Malayalam Cinema
ഹിസ് ഹൈനസ്സ് അബ്‌ദുള്ള (Malayalam Cinema)വിഡിയോ സ്ക്രീൻഷോട്ട്

'തൂ ബഡി മാഷാ അള്ളാ...' മുതൽ 'റഫ്താര...' വരെ; മലയാള സിനിമയിൽ ഓളം തീർത്ത ഹിന്ദി പാട്ടുകൾ

അത്തരമൊരു പരീക്ഷണമായിരുന്നു മലയാള സിനിമകളിലെ ഹിന്ദി പാട്ടുകൾ.

തനിച്ചിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഉറങ്ങുന്നതിനു മുൻപും ഉണർന്നു കഴിഞ്ഞുമൊക്കെ പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവരുണ്ടാകുമല്ലേ. ചിലർക്ക് മെലഡി ഇഷ്ടമാകുമ്പോൾ മറ്റു ചിലർക്ക് ഫാസ്റ്റ് നമ്പറിനോടായിരിക്കും പ്രിയം. പാട്ടുകളിൽ പരീക്ഷണങ്ങൾ നടത്താറുള്ള ഒരു ഇൻഡസ്ട്രി കൂടിയാണ് മലയാളം.

അത്തരമൊരു പരീക്ഷണമായിരുന്നു മലയാള സിനിമകളിലെ ഹിന്ദി പാട്ടുകൾ. ഹിസ് ഹൈനസ് അബ്ദുള്ള, കാഴ്ച, ലൂസിഫർ, ട്രാൻസ് തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ ഹിന്ദി പാട്ടുകൾ കടന്നു വന്നിട്ടുണ്ട്. മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന ആ ഹിന്ദി പാട്ടുകളിലൂടെ.

1. തൂ ബഡി മാഷാ അള്ളാ...

His Highness Abdullah
ഹിസ് ഹൈനസ്സ് അബ്‌ദുള്ളവിഡിയോ സ്ക്രീൻഷോട്ട്

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ഗൗതമി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ഹിസ് ഹൈനസ്സ് അബ്‌ദുള്ള. പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ നിർമിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. ലോഹിതദാസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. ചിത്രത്തിലെ പാട്ടുകളെല്ലാം ജനപ്രിയമായി മാറി. രവീന്ദ്രൻ മാസ്റ്റർ ആയിരുന്നു സം​ഗീതമൊരുക്കിയത്. മോഹൻ സിതാര ആണ് പശ്ചാത്തല സം​ഗീതമൊരുക്കിയത്. കൈതപ്രത്തിന്റേതായിരുന്നു വരികൾ. ചിത്രത്തിലെ തൂ ബഡി മാഷാ അള്ളാ... എന്ന ഹിന്ദി പാട്ടിന് ഇന്നും ആരാധകരേറെയാണ്. മധുവാണ് ഈ പാട്ടിന് വരികളൊരുക്കിയത്. യേശുദാസ് ആണ് ​ഗാനം ആലപിച്ചത്.

2. ബാവ്‌രാ മൻ ദേഖ്നേ...

Mayaanadhi
മായാനദി വിഡിയോ സ്ക്രീൻഷോട്ട്

ബാവ്‌രാ മൻ ദേഖ്നേ ചലാ ഏക് സപ്നാ...ഈ ഹിന്ദി വരികൾക്കു പിന്നാലെയായിരുന്നു ഒരിടയ്ക്ക് മലയാളികൾ മുഴുവൻ. 2005 പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിലെ വരികൾ തേടി മലയാളികൾ അലഞ്ഞതിന് പിന്നിൽ ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രമായിരുന്നു. വൈൻ കുപ്പി കുത്തിത്തുറന്ന് മൂന്നു കൂട്ടുകാരികളും കൂടി വൈൻ അടിച്ച് തകർന്നിരിക്കുന്ന സന്ദർഭത്തിൽ, ബാൽക്കണിയിൽ നിലത്തിരുന്നു പാടുന്ന ഹിന്ദി പാട്ടാണിത്.

സുധീർ മിശ്ര സംവിധാനം ചെയ്ത ഹസാരോം ഖ്വായിഷേം ഐസി എന്ന സിനിമയിലെ മനോഹരമായ ഗാനമാണിത്. വരികളെഴുതിയതും പാടിയതും സ്വാനന്ദ് കിർകിറേ. സംഗീത സംവിധാനം ശന്തനു മോയ്ത്രയാണ്. 2005 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 70 കളിലെ അടിയന്തരാവസ്ഥ കാലവും മാറുന്ന രാഷ്ട്രീയ സാഹചര്യവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മായാനദിയിൽ ദർശന രാജേന്ദ്രൻ ആണ് ഈ പാട്ട് കവർ സോങ് ആയി പാടിയത്.

3. ജു​ഗ്‌നൂരേ ജു​ഗ്‌നൂരേ...

Kazhcha
കാഴ്ചവിഡിയോ സ്ക്രീൻഷോട്ട്

തികച്ചും വ്യത്യസ്തമായ പ്രമേയം കൊണ്ട് മലയാളികളുടെ മനം കവർന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ ബ്ലെസി ചിത്രം കാഴ്ച. ഗുജറാത്ത് ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു ബാലന്റെ കഥയാണ് ചിത്രം പറഞ്ഞത്. ഒരു വൻ‌ദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്. മോഹൻ സിതാര ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. ജു​ഗ്‌നൂരേ... എന്ന ​ഗാനത്തിന് വരികളൊരുക്കിയത് കെ ജെ സിങ് ആണ്. അൻവർ സാദത്ത് ആണ് ​ഗാനം ആലപിച്ചത്.

4. സാജ്ൻ ആവോണി...

Oru Indian Pranayakadha
ഒരു ഇന്ത്യൻ പ്രണയകഥവിഡിയോ സ്ക്രീൻഷോട്ട്

രാജസ്ഥാന്റെ പ്രകൃതി സൗന്ദര്യവും മെഹന്ദി ഡാൻസും വിദ്യാസാഗറിന്റെ സംഗീതവും എല്ലാം ചേർന്ന് സാജ്ൻ ആവോണി...എന്ന ഗാനത്തെ മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ചു. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത്, 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു ഇന്ത്യൻ പ്രണയകഥ. ഫഹദ് ഫാസിൽ, അമല പോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. വിദ്യാസാ​ഗർ ആയിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്. റഫീക്ക് അഹമ്മദ് ആണ് ​ഗാനങ്ങൾക്ക് വരികളൊരുക്കിയത്. സാജ്ൻ ആവോണി... എന്ന ​ഗാനമൊരുക്കിയത് റിതിക ഭട്ടാചാര്യ ആണ്. ശ്വേത മോഹൻ, ഹരീഷ്, മാനസി എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

5. റഫ്താര...

Lucifer
ലൂസിഫർവിഡിയോ സ്ക്രീൻഷോട്ട്

ബോളിവുഡ് ഐറ്റം നമ്പറിനെ വെല്ലുന്ന പാട്ടായിരുന്നു ലൂസിഫറിലെ റഫ്താര...എന്ന ​ഗാനം. ജ്യോത്സന ആണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവിന്റേതായിരുന്നു സം​ഗീതം. തനിഷ്ക് നഭർ ആണ് പാട്ടിന് വരികളൊരുക്കിയത്. മലയാള സിനിമയിൽ ബോളിവുഡ് ശബ്ദങ്ങളെ ആശ്രയിക്കുന്നതെന്തിനെന്ന് ഉറക്കെ ചോദിപ്പിച്ച ഗാനം കൂടിയായിരുന്നു ഇത്.

Summary

Cinema News: Hindi songs in Malayalam movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com