മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സേതുരാമയ്യർ സിബിഐ. സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇപ്പോൾ മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാർത്ത എത്തുകയാണ്. മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ് ജഗതിയെ സിനിമയുടെ ഭാഗമാക്കുന്നത്.
കയ്യടി നേടിയ സിബിഐ വിക്രം
ആദ്യ ഭാഗം മുതൽ തന്നെ ജഗതി സിബിഐ കഥയുടെ ഭാഗമാണ്. സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ഹാസ്യത്തിനൊപ്പം ആക്ഷനും പ്രധാന്യം നൽകിക്കൊണ്ടുള്ള ഈ കഥാപാത്രത്തെ ജഗതിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയ വേഷങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ജഗതിയുടെ കഥാപാത്രത്തെ എന്നും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അതിനാൽ സിബിഐയുടെ പുതിയ ഭാഗത്തിലും ജഗതിയുടെ സാന്നിദ്ധ്യമുണ്ടാകണമെന്നത് മമ്മൂട്ടി ഉൾപ്പെടെയുള്ളവരുടെ നിർബന്ധമായിരുന്നു.
അണിയറ പ്രവർത്തകർ ജഗതിയുടെ കുടുംബവുമായി ബന്ധപ്പെട്ടതും ജഗതിയെ സി.ബി.ഐ 5ൽ അഭിനയിപ്പിക്കാനുള്ള അനുവാദം വാങ്ങി. ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സിബിഐ 5ൽ അദ്ദേഹം അഭിനയിക്കുന്ന രംഗങ്ങൾ തിരുവനന്തപുരത്ത് പേയാടുള്ള അദ്ദേഹത്തിന്റെ വസതിയിൽത്തന്നെ ചിത്രീകരിക്കാനാണ് തീരുമാനം. 2012 ൽ നടന്ന ഒരു വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്നാണ് ജഗതി അഭിനയ രംഗത്ത് നിന്നുവിട്ടുനിന്നത്. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞവർഷം ഒരു പരസ്യചിത്രത്തിലും സിനിമയിലും അഭിനയിച്ചിരുന്നു. ഈ ചിത്രം റിലീസ് ചെയ്തിട്ടില്ല.
1988 ൽ തുടങ്ങിയ സിബിഐ കഥ
എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ കഴിഞ്ഞ ദിവമാണ് മമ്മൂട്ടി ജോയിൻ ചെയ്തത്. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 1988ലാണ് മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്. പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് അഞ്ചാം ഭാഗത്തിലെന്നാണ് റിപ്പോർട്ടുകൾ. മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates