മോഹൻലാലിന്റെ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ അണിയറദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ലാഫ്സ് ഓൺ സെറ്റ് എന്ന പേരിലാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. ഷൂട്ടിങ് വേളയിലെ ചിരി നിറഞ്ഞ നിമിഷങ്ങളാണ് വിഡിയോയിലുള്ളത്.
മോഹൻലാൽ, മാളവിക മോഹനൻ, സംഗീത് പ്രതാപ്, സംഗീത, ലാലു അലക്സ്, ജനാർദനൻ, ബാബുരാജ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവരെയെല്ലാം വിഡിയോയിൽ കാണാം. നേരത്തേ പുറത്തുവന്ന ടീസറിലെ അതേ ഗാനം തന്നെയാണ് പുതിയ വിഡിയോയുടെ പശ്ചാത്തലത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
സെറ്റിലേക്ക് മോഹൻലാൽ പെട്ടന്ന് കേറി വരുന്നതും. ജനാർദ്ദനൻ ഞെട്ടിക്കൊണ്ട് അയ്യോ എന്ന് പറയുന്നതും പിന്നീട് ആ ഞെട്ടൽ ചിരി ആയി മാറുന്നതും വിഡിയോയിൽ കാണാം. 'മോഹൻലാൽ ചിരിച്ചാൽ അവിടമൊരു ലൈറ്റ് ഹൗസ് ആയിരിക്കും' എന്നാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.
'നല്ലൊരു ഫീൽ ഗുഡ് ഹിറ്റ് മണക്കുന്നുണ്ട്', 'ഹൃദയം നിറയും' എന്നൊക്കെയും കമന്റ് ചെയ്യുന്നവർ കുറവല്ല. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദൃശ്യം എത്തിയിരിക്കുന്നത്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവ്വമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു.
അഖിൽ സത്യൻ്റേതാണ് കഥ. നവാഗതനായ ടിപി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ ആണ് സംഗീത സംവിധാനം ഒരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates