

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഷറഫുദ്ദീൻ – സംഗീത് പ്രതാപ് കോമ്പോ ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’ ഒടിടിയിലും ഗംഭീര അഭിപ്രായമാണ് നേടുന്നത്. മനോരമ മാക്സിലൂടെയാണ് ഒടിടിയിൽ ചിത്രം സ്ട്രീം ചെയ്യുന്നത്. സ്ട്രീമിങ് ആരംഭിച്ച് ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 15 മില്യൺ മിനിറ്റ് വാച്ച് ടൈം ക്രോസ് ചെയ്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിൽ ചിത്രം കാണാനാകും. ഒടിടിയിലെത്തിയ ചിത്രത്തിന് വിവിധ ഭാഷകളിലെ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് ഈ നേട്ടം അടയാളപ്പെടുത്തുന്നത്.
വ്യത്യസ്തമായ പ്രമേയവും നർമമുഹൂർത്തങ്ങളും കോർത്തിണക്കിയ കോമഡി ത്രില്ലറാണ് ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’. സംഗീത് പ്രതാപ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കോമയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന നായകന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതും തുടർന്ന് ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൗതുകകരമായ കഥാപശ്ചാത്തലവും ഹാസ്യരംഗങ്ങളും ചേർന്ന് പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ ഭാർഗവനാണ് നായിക. നടി നിലീൻ സാന്ദ്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഡോ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. പോൾ വർഗീസും സുജിത് ജെ. നായരും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ സേവ്യർ ഛായാഗ്രഹണവും രാകേഷ് ചെറുമടം എഡിറ്റിങ്ങും നിർവഹിക്കുന്നു. മുജീബ് മജീദാണ് സംഗീതസംവിധായകൻ. നിക്സൺ ജോർജ് സൗണ്ട് ഡിസൈനറാണ്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates