

മാർവൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'അവഞ്ചേഴ്സ്: ഡൂംസ്‌ഡേ'യുടെ അഡ്വാൻസ് ബുക്കിങ്ങിൽ വൻ കുതിപ്പ്. റിലീസിന് ഇനിയും ആഴ്ചകൾ ബാക്കി നിൽക്കേ ഇന്ത്യയിൽ നിന്നുമാത്രം 52.25 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിലാണ് പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 2026 ഡിസംബർ 17 ന് ചിത്രം തിയേറ്ററുകളിലെത്തും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്യുക.
സാക്നിൽ പുറത്തുവിട്ട ലൈവ് ട്രാക്കർ കണക്കുകൾ പ്രകാരം നവംബർ 23 രാവിലെ 11 മണിവരെയുള്ള കണക്കുപ്രകാരം ചിത്രത്തിന്റെ ബ്ലോക്ക് സീറ്റുകൾ ഒഴിവാക്കിയുള്ള കളക്ഷൻ 44.39 കോടി രൂപയാണ്. 81 നഗരങ്ങളിലായി ഇതുവരെ 7,611 ഷോകളാണ് ചിത്രത്തിനുള്ളത്. അതിൽ 234 ഹൗസ്ഫുൾ ഷോകളും 39 ഫുൾ സോൾഡ് ഔട്ട് ഷോകളുമാണുള്ളത്. റിലീസിന് 24 ദിവസം ബാക്കി നിൽക്കേ 8.25 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
ഭാഷാടിസ്ഥാനത്തിൽ ഇംഗ്ലീഷ് പതിപ്പിനാണ് ഏറ്റവും കൂടുതൽ ബുക്കിങ് ലഭിച്ചിരിക്കുന്നത്. ആകെ അഡ്വാൻസ് ബുക്കിങ് കളക്ഷന്റെ 84 ശതമാനവും ഇംഗ്ലീഷ് പതിപ്പിൽ നിന്നാണ്. 6.01 കോടി രൂപയുമായി ഹിന്ദി പതിപ്പാണ് രണ്ടാമത്. തമിഴ് പതിപ്പ് 1.40 കോടി രൂപയും തെലുങ്ക് പതിപ്പ് 21.89 ലക്ഷം രൂപയുമാണ് നേടിയിരിക്കുന്നത്.
ആന്തണി റൂസോയും ജോ റൂസോയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ്, ക്രിസ് ഹെംസ്‌വർത്ത്, ഫ്ലോറൻസ് പ്യൂ, പെഡ്രോ പാസ്കൽ, വനേസ കിർബി തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ നിരവധി സൂപ്പർഹീറോകൾ ഒന്നിക്കുന്ന ചിത്രം ഡോക്ടർ ഡൂമിനെതിരായ പോരാട്ടമാണ് പ്രമേയമാക്കുന്നത്.
2019ൽ പുറത്തിറങ്ങിയ 'അവഞ്ചേഴ്സ്: എൻഡ്‌ഗെയിം' ആഗോളതലത്തിൽ വലിയ ബോക്സ് ഓഫീസ് നേട്ടം സ്വന്തമാക്കിയിരുന്നു. അതിനുശേഷം എത്തുന്ന പ്രധാന അവഞ്ചേഴ്സ് ചിത്രമെന്ന നിലയിൽ 'ഡൂംസ്‌ഡേ'യ്ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. ഇന്ത്യയിൽ ഒരു ഹോളിവുഡ് ചിത്രത്തിന് 100 കോടി രൂപയുടെ ഓപ്പണിങ് ഗ്രോസ് നേടാനാകുമോ എന്ന ചർച്ചകളും അഡ്വാൻസ് ബുക്കിങ്ങിലെ ഈ മുന്നേറ്റത്തോടെ സജീവമായിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ബോക്സ് ഓഫീസിൽ കുതിപ്പു തുടരുന്ന രാമായണയുടെ അഡ്വാൻസ് ബുക്കിങ് 42 കോടി രൂപയായിരുന്നു. ബാഹുബലി രണ്ടാം ഭാഗം 90 കോടിയും പുഷ്പ രണ്ടാം ഭാഗം 92 കോടിയുമായിരുന്നു ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates