ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലൂടെ ഗായകൻ യേശുദാസ് പിന്നണി ഗാനരംഗത്തേക്ക് തിരിച്ചെത്തിയത്. പ്രിയഗായകന്റെ ശബ്ദത്തിൽ പിറന്ന ഗാനം ആരാധകർ ഏറ്റെടുത്തു. ഇതിനിടെ യേശുദാസിനെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കമന്റിട്ട ആൾക്ക് നാദിർഷ നൽകിയ മറുപടിയാണ് വൈറലാവുന്നത്. യേശുദാസ് അവസരം ഇല്ലാതെ ഇരിക്കുകയാണ് എന്നായിരുന്നു കമന്റ്.
ആക്ഷേപ കമന്റ് നാദിർഷയുടെ പോസ്റ്റിന് താഴെ
പാട്ടിന്റെ മേക്കിങ് വിഡിയോ പങ്കുവച്ചുകൊണ്ടുള്ള നാദിർഷയുടെ പോസ്റ്റിന് താഴെയാണ് കമന്റ് വന്നത്. ‘എനിക്ക് 16 വയസ്സുള്ളപ്പോൾ മരണപ്പെട്ടുപോയ എന്റെ ബാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ദാസേട്ടനോടൊപ്പം മകനായ എന്നെ നിർത്തി ഒരു ഫോട്ടോ ആയിരുന്നു. ആ ദാസേട്ടൻ, എന്റെ സംഗീതത്തിൽ എനിക്കു വേണ്ടി പാടിയ മൂന്നാമത്തെ ഗാനം 'കേശു ഈ വീടിന്റെ നാഥൻ 'എന്ന സിനിമയ്ക്കു വേണ്ടി. ദൈവം വലിയവനാണ്. പ്രിയപ്പെട്ട ദാസേട്ടന് നന്ദി’. എന്ന കുറിപ്പിലാണ് നാദിർഷ വിഡിയോ പങ്കുവച്ചത്.
വിമർശനവുമായി ആരാധകരും
അതിനു പിന്നാലെയാണ് നൗഷാദ് എന്ന ആൾ യേശുദാസിനെ ആക്ഷേപിച്ചുള്ള കമന്റുമായി എത്തി. ‘ഒരു മനോഹര ഗാനം നല്‍കിയതിന് ദാസേട്ടന്‍ താങ്കളോടല്ലേ നന്ദി പറയേണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല’ എന്നായിരുന്നു കമന്റ്. തൊട്ടുപിന്നാലെ കമന്റിനുള്ള മറുപടിയുമായി നാദിർഷ എത്തി. ‘താങ്കളുടെ ഈ വാക്കുകള്‍ക്ക്, താങ്കള്‍ക്കു വേണ്ടി ഞാന്‍ എന്റെ പ്രിയപ്പെട്ട ദാസേട്ടനോടു മാപ്പ് ചോദിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്. നിരവധി യേശുദാസ് ആരാധകരും കമന്റിനെതിരെ രംഗത്തെത്തി. ചിത്രത്തിനു വേണ്ടി ‘പുന്നാരപ്പൂങ്കാട്ടിൽ’ എന്നു തുടങ്ങുന്ന പാട്ടാണ് കെ.ജെ.യേശുദാസ് ആലപിച്ചത്. സുജേഷ് ഹരി വരികൾ കുറിച്ച പാട്ടിന് നാദിർഷയാണ് ഈണമൊരുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates