മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍. പ്രിയതാരത്തിന് ആശംസകളുമായി സിനിമാ ലോകവും ആരാധകരുമെത്തുകയാണ്. പുതിയ സിനിമകളുടെ അപ്പ്‌ഡേറ്റുകളുമായി മമ്മൂട്ടിയും ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനം കൈമാറുന്നുണ്ട്. മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സന്തതസഹചാരിയായ ജോര്‍ജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിഴല്‍ പോലെ മമ്മൂട്ടിയ്‌ക്കൊപ്പമുണ്ട് ജോര്‍ജ്. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധമാണ് മമ്മൂട്ടിയുമായുള്ളതെന്നാണ് ജോര്‍ജ് പറയുന്നത്. തന്റെ ജീവിതത്തിലേക്ക് മമ്മൂട്ടിയെ കൊണ്ടു വന്ന ബന്ധത്തിന് ഒരുപാട് നന്ദിയുണ്ടെന്നും ജോര്‍ജ് പറയുന്നു. ആ വാക്കുകളിലേക്ക്:
35 വര്‍ഷങ്ങള്‍. ഹൃദയത്തില്‍ പതിഞ്ഞ ഒരു യാത്ര. ജന്മദിനാശംസകള്‍, എന്റെ പ്രിയപ്പെട്ട മമ്മൂക്ക. 35 വര്‍ഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു.
മമ്മൂക്കാ, ഈ വര്‍ഷങ്ങള്‍ക്കിടയില്‍ നിങ്ങള്‍ എനിക്ക് ഒരു സഹപ്രവര്‍ത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരാളാണ്.
ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവെച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയര്‍ച്ചകളും താഴ്ചകളും... 35 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് ഓര്‍മ്മകള്‍, അതില്‍ പലതും വാക്കുകളിലൂടെ പറയാന്‍ കഴിയാത്തത്ര വിലപ്പെട്ടതാണ്. എന്റെ ജീവിതത്തിലേക്ക് നിങ്ങളെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ട്.
നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തില്‍ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാന്‍ കാണുന്നു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നമ്മള്‍ ഒരുമിച്ച്, ഒരുപാട് ഓര്‍മ്മകള്‍ കൂടി ഉണ്ടാക്കണം... ഈ സ്‌നേഹവും ബന്ധവും ഇതുപോലെ തന്നെ എന്നും നിലനില്‍ക്കണം. ജന്മദിനാശംസകള്‍, മമ്മൂക്കാ. എന്നും സ്‌നേഹത്തോടെ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates