

ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരതയെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ജിനോ ജോണ്‍. കെ.എസ്.യു നേതാവിന്റെ കഥ സിനിമയ്ക്കായി എസ്എഫ്‌ഐക്കാരന്റേതാക്കി മാറ്റിയതാണെന്ന രൂപേഷ് പീതാംബരന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുകയാണ് ജിനോ ജോണ്‍. തന്റെ ജീവിതത്തിലെ സംഭവമാണ് സിനിമയാക്കിയതെന്നാണ് ജിനോ പറയുന്നത്. ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ജിനോ ജോണ്‍.
മഹാരാജാസിലെ കെ.എസ്.യു നേതാവായിരുന്നു ജിനോ ജോണ്‍. മൂന്ന് പതിറ്റാണ്ടിന് ശേഷം ചെയര്‍മാന്‍ സ്ഥാനം തിരിച്ചുപിടിച്ചത് ജിനോ ആയിരുന്നു. പിന്നാലെ തന്നെ കെഎസ് യു പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തി ആഹ്ളാദ പ്രകടനം നടത്തുന്നതിന്റെ ചിത്രവും ജിനോ പങ്കുവച്ചിട്ടുണ്ട്. രൂപേഷ് പീതാംബരന്‍ പറയുന്നതാണ് സത്യം. ടോം ഇമ്മട്ടി പറയുന്നത് നുണയാണ്. ടോം ഇമ്മട്ടി നുണ പറയുന്നത് ശുദ്ധ പോക്രിത്തരമാണെന്നും ജിനോ ജോണ്‍ പറയുന്നു. ജിനോ ജോണിന്റെ കുറിപ്പിലേക്ക്:
ടോം ഇമ്മട്ടി പറഞ്ഞ കെ.എസ്.യുവിന്റെ ചെഗുവേര..!
രൂപേഷ് പീതാംബരന്‍ പറഞ്ഞതിലാണ് ശെരി. എന്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറഞ്ഞതിലാണ് നുണ. ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമക്ക് കാരണമായത് 2010 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ കെ.എസ്.യു ചെയര്‍മാനായ എന്റെ ജീവിത കഥയാണ്. സിനിമ ഇറങ്ങി 8 വര്‍ഷത്തിനിപ്പുറം രൂപേഷ് പീതാംബരന്‍ പറഞ്ഞതിലാണ് ശരി. രുപേഷ് പീതാംബരന്‍ പറഞ്ഞത് നുണയാണെന്ന് പറയുന്ന സിനിമയുടെ സംവിധായകന്‍, എന്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറയുന്നതിലാണ് നുണയുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കാര്യം പറഞ്ഞ് എറണകുളം മഹാരാജാസ് കോളേജിന്റെ മുന്നില്‍ വന്ന് എന്നെ നേരില്‍ കണ്ട ടോം ഇമ്മട്ടിയുടെ അന്നത്തെ മുഖവും, പിന്നീട് സിനിമ ഇറങ്ങി കഴിഞ്ഞാല്‍ സിനിമക്ക് കാരണമായ എന്റെ യഥാര്‍ത്ഥ കഥയെ കുറിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്യുമെന്ന് പറഞ്ഞ ടോം ഇമ്മട്ടിയുടെ വാക്കുകളും ഇന്നും മനസ്സിലുണ്ട്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഞാന്‍ സംവിധാനം ചെയ്യാനുറച്ച് എഴുതി കൊണ്ടിരിക്കുന്ന കാലം.താന്‍ ചെയ്യാന്‍ പോകുന്ന ഒരു മെക്‌സിക്കന്‍ അപാരത സിനിമയിലേക്ക് എന്റെ ജീവിത കഥ എടുത്തോട്ടെയെന്ന് , ടോം വന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ സമ്മതിച്ചു.
എന്റെ സംവിധായകമോഹം ഉള്ളിലൊതുക്കി യാതൊരു സങ്കോചവുംമില്ലാതെ ഞാന്‍ സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം താങ്കള്‍ക്കൊപ്പം നിന്നു.. അന്ന്, ഏറ്റവും അടുത്ത സുഹൃത്ത് രക്ഷപ്പെട്ട് കാണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത്. ഇപ്പോള്‍ തെറ്റായി പോയെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. ആദ്യം കെ.എസ്.യുക്കാരന്‍ ചെയര്‍മാനാകുന്ന റിയല്‍ ലൈഫ് സിനിമാ കഥ, പിന്നീട് സ്വതന്ത്രന്‍ ചെയര്‍മാനാകുന്ന സിനിമാ കഥ, പിന്നീട്, വീണ്ടും കെ.എസ്.യുക്കാരന്‍ ചെയര്‍മാനാകുന്ന സിനിമാക്കഥ, പിന്നീട് പ്രൊഡ്യൂസറെ കിട്ടുന്നില്ലെന്നും പ്രൊജക്ട് ഓണാകുന്നില്ലെന്നും, പടം ഹിറ്റാകാന്‍ വേണ്ടിയാണെന്നും പറഞ്ഞ് എസ്എഫ്ഐക്കാരന്‍ ചെയര്‍മാനാകുന്ന ട്വിസ്റ്റ്ഡ് സിനിമയായി ഇറങ്ങിയ കഥ.
ഇങ്ങനെ നമ്മള്‍ എഴുത്തുമായി എത്ര വര്‍ഷങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. സുഹൃത്തുക്കള്‍ ജീവിതവും പ്രൊഫഷനും രക്ഷപ്പെടാനായി അവരുടെ സിനിമ ജീവിതത്തിന് എന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണമാകാണ്ടെന്നും കരുതി. കെ.എസ്.യു കഥ എസ്എഫ്ഐ ആയി മാറാന്‍ ഞാനും അവസാനം ഓകെ പറഞ്ഞു. പക്ഷെ, ഞാന്‍ കാണിച്ച സുഹൃത്ത് ബന്ധത്തോടുള്ള ആത്മാര്‍ത്ഥത സിനിമ ഇറങ്ങിയപ്പോള്‍ കാണിക്കാന്‍ എന്റെ പ്രിയ സുഹൃത്ത് മറന്നുപോയി. സിനിമക്ക് മുന്‍പ് എന്നോട് പറഞ്ഞതുപോലെ ഒരു മെക്‌സിക്കന്‍ അപാരത സിനിമക്ക് കാരണമായ യഥാര്‍ത്ഥ കഥ, എന്റെ ലൈഫ് സ്റ്റോറിയാണെന്ന കാര്യം പത്രമാധ്യമങ്ങളില്‍ കൊടുക്കുമെന്ന് പറഞ്ഞത് പാഴ്വാക്കായി മാറി.
സിനിമയുടെ വലിയ വിജയത്തില്‍ മതി മറന്ന് നിന്നപ്പോള്‍, ആ സിനിമ നടക്കാനും വലിയ വിജയത്തിനും കാരണക്കാരനായ എന്നെ അദ്ദേഹം വിസ്മരിച്ചു പോയി. ആ മറവിക്ക് ഞാന്‍ കൊടുക്കേണ്ടി വന്ന വിലയെന്താണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല.. ഇത്രയും വര്‍ഷം ടോം ഇമ്മട്ടി പറയുമെന്ന് ഞാന്‍ ആഗ്രഹിച്ച കാര്യം, അതില്‍ അഭിനയിച്ച രുപേഷ് പീതാംബരാനാണ് ഇപ്പോള്‍ പറഞ്ഞത്. അതിനെ നുണയാക്കി മാറ്റിയ സംവിധായകന്‍ ടോം ഇമ്മട്ടിയാണ് ഇപ്പോള്‍ നുണ പറയുന്നത്. അത് ആരെ തൃപ്തിപ്പെടുത്താനാണെങ്കിലും അത് ശുദ്ധ പോക്കിരിത്തരമാണ്. ഏറ്റവും വലിയ തെളിവ് ഞാനായി ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലം. കാലം മായ്ക്കാത്ത ചരിത്രമായി മഹാരാജാസിലെ കെ.എസ്.യുവിന്റെ വിജയം നിലനില്‍ക്കുന്നിടത്തോളം കാലം. സത്യത്തെ നുണയാക്കി മാറ്റാന്‍ കുറച്ച് പാടുപെടുമെന്ന് ഞാനും ടോമിനെ ഓര്‍മ്മിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates