

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പറഞ്ഞ സിനിമയാണ് ആമി. കമല്‍ ഒരുക്കിയ ചിത്രത്തില്‍ മാധവിക്കുട്ടിയായി എത്തിയത് മഞ്ജു വാര്യരായിരുന്നു. നേരത്തെ ബോളിവുഡ് താരം വിദ്യ ബാലന്‍ ആയിരുന്നു മാധവിക്കുട്ടിയാകേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും വിദ്യ പിന്മാറി. ഇതോടെയാണ് മഞ്ജുവെത്തുന്നത്.
എന്തുകൊണ്ടാണ് ആമിയില്‍ നിന്നും വിദ്യ ബാലന്‍ പിന്മാറിയതെന്ന് പറയുകയാണ് കമല്‍. മതം മാറിയ മാധവിക്കുട്ടിയെ നോര്‍ത്ത് ഇന്ത്യന്‍ സംഘപരിവാറിന് ഭയമാണ്. ആ സമ്മര്‍ദ്ദം മൂലമാകാം വിദ്യ പിന്മാറിയതെന്നുമാണ് കമല്‍ പറയുന്നത്. സിനിഗ്രാമിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ മനസ് തുറന്നത്.
''വിദ്യ ബാലന്‍ ആമിയില്‍ നിന്ന് പിന്മാറാന്‍ കാരണം രാഷ്ട്രീയം തന്നെയാണ്. മതം മാറിയ മാധവിക്കുട്ടിയെ നോര്‍ത്ത് ഇന്ത്യയിലെ സംഘപരിവാരുകാര്‍ക്ക് പേടിയാണ്. വിദ്യ ബാലന്‍ ഹിന്ദിയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. അവര്‍ അങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചാല്‍ ബോളിവുഡില്‍ ബാധിക്കുമോ എന്ന തോന്നല്‍ അവസാന നിമിഷം അവര്‍ക്ക് വന്നു. ആരൊക്കെയോ അവരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകും എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയാണ് അവര്‍ പിന്മാറിയത്'' എന്നാണ് കമല്‍ പറയുന്നത്.
''എന്നെ സംബന്ധിച്ച് വ്യക്തിപരമായി ഞാന്‍ വിജയിച്ചതാണെന്നാണ് വിശ്വാസം. പക്ഷെ സാമ്പത്തികമായി നഷ്ടമായിരുന്നു. നിര്‍മാതാവിന് നഷ്ടം സംഭവിച്ചു. അക്കാര്യത്തില്‍ നിര്‍മാതാവിനോട് വിഷമമുണ്ട്. അദ്ദേഹത്തോട് എനിക്ക് നീതി കാണിക്കാനായില്ല. നഷ്ടം വരാന്‍ കാരണം വിദ്യ ബാലന്‍ മാറിയതും എതിര്‍പ്പുകളും സാമ്പത്തികമായി ഓടുന്ന കഥയല്ലാതിരുന്നതും ആകാം'' എന്നും കമല്‍ പറയുന്നു. ആമി നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
''ആമിയ്ക്ക് വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. വിദ്യ ബാലന്‍ മാറി മഞ്ജു വാര്യര്‍ വന്നപ്പോള്‍ മഞ്ജുവിനെ ഡിമോറലൈസ് ചെയ്യാന്‍ പ്രചരണം നടന്നിരുന്നു. പല കാരണങ്ങളുണ്ടാകും. മതം മാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായിരുന്നു. ഒപ്പം, മാധവിക്കുട്ടിയെ ഓരോരുത്തരും മനസിലാക്കി വച്ചിരിക്കുന്നത് ഓരോ രീതിയിലാണ്. അവര്‍ കാണുന്ന മാധവിക്കുട്ടിയാകണം എന്നില്ല ഞാന്‍ സിനിമയില്‍ അവതരിപ്പിച്ച മാധവിക്കുട്ടി'' എന്നാണ് അദ്ദേഹം പറയുന്നത്.
''സ്ത്രീകളെ സംബന്ധിച്ച് മാധവിക്കുട്ടി അവരുടെ സ്വന്തമാണ്. അവര്‍ ചിന്തിച്ചു വച്ചിരിക്കുന്നത് പോലെയായിരിക്കണം മാധവിക്കുട്ടി സിനിമയില്‍ വരേണ്ടത്. പുരുഷനായ ഞാന്‍ സംവിധാനം ചെയ്തപ്പോള്‍ കുറേ സ്ത്രീകള്‍ക്ക് ഞങ്ങളുടെ മാധവിക്കുട്ടി ഇങ്ങനല്ല എന്ന തോന്നലുണ്ടായിട്ടുണ്ടാകും. ഞാന്‍ അവരോട് പറഞ്ഞത് നിങ്ങളുടെ മനസിലുള്ള മാധവിക്കുട്ടി എന്റെ കഥയിലെ മാധവിക്കുട്ടിയായിരിക്കും. ഞാന്‍ ചെയ്തത് എന്റെ കഥ എഴുതിയ മാധവിക്കുട്ടിയെക്കുറിച്ചാണ്'' എന്നും കമല്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates