

കൽക്കി 2 വിൽ നിന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയത് ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. കൽക്കിയുടെ നിർമാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. എന്നാൽ ദീപികയെ ചിത്രത്തിൽ നിന്നൊഴിവാക്കാൻ നിരവധി കാരണങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രഭാസ് നായകനായെത്തിയ ചിത്രത്തിൽ ദീപികയെ കൂടാതെ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മാത്രമല്ല, മൃണാൽ താക്കൂർ, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തി. കൽക്കി 2 വിന്റെ പണിപ്പുരയിലാണിപ്പോൾ അണിയറപ്രവർത്തകർ.
ഇപ്പോഴിതാ ദീപികയെ ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തേതിൽ നിന്നും 25 ശതമാനം ദീപിക പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും ഒരു ദിവസം ഏഴ് മണിക്കൂർ മാത്രമേ അവർ ജോലി ചെയ്യുകയുള്ളൂവെന്നും അണിയറപ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാത്രവുമല്ല, ഹെവി വിഎഫ്എക്സ് ആവശ്യമുള്ള സിനിമ കൂടിയാണ് കൽക്കി. ഇത്തരത്തിലുള്ള ചെറിയ ഷോട്ടുകൾ സിനിമയുടെ ബജറ്റ് കൂടാൻ കാരണമാകും. വിശ്രമിക്കാനായി ആഢംബര കാരവൻ നൽകാമെന്നും കൂടുതൽ സമയം ഷൂട്ടിങ്ങിനായി ചെലവഴിക്കണമെന്നും നിർമാതാക്കൾ ദീപികയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടി ഇത് നിരസിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏകദേശം 25 പേരടങ്ങുന്ന വലിയൊരു സംഘമാണ് ദീപികയ്ക്കൊപ്പം ഷൂട്ടിങ്ങിനായി എത്തുക. ഇവരുടെ താമസവും ഭക്ഷണവും നിർമാതാക്കൾ ഒരുക്കണമെന്ന് നടി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. ഒരു അഭിനേതാവിന്റെ താമസത്തിനും ഭക്ഷണത്തിനും വേണ്ടി നിർമാതാക്കൾ എന്തിനാണ് ഫീസ് കൂടാതെ പണം ചെലവഴിക്കേണ്ടത്? ബോളിവുഡിലെ പല നിർമാതാക്കളും ഈ പ്രശ്നം നേരിടുന്നുണ്ടെന്ന് കൽക്കി സിനിമയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് വിവിധ റിപ്പോർട്ടുകൾ പറയുന്നു.
‘‘കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ല.
കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ നേരുന്നു.’’- എന്നാണ് വൈജയന്തി മൂവിസ് അറിയിച്ചത്. കൽക്കി ടീമിന് ഇത് വലിയൊരു നഷ്ടമായിരിക്കും, ആരാണ് ഇനി ആ കഥാപാത്രം ചെയ്യുക, ആലിയ ചെയ്താൽ നന്നായിരിക്കും എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates