

കളങ്കാവൽ എന്ന ആദ്യ ചിത്രത്തിലൂടെ സംവിധാന രംഗത്ത് ശ്രദ്ധനേടിയ ജിതിൻ കെ ജോസിന്റെ അടുത്ത ചിത്രം മായന്റെ ട്രെയിലർ പുറത്തിറങ്ങി. സത്യവും മിഥ്യയും കോർത്തിണക്കി, വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്.
കേരളത്തിലെ പുരാതനമായ ചില ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന കറുത്തച്ചനൂട്ട് എന്ന ദുർമന്ത്രവാദ ആചാരവും ചിത്രത്തിന്റെ പ്രമേയത്തിന്റെ പ്രധാന ഘടകമാണെന്ന് പറയപ്പെടുന്നു. ജയസൂര്യ നായകനായെത്തുന്ന ചിത്രം ഡിസംബർ 3 ന് പ്രദർശനത്തിനെത്തും.
ചില അദൃശ്യ ശക്തികളുടെ സ്വാധീനവും, ദുരൂഹതകളുമാണ് ട്രെയിലർ ചിത്രത്തെക്കുറിച്ചു നൽകുന്ന സൂചനകൾ. ഹൊററും, ആക്ഷനും, വയലൻസും, ഇമോഷണൽ ഡ്രാമയുമൊക്കെ കോർത്തിണക്കിയ ഫാന്റസി ഹൊറർ ത്രില്ലറായിരിക്കും ചിത്രം. ജയസൂര്യയ്ക്കു പുറമേ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകൻ ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം - ഫൈസൽ അലി, എഡിറ്റിംഗ് - പ്രവീൺ കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രോഹിത് ആർ നായർ, കലാ സംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - അമൽ ചന്ദൻ, കോസ്റ്റ്യും ഡിസൈൻ - സമീരാ സനീഷ്, സ്റ്റിൽസ് - സിനറ്റ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വി ബോസ്, പ്രൊഡക്ഷൻ മാനേജർ - പീറ്റർ അർത്തുങ്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - എബി ബെന്നി, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ - കിരൺ കാന്ത്