

സിനിമയിലൂടെ മാത്രമല്ല, യഥാർഥ ജീവിതത്തിലും രാജ്യത്തോടുള്ള സ്നേഹവും ആത്മാർഥതയും പ്രവർത്തിയിലൂടെ കാണിച്ചു തന്ന അപൂർവം ചില നടൻമാരിലൊരാളായിരുന്നു നാനാ പടേക്കർ. ദേശസ്നേഹം നിറഞ്ഞ കഥാപാത്രങ്ങൾക്കപ്പുറം, കാർഗിൽ മണ്ണിൽ തോക്കേന്തി നിന്ന നാനാ പടേക്കർ ഏതൊരു ഇന്ത്യക്കാരനും എന്നും പ്രചോദനമാണ്.
സൈന്യത്തോടുള്ള സ്നേഹമാണ് നാനയെ കാർഗിൽ യുദ്ധ മുഖത്തേക്ക് എത്തിച്ചത്, അതും കരിയറിന്റെ പീക്കിൽ നിന്ന സമയത്ത്. 1991-ൽ പുറത്തിറങ്ങിയ 'പ്രഹാർ: ദ് ഫൈനൽ അറ്റാക്ക്' എന്ന ചിത്രം ചെയ്യാനായി മറാഠ ലൈറ്റ് ഇൻഫന്ററിയോടൊപ്പം താമസിക്കുകയും നാനാ കഠിനമായ പരിശീലനം നേടുകയും ചെയ്തിരുന്നു. ഈ ചിത്രം സംവിധാനം ചെയ്തതും അദ്ദേഹം തന്നെയാണ്. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് ഏകദേശം മൂന്ന് വർഷത്തോളമാണ് അദ്ദേഹം സൈനികരുമായി ചേർന്ന് ആയുധ പരിശീലനവും കഠിനമായ ഡ്രില്ലുകളും പൂർത്തിയാക്കിയത്.
ഈ പരിശീലനമാണ് പിന്നീട് കാർഗിൽ യുദ്ധകാലത്ത് അദ്ദേഹത്തിന് തുണയായത്. കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സൈന്യത്തിന് പിന്തുണ അറിയിക്കുക മാത്രമല്ല, നേരിട്ട് സേവനമനുഷ്ഠിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് അദ്ദേഹം മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
പ്രതിരോധ മന്ത്രിക്ക് മാത്രമേ അതിനുള്ള അനുമതി നൽകാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. "അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് ജിയെ എനിക്ക് പരിചയമുണ്ടായിരുന്നതു കൊണ്ട് ഞാൻ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹവും ഇത് അസാധ്യമാണെന്നാണ് എന്നോട് പറഞ്ഞത്.
കമ്മീഷൻ ലഭിക്കുന്നതിനുള്ള പരിശീലന കാലാവധി ആറു മാസമാണെങ്കിലും, ഞാൻ മൂന്ന് വർഷം പരിശീലനം നേടിയിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ട് അത്ഭുതപ്പെട്ട അദ്ദേഹം എന്നോട് അതിനെക്കുറിച്ച് ചോദിച്ചു. മറാഠ ലൈറ്റ് ഇൻഫൻട്രിയിലുള്ള എന്റെ അനുഭവത്തെക്കുറിച്ച് ഞാൻ പറഞ്ഞതു കേട്ടപ്പോൾ, 'നിങ്ങൾക്ക് എപ്പോഴാണ് പോകേണ്ടത് ?' എന്ന് അദ്ദേഹം എന്നോട് ചോദിച്ചു."- കോൻ ബനാഗ ക്രോർപതി എന്ന പരിപാടിയിൽ അമിതാഭ് ബച്ചനോട് അദ്ദേഹം മുൻപ് പറഞ്ഞതിങ്ങനെയാണ്.
തുടർന്ന് കാർഗിൽ സംഘർഷ മേഖലയിലേക്ക് യാത്ര തിരിച്ച നാനാ പടേക്കർ, ആഴ്ചകളോളം സൈനികർക്കൊപ്പം ക്യാംപുകളിൽ കഴിഞ്ഞു. ദ്രാസ്, ലേ, ബാരാമുള്ള, സോപോർ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം സൈന്യത്തിന്റെ ഒരു 'ക്വിക്ക് റിയാക്ഷൻ ടീമിൻ്റെ' ഭാഗമായി മാറുകയും ചെയ്തു. 60 ദിവസത്തോളം അദ്ദേഹം യുദ്ധമുഖത്ത് ചെലവഴിച്ചു.
എന്നാൽ താൻ അവിടെ ചെയ്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഒരിക്കലും വലിയ അവകാശവാദങ്ങളോ പരസ്യപ്രചാരണങ്ങളോ നടത്തിയിരുന്നില്ല. ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ താൻ ക്വിക്ക് റിയാക്ഷൻ ടീമിന്റെ ഭാഗമായിരുന്നുവെന്നും സൈനിക ആശുപത്രികളിൽ പരിക്കേറ്റവരെ സഹായിക്കാൻ സമയം കണ്ടെത്തിയെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
യുദ്ധമേഖലയിലെ കഠിനമായ ജീവിത സാഹചര്യം അദ്ദേഹത്തിന്റെ ആരോഗ്യത്തെയും സാരമായി ബാധിച്ചിരുന്നു. ശ്രീഗറിലെത്തുമ്പോൾ 76 കിലോ ഭാരമുണ്ടായിരുന്ന താൻ തിരിച്ചെത്തിയപ്പോൾ 56 കിലോയായി കുറഞ്ഞുവെന്ന് അദ്ദേഹം ഒരിക്കൽ ഓര്‍ത്തെടുത്തിട്ടുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
"ശ്രീനഗറിൽ എത്തിയപ്പോൾ എന്റെ ഭാരം 76 കിലോ ആയിരുന്നു; എന്നാൽ തിരിച്ചെത്തിയപ്പോഴേക്കും അത് 56 കിലോയായി കുറഞ്ഞു. കുറഞ്ഞപക്ഷം, നമുക്ക് രാജ്യത്തിനു വേണ്ടി ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ".- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates