

മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. ആദ്യം ചിരിപ്പിച്ചും പിന്നീട് കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയ നടന്‍. കേരളത്തിന്റേയും മലയാളത്തിന്റേയും അഭിമാനം രാജ്യത്തിന് പുറത്തും ഉയര്‍ത്തിപ്പിടിച്ച പ്രതിഭ. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് പുറമെ ദേശീയ-രാജ്യാന്തര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഹോം എന്ന ചിത്രത്തിലൂടെയാണ് 2023 ദേശീയ പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സിനെ തേടി പ്രത്യേക പരാമര്‍ശമെത്തുന്നത്. വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാണഷല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹം നേടിയിരുന്നു. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും വെയില്‍ മരങ്ങള്‍ പുരസ്‌കാരം നേടി.
അവാര്‍ഡുകള്‍ വാങ്ങുമ്പോഴുണ്ടായിരുന്നു മാനസികവാസ്ഥ ഓര്‍ത്തെടുക്കുകയാണ് ഇന്ദ്രന്‍സ്. സിനിഗ്രാം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് മനസ് തുറന്നത്. ദേശീയ അവാര്‍ഡ് വാങ്ങാന്‍ നേരം കൈ വിറച്ചുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
''അതിന് മുമ്പ് തന്നെ വിറച്ചു. സ്റ്റെപ്പൊക്കെ രണ്ട് കാലും ഒരുമിച്ച് വച്ചൊക്കെയാണ് കയറിയാണ്. നമ്മള്‍ മോഹിക്കുമെങ്കിലും ചെന്നെത്താന്‍ പറ്റുമ്പോള്‍ സ്വപ്‌നം പോലെ അത് കുറേക്കാലം നില്‍ക്കും. അവര്‍ക്ക് വല്ല അബദ്ധം പറ്റിയതാണോ, പേര് മാറിപ്പോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു'' ഇന്ദ്രന്‍സ് പറയുന്നു.
''സിംഗപ്പൂരില്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് വാങ്ങിയപ്പോഴും ചൈനയില്‍ പോയപ്പോഴുമൊക്കെ നമ്മള്‍ വേറെ ആളാണ്. ഞാന്‍ അല്ല അത്. സിംഗപ്പൂര്‍ പോകുമ്പോള്‍ അവിടെയുള്ളത് വന്‍ പടങ്ങളാണ്. ഡോക്ടറുടെ കൂടെ നില്‍ക്കുകയാണ്, ഡോക്ടര്‍ക്ക് അവിടെ വലിയ സ്വീകാര്യതയാണ്. അത്രയും രാജ്യങ്ങളില്‍ നിന്നുമുള്ള പടങ്ങളില്‍ നിന്നും നമ്മളാണ് മികച്ച നടനെന്ന് പ്രഖ്യാപിക്കുമ്പോള്‍ ചെവിയൊന്ന് തിരുമിയിട്ട് ഒന്നു കൂടെ കേള്‍ക്കും. എന്തോ ഒരു ദൈവാനുഗ്രഹം. ചേട്ടനാണ്, നമ്മുടെ പടമാണെന്ന് അടുത്ത് നില്‍ക്കുന്നവര്‍ പറഞ്ഞു തരികയായിരുന്നു'' എന്നും അദ്ദേഹം പറയുന്നു.
അതേസമയം അനന്തന്‍ കാട് ആണ് ഇന്ദ്രന്‍സിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കറുപ്പിലൂടെ തമിഴിലും കയ്യടി നേടിയിരുന്നു. പൃഥ്വിരാജ് നായകനായ ഖലീഫയാണ് ഇന്ദ്രന്‍സിന്റേതായി അണിയറയിലുള്ള സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates