

ആദ്യ രണ്ട് ഭാഗങ്ങൾ പോലെ തന്നെ വിജയക്കുതിപ്പ് തുടരുകയാണ് ദൃശ്യം 3യും. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 140 കോടിയിലേറെയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. മാത്രവുമല്ല, ഈ വർഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ 100 കോടി നേടിയിരിക്കുന്ന മൂന്നാമത്തെ സിനിമയുമായി മാറിയിരിക്കുകയാണ് ദൃശ്യം 3.
ട്വിസ്റ്റും സസ്പെൻസും ത്രില്ലറുമെല്ലാം വിട്ട് ഇത്തവണ ഒരു ഇമോഷണൽ ഡ്രാമയായാണ് ദൃശ്യത്തെ ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയിൽ ജോർജുകുട്ടി കഴിഞ്ഞാൽ പിന്നെ പ്രേക്ഷകർ ഏറ്റവും കൂടുതൽ കണക്ട് ആയിരിക്കുന്ന കഥാപാത്രം ഒരുപക്ഷേ ഐജി തോമസ് ബാസ്റ്റിനായിരിക്കും.
കുടുംബത്തിലുള്ളവർ പോലും ജോർജുകുട്ടിയെ, തോമസ് ബാസ്റ്റിനെ പോലെ കൃത്യമായി മനസിലാക്കിയിട്ടുണ്ടാകില്ല. ജോർജുകുട്ടിയെ മറികടന്ന് ആ കുടുംബത്തെ തൊടാൻ പോലും പറ്റില്ലെന്ന് തോമസ് ബാസ്റ്റിന് നന്നായി അറിയാം. ഒരു ക്ലാസിക് ക്രിമിനലാണ് അയാളെന്ന് ആദ്യം പറയുന്നതും തോമസ് ബാസ്റ്റിനാണ്.
ഈ കഥാപാത്രമായെത്തി പ്രേക്ഷകരുടെ കയ്യടി നേടിയത് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ്. ഇപ്പോഴിതാ ഐജി തോമസ് ബാസ്റ്റിന്റെ ഗൂഗിൾ ഹിസ്റ്ററി എങ്ങനെയായിരിക്കും എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. വളരെ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നതും.
'തൊടുപുഴ സ്കൂളിലെ നാലാം ക്ലാസ് സിലബസ്', 'റബ്ബർ പ്ലാന്റേഷനിൽ മാസം ഉപയോഗിക്കുന്ന ആസിഡിന്റെ അളവ്', 'കള്ളൻ ജോസിന്റെ ആസ്തി', 'ഗീത പ്രഭാകറിനെ എങ്ങനെ ഇംപ്രസ് ചെയ്യിക്കാം'- എന്നൊക്കെയാണ് കമന്റുകൾ നിറയുന്നത്. 'ദൃശ്യം 4 ൽ ഗീത പ്രഭാകർ, അതുമിതും പറഞ്ഞു വിളിക്കാൻ സാധ്യതയുണ്ട് ചേട്ടാ,
അതുകൊണ്ട് അവരുടെ നമ്പർ ബ്ലോക്ക് ചെയ്തേക്ക്...ഇല്ലേൽ ജോർജുകുട്ടി തന്നെ തട്ടി ആസിഡിൽ എടുത്ത് ഇടും..എല്ല് പോലും ബാക്കി കിട്ടില്ല'., 'നിങ്ങളാ ഗീതയെയും പ്രഭാകറെയും കാര്യമായി ഒന്നു പറഞ്ഞു മനസ്സിലാക്കണം'- എന്നൊക്കെ കുറിക്കുന്നവരും കുറവല്ല. അതേസമയം ദൃശ്യം 3യിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും ഗംഭീരമായി പെർഫോം ചെയ്തത് മുരളി ഗോപിയാണെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates