

ദുബായ് മാളികള്‍ കറങ്ങി നടക്കുന്ന മമ്മൂട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം നടന്‍ കൈലാഷുമുണ്ടായിരുന്നു. വിഡിയോ വൈറലായതോടെ കൈലാഷിനെതിരെ പരിഹാസവുമായി ചിലരെത്തി. എപ്പോഴും മമ്മൂട്ടിയ്‌ക്കൊപ്പമുണ്ടാകാറുള്ള രമേഷ് പിഷാരടിയ്ക്ക് തിരക്കായതു കൊണ്ടാണോ കൈലാഷ് കൂടെ വന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയുടെ ചോദ്യം.
കൈലാഷിനെതിരായ പരിഹാസങ്ങള്‍ക്ക് മറുപടിയുമായെത്തുകയാണ് നിര്‍മാതാവ് ജോളി ജോസഫ്. മമ്മൂട്ടിയും കൈലാഷും ഒരുമിച്ച് നിരവധി സിനിമകള്‍ ചെയ്തവരാണ്. കൈലാഷ് ദുബായിലുണ്ടെന്ന് അറിഞ്ഞ് മമ്മൂട്ടി വിളിച്ചാതാകുമെന്നും ജോളി ജോസഫ് പറയുന്നു. മമ്മൂക്ക / കൈലാഷ് അന്തര്‍ധാര ഇന്നലെ തുടങ്ങിയതല്ല. വര്‍ഷങ്ങളായി അത് സജീവമാണെന്നും അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:
'പിഷു പോയപ്പോള്‍ കിഷു വന്നു'? ഒന്ന് നിര്‍ത്തിക്കേ ന്റെ മക്കളേ...! ഇന്നലെ ദുബായിലെ ഒരു മാളില്‍ മമ്മൂക്കയുടെ കൂടെ കൈലാഷ് നടന്നു. അവര് ഷോപ്പിങ്ങിന് പോയതാണ് അത്രേയുള്ളൂ സംഭവം. അതിനാണോ ഈ ബഹളമെല്ലാം? ചെറുതും വലുതുമായ ഒരുപാട് ദൃശ്യമാധ്യമങ്ങള്‍ സംഗതി എടുത്ത് വൈറലാക്കിയിട്ടുണ്ട് . കമന്റ് ബോക്‌സില്‍ പൂശിയിട്ടുണ്ട്. എന്റെ ഓര്‍മയില്‍ ഏഴോ എട്ടോ സിനിമകളില്‍ അവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബെന്നിച്ചേട്ടന്റെ (ബെന്നി പി. നായരമ്പലം) ഒരു പടത്തില്‍ അവന്റെ കഥാപാത്രം മമ്മൂക്കയുടെ കഥാപാത്രത്തെ കൊല്ലുന്നു പോലുമുണ്ട് !
കൈലാഷ് ദുബായിലുണ്ടെന്നറിഞ്ഞ മമ്മൂക്ക ഒന്ന് വിളിച്ചുകാണും,അല്ലെങ്കില്‍ മറിച്ച് 'നിനക്കെന്താടാ ഇവിടെ പണി ? ടാ , വാടാ.' കേട്ടപാതി കേള്‍ക്കാത്തപാതി, കയ്യിലുള്ളതെല്ലാം ഇട്ടെറിഞ്ഞ് ചെക്കന്‍ ഓടിയെത്തി കൂടെ നടന്നു. ഇതായിരിക്കും നടന്നിട്ടുണ്ടാവുക . പിന്നെ കൂടെ നടക്കുന്ന മൂന്നാമനെ ശ്രദ്ധിച്ചോ? അവന്‍ ഞങ്ങളുടെ ചങ്കാണ്. ജാഫു എന്ന് ഞങ്ങള്‍ വിളിക്കുന്ന, ഒയാസിസ് ട്രാവല്‍സിന്റെ ഒറിജിനല്‍ മൊയ്ലാളി ജാഫര്‍ ഷെരീഫ് . മമ്മൂക്കയെപ്പോലുള്ള സെലിബ്രിറ്റികളുടെ അവരുടെ കുടുംബാംഗങ്ങളുടെ, പിന്നെ എന്നെപ്പോലുള്ള സാധാരണക്കാരുടെയും യാത്രകള്‍ ഒരുപോലെ ഒരുക്കി കൊടുക്കുന്നവന്‍ ..!
മമ്മൂക്ക / കൈലാഷ് അന്തര്‍ധാര ഇന്നലെ തുടങ്ങിയതല്ല. വര്‍ഷങ്ങളായി അത് സജീവമാണ്. ആന്ധ്രയിലെ രാജമുന്ദ്രിയില്‍, ഒരു രഹസ്യ സങ്കേതത്തില്‍ നടന്ന മമ്മൂക്ക/ധനുഷ് പടത്തിന്റെ ലൊക്കേഷനിലും ലവന്‍ ഹാജരുണ്ടായിരുന്നു. ഞാന്‍ സാക്ഷി...! അവര്‍ രണ്ടുപേരുടെയും സംസാരം കേട്ടിരിക്കുന്നത് ഒരു ബാഡ്മിന്റണ്‍ ഷട്ടില്‍ മത്സരം കാണുന്നതുപോലെയാണ്. കൊണ്ടും കൊടുത്തും ചിരിച്ചും രസിച്ചും അങ്ങോട്ടും ഇങ്ങോട്ടുമടിച്ചും റാലി അങ്ങനെ നീളും. ഒടുവില്‍, അറിവുകളുടെ എവറസ്റ്റായ മമ്മൂക്കയുടെ ഒരൊറ്റ സ്മാഷ്. ലവന്‍ നിലംപരിശ് ! എന്നിട്ടും ചിരിച്ചുകൊണ്ട് പിന്നെയും മമ്മൂക്കയെ 'മാന്താന്‍' നോക്കും, മമ്മൂക്ക അറിഞ്ഞുകൊണ്ട് സമ്മതിക്കും...! ഭയഭക്തിബഹുമാനങ്ങളോടെ പിന്നില്‍ മാറിനില്‍ക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഇതിലും നല്ലൊരു ലൈവ് ഷോ വേറെയില്ല.
ഇനി ആ തലക്കെട്ടിലേക്ക്. മക്കളേ, ആ വെള്ളം അങ്ങ് മാറ്റി വെക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് മമ്മൂക്കയെക്കുറിച്ച് ഒന്നുമറിയില്ല എന്നേ ഞാന്‍ പറയൂ . ജോര്‍ജ്, ആന്റോ ജോസഫ്, പിഷാരടി, പിന്നെ ആ ടീമിലെ മറ്റു പലരും കഴിഞ്ഞേ പുതിയൊരു മൊട്ടുസൂചിക്ക് പോലും അവിടെ ഇടമുള്ളൂ . മമ്മൂക്ക ഒരാളെ കൂടെ കൂട്ടണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ക്ക് നിര്‍ബന്ധം പിടിക്കും 'സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം...അതൊന്നുമില്ലെങ്കില്‍ മിനിമം ഒരു കോമണ്‍സെന്‍സെങ്കിലും '' . ഷാജി കൈലാഷ് / രഞ്ജി പണിക്കര്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ 'ദി കിംഗി'ലെ ജോസഫ് അലക്‌സ് ഐ.എ.എസ്സിന്റെ, കാലത്തിനു മുന്‍പേ സഞ്ചരിച്ച ആ ഡയലോഗിന് കടപ്പാട് ! പിന്നെ, നിര്‍ബന്ധമില്ലാത്ത ചെറ്യേരു കാര്യം കൂടിയുണ്ട്, മമ്മൂക്കയ്ക്ക് കൂടേണ്ട ആളോട് ഒരല്‍പ്പം ഇഷ്ടം തോന്നണം...!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates