മലയാള സിനിമ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബെസ്സിയുടെ ആടുജീവിതം. ചിത്രത്തിനുവേണ്ടി വൻ മേക്കോവറാണ് നടൻ പൃഥ്വിരാജ് നടത്തിയത്. ഇപ്പോൾ സിനിമ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. നാലരവര്‍ഷം നീണ്ട ചിത്രീകരണത്തിന് ഈ മാസം സമാപനമാകും. ഫൈനല്‍ ഷെഡ്യൂള്‍ റാന്നിയില്‍ ആരംഭിച്ചു.
ഷൂട്ടിങ്ങിനായി പൃഥ്വിരാജ് പത്തനംതിട്ടയിൽ എത്തി. രണ്ടു ദിവസത്തെ പാച്ച് വര്‍ക്കുകള്‍ കൂടിയാണ് അവശേഷിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അവസാന ഷെഡ്യൂളിൽ ജയില്‍ രംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. ഇതിനായി ജയിലിന്റെ സെറ്റ് വര്‍ക്കുകളും പൂര്‍ത്തിയായിട്ടുണ്ട്.
മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകൾ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല.160 ലേറെ ദിവസങ്ങളാണ് ഷൂട്ടിങ്ങിനായി വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളമെടുത്തു. 2018 ഫെബ്രുവരിയിലാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പത്തനംതിട്ടയിലായിരുന്നു തുടക്കവും. പിന്നീട് പാലക്കാട്ട് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. അവിടെ 30 ദിവസത്തോളം വര്‍ക്കുണ്ടായിരുന്നു.
പിന്നീട് 2020 ലാണ് ജോര്‍ദ്ദാനിലെത്തുന്നത്. അത്തവണ അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനില്‍ കുടുങ്ങി കിടക്കേണ്ടിവന്നു. പിന്നീട് ഒരു വർഷം കോവിഡ് കാരണം ഷൂട്ടിങ് നടന്നില്ല. അതിനിടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടായിരുന്നു. 2022 മാര്‍ച്ച് പതിനാറിന് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് നിര്‍ത്തിവെച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്‍പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. സംഘം തിരിച്ചു നാട്ടിൽ എത്തിയതിനു പിന്നാലെയാണ് ഫൈനൽ ഷൂട്ടിന് ആരംഭമായത്.
ബ്ലെസ്സിയുടെ സ്വപ്നചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്തമായ നോവലിന്റെ സിനിമ ആവിഷ്കാരമാണിത്. വൻ ടീമാണ് ചിത്രത്തിനായി അണിനിരക്കുന്നത്. റഹ്മാനാണ് ചിത്രത്തിന് ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് അമ്പരപ്പിക്കുന്ന മേക്കോവറാണ് നടത്തിയത്. 30 കിലോയിൽ അധികം ഭാരമാണ് താരം കുറച്ചത്. ഷൂട്ടിങ് നീണ്ടുപോയതിനെത്തുടർന്നു രണ്ടു തവണയായി താരത്തിന് ഇത്തരത്തിൽ ഭാരം കുറയ്ക്കേണ്ടിവന്നു. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates