലക്ഷ്യസ്ഥാനത്തേക്ക് മുന്നോട്ട് പോവുക. അതാണ് എന്റെയും നിലപാട്. നമ്മൾ കാണുന്ന ഓരോ മനുഷ്യരും കടന്നുപോകുന്ന മാനസിക സംഘർഷങ്ങളോ പ്രയാസങ്ങളോ നമുക്കറിയില്ലായിരിക്കാം.
ചിലർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടാകാം, ചിലർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ടാകാം, ചിലർക്ക് വിശപ്പുണ്ടാകാം. അതുകൊണ്ട് മറ്റുള്ളവരോട് കഴിയുന്നത്ര ദയ കാണിക്കുക. നല്ലൊരു വാക്ക് പറയാൻ കഴിയില്ലെങ്കിൽ, അനാവശ്യമായി ഒന്നും പറയാതിരിക്കുക. ഇൻസ്റ്റഗ്രാമിലോ മറ്റ് മാധ്യമങ്ങളിലോ കാണുന്ന പോസ്റ്റുകൾക്ക് താഴെ അനാവശ്യ കമന്റുകൾ ഇടാതിരിക്കുക. ഒരാളുടെ അഭിപ്രായം നമ്മളെ നേരിട്ട് ബാധിക്കുന്നില്ലെങ്കിൽ അത് വലിച്ചിഴയ്ക്കേണ്ടതില്ല.
അതിരുവിട്ട അധിക്ഷേപങ്ങൾ ഉണ്ടായാൽ പോലും, അനാവശ്യ തർക്കങ്ങൾക്ക് പോകാതെ ബ്ലോക്ക് ചെയ്ത് മുന്നോട്ട് പോകുന്നതാണ് നല്ലത്. മറ്റുള്ളവർക്ക് വേദനയുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതിന് മുൻപ്, ആ സ്ഥാനത്ത് നമ്മളായിരുന്നെങ്കിൽ എങ്ങനെ നേരിടുമായിരുന്നു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ മാനസികമായ കരുത്ത് അത്യാവശ്യമാണ്. എന്നെ കരുത്തയായി വളർത്തിയ മാതാപിതാക്കളോടും ദൈവത്തോടും എനിക്ക് വലിയ നന്ദിയുണ്ട്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെ സധൈര്യം നേരിടാൻ എനിക്ക് സാധിക്കുന്നത്".- ദിയ കൃഷ്ണ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates