

കെ ജെ യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ നടന്‍ വിനായകന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ഗായകന്‍ കെ ജി മാര്‍ക്കോസ്. വിനായകന്റെ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് കെ ജി മാര്‍ക്കോസും തന്റെ ഫെയ്സ്ബുക്കിലൂടെ പ്രതികരണം അറിയിച്ചത്.
യേശുദാസിനെ അപമാനിക്കാന്‍ വിനായകന് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും നല്ല പെരുമാറ്റമോ വിദ്യാഭ്യാസമോ ഇദ്ദേഹത്തിന് ഉണ്ടോയെന്നും കെ ജി മാര്‍ക്കോസ് ചോദിക്കുന്നു.
മാർക്കോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കഴിഞ്ഞ ദിവസം ശ്രീ അടൂർ ഗോപാലകൃഷ്ണൻ അവർകളുടെ വിഷയവുമായി ബന്ധപ്പെടുത്തി, നടൻ വിനായകൻ ഇന്ത്യയുടെ തന്നെ മഹാ ഗായകരിൽ ഒരാളായ, മലയാളത്തിന്റെ ശ്രീ. യേശുദാസ് അവർകളെ അപമാനിച്ചുകൊണ്ട് സമൂഹമാദ്ധ്യമത്തിലൂടെ നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണ്.. വിനായകന് ശ്രീ. യേശുദാസിനെ അപമാനിക്കാൻ എന്ത് അർഹതയാണുള്ളത്?
ചില ഗുണ്ടാ റോളുകൾ ചെയ്ത് മലയാള സിനിമയിൽ ഒരൂ അഭിനേതാവായി കയറിക്കൂടി എന്നതൊഴിച്ചാൽ, ഇദ്ദേഹത്തെ റോൾ മോഡലാക്കാൻ എന്ത് വിശേഷ ഗുണമാണ് ഉള്ളത്?? നല്ല പെരുമാറ്റമോ, വിദ്യാഭ്യാസമോ ഇദ്ദേഹത്തിനുണ്ടോ? മലയാള സമൂഹത്തിനു മുന്നിൽ ഇദ്ദേഹം ക്ഷമ പറയണം. അല്ലെങ്കിൽ മലയാള സിനിമയും മലയാളിയും ഇദ്ദേഹത്തെ ബഹിഷ്‌ക്കരിക്കാൻ മുന്നോട്ട് വരണം.. ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നീതിന്യായ വ്യവസ്ഥിതി പ്രകാരം മ്ലേച്ചമായ പെരുമാറ്റത്തിനു അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ അധികൃതർ മുന്നോട്ട് വരണം..
ഇന്നത്തെ തലമുറയിലെ ആസ്വാദകർ വളരെ മോശമായിട്ടാണ് മുൻഗാമികളായ പലരെയും സംബോധന ചെയ്യുന്നതും അഭിപ്രായങ്ങൾ പറയുന്നതും. സംഗീതത്തെ സംബന്ധിച്ചു യേശുദാസിന്റെ മഹത്വവും സംഭാവനകളും അറിയാത്ത സമൂഹമാണ് അദ്ദേഹത്തെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും. അദ്ദേഹം പാടി വച്ചിരിക്കുന്ന പാട്ടുകളിലെ ഒരു വരി അതിന്റെ പൂർണ്ണതയോടു കൂടി ആസ്വദിക്കാനോ പ്രതിഫലിപ്പിക്കാനോ കഴിയാത്തവരാണ് വലിയ സംഗീത(അ)ജ്ഞരായി അഭിപ്രായം പറയുന്നത്..
പണ്ടൊക്കെ കൂട്ടുകുടുംബ കാലത്ത് 60 വയസു കഴിഞ്ഞ ഒരാൾ വീട്ടിൽ ഉണ്ടെങ്കിൽ ആ ആൾ മുത്തശ്ശനാണ്. അച്ഛന്റെയോ അമ്മയുടെയോ അച്ഛൻ.. ഇന്ന് അത് 70 ആക്കാം. ഇത് 70 ഉം കടന്ന് 85 ൽ നിൽക്കുന്ന മുതു മുത്തശ്ശനാണ്. മുതിർന്നവരോടുള്ള പുതു തലമുറയുടെ കാഴ്ചപ്പാട് മാറേണ്ടതായിട്ടുണ്ട്. മലയാളത്തിന്റെ / മലയാളിയുടെ അഭിമാനമായ ഗന്ധവ്വ ഗായകൻ ശ്രീ. യേശുദാസിനെ അവഹേളിക്കുന്ന ഈ പ്രസ്താവന പ്രതിഷേധാർഹമാണ്. എന്റെ പ്രതിഷേധം ഞാൻ ഇവിടെ കുറിക്കട്ടെ..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
