ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ സിരീസാണ് മണി ഹെയ്സ്റ്റ്. 'ലാ കാസ ഡേ പാപ്പല്‍' എന്ന സ്പാനിഷ് സിരീസിലെ പ്രൊഫസറും കഥാപാത്രങ്ങളും ആരാധകർക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. ഇതിനോടകം നാല് സീസണുകൾ പൂർത്തിയായ സിരീസിന്റെ അഞ്ചാമത്തെയും അവസാനത്തേയും സീസൺ അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോൾ അവസാന രംഗവും പൂർത്തിയാക്കി മണിഹെയ്സ്റ്റിനോട് വിടപറഞ്ഞിരിക്കുകയാണ് പ്രധാന കഥാപാത്രമായ പ്രൊഫസർ.
സെര്‍ജിയോ മര്‍ക്വീന എന്ന പ്രൊഫസറെ അവതരിപ്പിച്ചത് അല്‍വരൊ മോര്‍ത്തെ എന്ന നടനാണ്. മണി ഹെയ്സ്റ്റിലെ തന്‍റെ അവസാന രംഗത്തിന്‍റെ ചിത്രീകരണവും പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്നതിന്‍റെ ലഘു വീഡിയോ ആണ് മോര്‍ത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സെറ്റില്‍ നിന്നും തന്‍റെ കാറോടിച്ച് പോകുന്ന മോര്‍ത്തെ വീഡിയോയില്‍ ഒന്നും പറയുന്നില്ല. മറിച്ച് കാറിന്‍റെ വിന്‍ഡോ ഗ്ലാസിലൂടെ സെറ്റിലേക്ക് നോക്കുന്നതും തിരിഞ്ഞ് പ്രേക്ഷകരെ നോക്കി പുഞ്ചിരിക്കുകയുമാണ്. വിഡിയോയ്ക്കൊപ്പം പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും താരം പങ്കുവെച്ചു.
"മണി ഹെയ്സ്റ്റിന്റെ സെറ്റിനോട് അവസാനമായി വിട ചൊല്ലുമ്പോള്‍ വാക്കുകള്‍ അനാവശ്യമാണ്. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട്. ആരാധകരോട് (വിശേഷിച്ചും ഏറ്റവും ആദ്യം ഉണ്ടായിരുന്നവരോട്), വാന്‍കൂവര്‍ മീഡിയ പ്രൊഡക്ഷന്‍സിനോടും നെറ്റ്ഫ്ളിക്സിനോടും പിന്നെ നിങ്ങളോടും, പ്രിയപ്പെട്ട പ്രൊഫസര്‍. നിങ്ങളോടൊപ്പമുള്ള ആ നല്ല നിമിഷങ്ങള്‍ ഞാന്‍ മിസ് ചെയ്യും, നന്ദി- മോർത്തെ പറഞ്ഞു. വികാരഭരിതമായാണ് ആരാധകരുടെ പ്രതികരണം. പ്രൊഫസർക്ക് വിടചൊല്ലിക്കൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
സ്‍പാനിഷ് നെറ്റ്‍വര്‍ക്ക് ആയ ആന്‍റിന 3യില്‍ 15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയാണ് ആദ്യം എത്തിയത്. എന്നാൽ വൻ പ്രേക്ഷക ശ്രദ്ധ നേടിയതോടെ സിരീസിന്റെ അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കുകയായിരുന്നു. സിരീസിന്റെ നാല് സീസണുകളും ഹിറ്റാണ്. അവസാന സീസൺ ഈ വർഷം തന്നെ പ്രേക്ഷകരിലേക്ക് എത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates