

മലയാള സിനിമാലോകത്തിന് ഒന്നടങ്കം അഭിമാനമായി 2018ന്റെ മുന്നേറ്റം. ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ 150 കോടി കടന്ന് മുന്നേറുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ആഗോളതലത്തിൽ 150 കോടി കളക്ഷൻ നേടുന്ന ആദ്യത്തെ മലയാള ചിത്രമെന്ന നേട്ടത്തിലേക്കാണ് 2018 എത്തിയത്. സാറ്റലൈറ്റ് കളക്ഷനൊന്നും കൂട്ടാതെ തിയറ്ററിൽ നിന്നുമാത്രമായാണ് 150 കോടിയിലേക്ക് ചിത്രം എത്തിയത്.
റിലീസ് ചെയ്ത് മൂന്നാം വാരമാണ് അമ്പരപ്പിക്കുന്ന നേട്ടത്തിലേക്ക് ചിത്രം എത്തിയത്. '150 കോടിക്കൊപ്പം നിൽക്കുമ്പോഴും, ഞാൻ തലകുനിച്ചു കൈകൂപ്പി നിങ്ങളെ വന്ദിക്കുന്നു...നിങ്ങൾ ,ജനങ്ങൾ ഈ സിനിമയോട് കാണിച്ച സ്നേഹവും, ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്... അതിരുകടന്ന ആഹ്ലാദമോ ,ഒരു തരി പോലും അഹങ്കാരമോ ഇല്ല...എല്ലാം ദൈവ നിശ്ചയം'- എന്നായിരുന്നു നിർമാതാവ് വേണു കുന്നപ്പള്ളി കുറിച്ചത്.
ദൈവത്തിന്റെ അനുഗ്രഹം എന്ന കുറിപ്പിലാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാനവേഷത്തിലെത്തിയ ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവരും സന്തോഷം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുതന്നെ മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് 75 കോടിക്കുമേലെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. കൂടാതെ വിദേശത്തുനിന്നും മികച്ച കളക്ഷനാണ് നേടുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റായ പുലിമുരുകന്‍റെ റെക്കോർഡാണ് 2018 പൊളിച്ചത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ആദ്യ ദിനം മുതല്‍ 2018 നേടിയത്. മൂന്നാം വാരത്തിലേക്ക് കടന്നിട്ടും കേരളത്തിൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഹൗസ് ഫുള്ളായി മുന്നേറുകയാണ് ചിത്രം. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾക്കും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നതും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates