

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന, സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്. യാഥാർഥ്യത്തിനും ഭാവനയ്ക്കും ഇടയിലുള്ള അതിർവരമ്പുകൾ മായ്ച്ചുകൊണ്ട് കൗതുകരമായ ഒരു കഥാ ലോകത്തേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്ന തരത്തിലാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.
അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം തന്നെ മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ അസാധാരണ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 27ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ബിനോ ടി. എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ രചനയിൽ അഭികേർഷ് വസന്തും പങ്കാളിയാണ്
സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന, സിനിമ മോഹവുമായി നടക്കുന്ന സാംസൺ ജോസഫ് എന്ന യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യം അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ യാഥാർഥ്യത്തിന്റെ പതിവ് കാഴ്ചപ്പാടുകൾക്കപ്പുറമുള്ള വിചിത്രവും വിസ്മയകരവുമായ സാഹചര്യങ്ങളിലേക്ക് സാംസൺ എത്തിപ്പെടുന്നു. ഫാന്റസിയും ആക്ഷനും മിസ്റ്ററിയും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രം, ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് അസാധാരണമായ ലോകം കടന്നുവരുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും നൽകിയിരുന്ന കൗതുകത്തിന് കൂടുതൽ ആഴം നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയ്‌ലർ.
സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെയും സാംസണിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ മാറ്റങ്ങളെയും കുറിച്ച് കൂടുതൽ സൂചനകൾ നൽകിക്കൊണ്ട് പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിക്കുകയാണ് ട്രെയ്‌ലർ. സിബി മാത്യു അലക്സാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനം ‘ഉലകമേ നോക്ക്’ അഞ്ച് ഭാഷകളിലായി ശ്രദ്ധ നേടിയിരുന്നു.
‘മിന്നൽ മുരളി’ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘കോസ്മിക് സാംസൺ’. അദ്ദേഹമാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘ബാംഗ്ലൂർ ഡെയ്സ്’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ നിർമ്മിച്ച സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത് നിർമ്മാണ സംരംഭം കൂടിയാണിത്. മലയാളത്തിൽ വ്യത്യസ്ത പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ നിർമ്മാണക്കമ്പനി ഒരുക്കുന്ന പുതിയ ഫാന്റസി ചിത്രം എന്ന പ്രത്യേകതയും ‘കോസ്മിക് സാംസണി’നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസിനെത്തുന്ന ചിത്രത്തിന് സെൻസർ ബോർഡ് യുഎ 16+ സർട്ടിഫിക്കേഷനാണ് നൽകിയിരിക്കുന്നത്.
ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- റോസ്‌മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്സ്, അനിമേഷൻസ്- യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എൻ്റർടെയ്ൻമെൻറ്സ്, പിആർഒ- ശബരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates