മരണം മുന്നിലെത്തിയ കൂട്ടുകാരന്‍, അവനെ ഞാന്‍ രജനിയില്‍ കണ്ടു; ആ സ്‌നേഹം അദ്ദേഹത്തിന് നല്‍കി: കമല്‍ ഹാസന്‍

ഇവനെ എനിക്ക് ഇഷ്ടമായി, ഇവനൊരു സ്‌റ്റൈല്‍ ഉണ്ടെന്ന് അദ്ദേഹത്തെ കണ്ട ഗോവിന്ദ് പറഞ്ഞു
Kamal Hassan and Rajinikanth
Kamal Hassan and Rajinikanth
Updated on
2 min read

ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രം പേറുന്ന രണ്ട് പേരാണ് രജനികാന്തും കമല്‍ ഹാസനും. ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും തീര്‍ത്തും വ്യത്യസ്തമായ രണ്ട് ട്രാക്കുകളിലൂടെയായിരുന്നു അവരുടെ യാത്ര. ഒരേ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ താരങ്ങളായിരിക്കുമ്പോഴും തങ്ങളുടെ സൗഹൃദത്തെ ചേര്‍ത്തു പിടിച്ചാണ് രജനിയും കമലും നാളിതുവരെ സഞ്ചിരിച്ചത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം രജനിയും കമലും ഒരുമിച്ച് അഭിനയിക്കുകയാണ്.

രജനികാന്തിനെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ധര്‍മന്‍ എന്ന പേരിലൊരുങ്ങുന്ന സിനിമയുടെ സംവിധാനം അശ്വത് മാരിമുത്തുവാണ്. ചിത്രത്തില്‍ കമല്‍ അഭിനയിക്കുമോ എന്ന് വ്യക്തമല്ല. അതേസമയം, ഈ ചിത്രത്തിന് പിന്നാലെ രജനിയും കമലും സ്‌ക്രീനില്‍ ഒരുമിക്കുന്ന നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രവും അണിയറയിലുണ്ട്.

47 വര്‍ഷത്തിന് ശേഷമാണ് രജനിയും കമലും ഒരുമിക്കുന്നത്. അമ്പത് വര്‍ഷത്തിന്റെ ആഴമുണ്ട് ആ സൗഹൃദത്തിന്. കമല്‍ നായകനായ അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് അരങ്ങേറിയത്. അപ്പോഴേക്കും നടനെന്ന നിലയില്‍ ഒരിടം കണ്ടെത്തി തുടങ്ങിയിരുന്നു കമല്‍. എങ്കിലും ഇരുവരും വളരെ പെട്ടെന്ന് സുഹൃത്തുക്കളായി മാറി. തങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം എങ്ങനെയെന്ന് മുമ്പൊരു അഭിമുഖത്തില്‍ കമല്‍ വെളിപ്പെടുത്തിയിരുന്നു.

''എനിക്ക് ഗോവിന്ദരാജന്‍ എന്നൊരു അടുത്ത സുഹൃത്തുണ്ടായിരുന്നു. ഇന്ന് അവന്‍ ജീവനോടില്ല. അവനെ ഗോവിന്ദ ഹാസന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം അവന്‍ എനിക്ക് സഹോദരനെപ്പോലെയായിരുന്നു. എന്റെ സഹോദരനെപ്പോലെ അവനും വക്കീലായിരുന്നു. അവന്‍ വീട്ടിലൊരംഗത്തെപ്പോലെയായിരുന്നു. ഒരു ദിവസം, ഞാന്‍ ഷൂട്ടിലായിരുന്നു, അവന് സുഖമില്ലെന്ന് വിവരം കിട്ടി. ഞങ്ങള്‍ ദിവസവും കാണുന്നവരാണ്. പിന്നീട് അവന് കാന്‍സറാണെന്ന് കണ്ടെത്തി. ഞാനന്ന് ചെറുപ്പമാണ്. അത് എങ്ങനെ എടുക്കണമെന്ന് അറിയില്ലായിരുന്നു'' കമല്‍ പറയുന്നു.

''മരണത്തെ ഞാന്‍ മനസിലാക്കിയിരുന്നില്ല. ഞാന്‍ ട്രോമയിലായി. ആ സമയത്താണ് ഞാന്‍ അപൂര്‍വ്വ രാഗങ്ങളെന്ന സിനിമ ചെയ്യുന്നത്. ഞാനായിരുന്നു നായകന്‍. ചിത്രത്തിലൊരു അതിഥി വേഷത്തിലേക്ക് അവര്‍ ശിവാജി റാവു എന്നൊരാളെ തെരഞ്ഞെടുത്തിരുന്നു. ചെന്നൈ ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലാണ് പഠിച്ചതെങ്കിലും അയാള്‍ ബംഗളൂരുകാരനാണ്. അത്രയേ എനിക്ക് അയാളെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. ഒന്ന് രണ്ട് തവണ ഹലോ പറഞ്ഞിട്ടുണ്ടെന്ന് മാത്രം''.

''ഒരു ദിവസം ഗോവിന്ദരാജന്‍ എന്റെ ഷൂട്ടിങ് കാണണമെന്ന് പറഞ്ഞു. അന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഷൂട്ടും. വയ്യെങ്കിലും ഗോവിന്ദരാജനോട് ഞാന്‍ വരാന്‍ പറഞ്ഞു. അവന് അന്നൊരു ഫ്രഞ്ച് താടിയായിരുന്നു. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്റെ തന്നെ കമ്പനിയില്‍ ഉള്ള ആളായിരുന്നതിനാല്‍ ഞാന്‍ അതുപോലെ തന്നൊരു താടി രജനികാന്തിനും നല്‍കാന്‍ പറഞ്ഞു. അദ്ദേഹത്തിന്റേതും ഗോവിന്ദിന്റേത് പോലെ കോലന്‍ മുടിയായിരുന്നു. കാന്‍സര്‍ വന്ന് മരിക്കുന്നയാളുടെ വേഷമാണ് അദ്ദേഹം അഭിനയിക്കുന്നത്. ഗോവിന്ദും സെറ്റിലെത്തിയിരുന്നു. ഇവനെ എനിക്ക് ഇഷ്ടമായി, ഇവനൊരു സ്‌റ്റൈല്‍ ഉണ്ടെന്ന് അദ്ദേഹത്തെ കണ്ട ഗോവിന്ദ് പറഞ്ഞു. എന്ത് വേഷമാണ് ചെയ്യുന്നതെന്ന് ചോദിച്ചെങ്കിലും അത് പറയാന്‍ എനിക്കായില്ല'' കമല്‍ പറയുന്നു.

''പതിയെ രജനിയില്‍ ഞാന്‍ ഗോവിന്ദരാജനെ കാണാന്‍ തുടങ്ങി. രജനിയോടും ഞാനത് പറഞ്ഞു. എന്റെ സുഹൃത്തിനെയാണ് നിങ്ങളില്‍ ഞാന്‍ കാണുന്നത്. അങ്ങനെ ആ സ്‌നേഹം അദ്ദേഹത്തിലേക്കും പോയി. അന്ന് മുതല്‍ ഞങ്ങള്‍ ഒന്നിച്ചാണ്. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാകും. പക്ഷെ ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണ്'' എന്നും കമല്‍ ഹാസന്‍ പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ മനസ് തുറന്നത്.

Summary

Kamal Hassan said he imposed his love for a dying friend on Rajinikanth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com