

തമിഴ് നടൻ അഭിനയ് കിങ്ങറിന്റെ മരണം സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ നടന്റെ അവസാന നാളുകളിലെ ചിത്രം പങ്കുവച്ചിരിക്കുകയാണ് തമിഴ് സിനിമാ പ്രവർത്തകൻ കലാധീശ്വരൻ. ‘തുളളുവതോ ഇളമൈ’ എന്ന സിനിമയിൽ ഓടിനടന്ന ഊർജസ്വലനായ യുവാവിന്റെ അകാലത്തിലുള്ള വിയോഗം തന്നെ ഏറെ ദുഃഖിപ്പിച്ചു എന്ന് കലാധീശ്വരൻ ചിത്രത്തോടൊപ്പം കുറിച്ചു.
ദേശീയ പുരസ്കാരം നേടിയ 'ഉത്തരായനം' ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മലയാളി നടി രാധാമണിയുടെ മകനാണ് അഭിനയ്. കരൾ രോഗത്തോട് പോരാടി 44-ാം വയസിലാണ് അഭിനയ് മരണത്തിന് കീഴടങ്ങിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും ചികിത്സാ ചെലവുകളും കാരണം ജീവിതം ദുരിതത്തിലായിരുന്ന താരത്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിന് വേദനയായി.
‘‘നടൻ അഭിനയിന് ഹൃദയം തൊട്ടുള്ള ആദരാഞ്ജലി. 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിന്റെ പിന്നിലെ ഊർജസ്വലമായ ആത്മാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഊർജസ്വലതയും അഭിനിവേശവും, മറക്കാനാവാത്ത സാന്നിധ്യവും തമിഴ് സിനിമയിലും നമ്മുടെ ഹൃദയങ്ങളിലും എന്നെന്നും ജീവിക്കും. അഭിനയ് വളരെ പെട്ടെന്ന് നമ്മിൽ നിന്ന് വിട പറഞ്ഞു, പക്ഷേ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,’’ കലാധീശ്വരൻ കുറിച്ചു.
2019 ൽ കാൻസർ രോഗത്തെ തുടർന്നാണ് അഭിനയുടെ അമ്മ രാധാമണി മരണമടഞ്ഞത്. അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു താരം. ചികിത്സാച്ചെലവുകൾ വർധിച്ചതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. നഗരത്തിലെ സർക്കാർ മെസ്സിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് ഒരു വർഷം മുൻപ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
'തന്റെ ജീവിതനാളുകൾ എണ്ണപ്പെട്ടിരിക്കുന്നു' എന്ന നടന്റെ വെളിപ്പെടുത്തൽ അന്ന് വേദനയോടെയാണ് പ്രേക്ഷകർ കേട്ടത്. 2002-ൽ ധനുഷ് നായകനായ 'തുള്ളുവതോ ഇളമൈ' എന്ന സിനിമയിലൂടെയാണ് അഭിനയ് സിനിമാലോകത്തേക്ക് എത്തുന്നത്. ഈ ചിത്രത്തിൽ ധനുഷിനൊപ്പം ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്. 'സൊല്ല സൊല്ല ഇനിക്കും', 'പാലൈവനം', 'വല്ലവനക്കും പുല്ലും ആയുധം' തുടങ്ങി പതിനഞ്ചോളം തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ 'കൈയ്യെത്തും ദൂരത്ത്' എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രമായി അദ്ദേഹം എത്തി. അഭിനയത്തിനു പുറമെ ഡബ്ബിങിലും താരം കഴിവ് തെളിയിച്ചു. 'തുപ്പാക്കി'യിൽ വിദ്യുത് ജമാലിനും 'പയ്യ'യിൽ മിലിന്ദ് സോമനും 'കാക്ക മുട്ടൈ'യിൽ ബാബു ആന്റണിക്കും ശബ്ദം നല്‍കിയത് അഭിനയ് ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates