

വലിയ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ ചിത്രമായിരുന്നു 'ഐ ആം ഗെയിം'. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ ലഭിച്ചത്. അണിയറപ്രവർത്തകർ പ്രതീക്ഷിച്ചതു പോലെ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ഒരു ആരാധകൻ പറഞ്ഞ കമന്റിന് ദുൽഖർ തന്നെ നേരിട്ട് മറുപടിയുമായി എത്തിയിരിക്കുകയാണ്. എക്സിലൂടെയായിരുന്നു ദുൽഖർ മറുപടി നൽകിയത്. ‘മൂവിഹോളിക്’ എന്ന ഹാൻഡിലിൽ നിന്നാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
"ഐ ആം ഗെയിം’ സിനിമയുടെ അണിയറപ്രവർത്തനങ്ങളിൽ വന്ന വീഴ്ചകളെക്കുറിച്ചാണ് വിമർശനം ഉന്നയിച്ചത്. ഇതിന് മുൻപ് (ഇപ്പോൾ ഡിലീറ്റ് ചെയ്ത) വളരെ നീളമുള്ള ഒരു ത്രെഡ് ഞാൻ പോസ്റ്റ് ചെയ്തിരുന്നു. ‘ഐം ഗെയിം’ റിലീസിന് ശേഷമായിരുന്നു അത്. വേഫെറർ ഫിലിംസ് എങ്ങനെയാണ് ഈ പ്രൊജക്റ്റ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതെന്ന് ഞാൻ അതിൽ വിശദീകരിച്ചിരുന്നു.
ചിലപ്പോൾ കാര്യങ്ങൾ കൈ വിട്ടുപോകാം എന്നത് ശരിയാണ്, എന്നാൽ ഇത്തവണ നിർമാണ ഭാഗത്തുനിന്ന് തന്നെ സംഭവിച്ച വ്യക്തമായ തെറ്റുകളായിരുന്നു അത്. ഡിക്യു ആ ത്രെഡ് കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു!"- ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളെയും വേഫെറർ ഫിലിംസ് എന്ന ദുൽഖറിന്റെ നിർമാണക്കമ്പനിയെയും വിമർശിച്ചു കൊണ്ടായിരുന്നു ഈ കുറിപ്പ്. ഇതിനാണ് ദുൽഖർ മറുപടിയുമായി എത്തിയത്.
"ഞാൻ അത് മുഴുവൻ വായിച്ചു. നിങ്ങളുടെ വിശകലനം തെറ്റാണെന്ന് ഞാൻ പറയുന്നില്ല, നിങ്ങൾ പറഞ്ഞതിൽ ഭൂരിഭാഗവും ശരിയായിരുന്നു. ഇതെല്ലാം ഞങ്ങൾക്കും ബോധ്യമുള്ള കാര്യങ്ങളാണെന്ന് വിശ്വസിക്കുക. എന്നാൽ ചില സമയങ്ങളിൽ, ഞങ്ങളുടെ ഭാഗത്തുനിന്ന് കാര്യങ്ങളെല്ലാം ശരിയായി ചെയ്താലും, പുറത്തുനിന്നുള്ള ഘടകങ്ങളോ മറ്റ് സാഹചര്യങ്ങളോ എല്ലാം തലകീഴായി മറിച്ചേക്കാം.
ഒരു സിനിമയുടെ അന്തിമ ഫലത്തെയോ ഉൽപ്പന്നത്തെയോ കുറിച്ച് വിശകലനം ചെയ്യാൻ എളുപ്പമാണ്. എന്നാൽ ഒരു സിനിമ നിർമിക്കാൻ 200 മുതൽ 300 വരെ ആളുകൾ അധ്വാനിക്കുന്നുണ്ട്. അത് ഒരിക്കലും എളുപ്പമുള്ളതോ ലളിതമായതോ ആയ ഒരു കാര്യമല്ല. അതിൽ ഫോർമുലകളോ അക്കാദമിക് സിദ്ധാന്തങ്ങളോ പ്രയോഗിക്കാനും കഴിയില്ല.
ലോക സിനിമയിലെ ഒരു നിർമാണക്കമ്പനിയും അല്ലെങ്കിൽ ഒരു നടനും ബോധപൂർവം തെറ്റുകൾ വരുത്താനോ ഒരു മോശം സിനിമ ഉണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. ജീവിതത്തിൽ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ തന്നെയാണോ എല്ലാ കാര്യങ്ങളും നടന്നിട്ടുള്ളത് ?. അപ്പോൾ ഒരു ആന്തരിക ടീമും നിരവധി ബാഹ്യ ടീമുകളും ചേർന്ന് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അവസ്ഥ ചിന്തിച്ച് നോക്കൂ.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ഞാൻ എപ്പോഴും എന്റെ ടീമിനൊപ്പം ഉറച്ചുനിൽക്കും. ഇതിൽ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ കുറ്റപ്പെടുത്താം".- എന്നായിരുന്നു ദുൽഖർ ആരാധകന് നൽകിയ മറുപടി. സിനിമ നിർമാണം എന്ന പ്രക്രിയയിലെ സങ്കീർണതകളെക്കുറിച്ച് തുറന്നു പറയുകയും അതോടൊപ്പം തന്റെ കൂടെ പ്രവർത്തിച്ചവരെ പൂർണമായി പിന്തുണച്ച് സംസാരിക്കുകയും ചെയ്ത ദുൽഖറിന് കയ്യടിക്കുകയാണ് ആരാധകരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates