

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ വേറിട്ടൊരു ഏടായി മാറിയിരിക്കുകയാണ് ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി സമരം. സിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനൊടുവില്‍ ധര്‍മേന്ദ്ര പ്രധാന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പദം രാജിവെക്കേണ്ടി വന്നു. ഈ സമരത്തിന് രാജ്യ വ്യാപകമായി വലിയ പിന്തുണ ലഭിച്ചിരുന്നു. അതേസമയം സമരത്തിനിറങ്ങിയ യുവാക്കള്‍ക്ക് കടുത്ത വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
സമരത്തിനിറങ്ങിയ ജെന്‍സി തലമുറയെ കടുത്ത ഭാഷയിലാണ് നടിയും എംപിയുമായ കങ്കണ റണൗട്ട് വിമര്‍ശിച്ചത്. പിന്നാലെ കങ്കണയ്ക്ക് മറുപടിയുമായി സിജെപി വക്താവ് സൗരവ് ദാസുമെത്തി. നടന്‍ ഹൃത്വിക് റോഷനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു സൗരവ്വിന്റെ മറുപടി. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സോറി ഹൃത്വിക് റോഷന്‍ ഹാഷ്ടാഗ് ക്യാംപെയ്‌നും ശക്തമായി.
പതിറ്റാണ്ട് മുമ്പത്തെ ഹൃത്വിക് റോഷന്‍-കങ്കണ റണൗട്ട് നിയമ പോരാട്ടത്തേയും വിവാദങ്ങളേയും ഓര്‍മപ്പെടുത്തുന്നതായിരുന്നു ഈ ക്യാംപെയ്ന്‍. ഇതിനിടെ ഒരു പോസ്റ്റിന് ഹൃത്വിക് തന്നെ കമന്‍റുമായി എത്തിയതോടെ കാര്യങ്ങളുടെ ഗതിയാകെ മാറിയിരിക്കുകയാണ്. ലോകം ഹൃത്വിക് റോഷനോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണെന്ന ഫ്രെഡി ബേര്‍ഡി എന്ന അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റിലാണ് ഹൃത്വിക് കമന്റ് ചെയ്തത്.
''എന്റെ സുഹൃത്തേ, 'ബി'യെ ഇഷ്ടമല്ല എന്ന കാരണത്താല്‍ 'എ'യ്ക്ക് ഒപ്പം നില്‍ക്കുന്നത് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ്. ഞാന്‍ കാത്തിരിക്കാം. ശരിയായ പശ്ചാത്തലവും വസ്തുതകളും പുറത്ത് വരുന്നതിനായി. അതുമാത്രമേ നീതിയുക്തമാകൂ. ഞാന്‍ കാത്തിരിക്കാം. അല്ലെങ്കിലും ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു. അല്ലേ?'' എന്നാണ് ഹൃത്വിക് കമന്റ് ചെയ്തത്.
ഇതോടെ ഹൃത്വിക്കിന് മറുപടിയുമായി കങ്കണയും എത്തിയിരിക്കുകയാണ്. നടന്റെ കാമുകയായ നടി സബ ആസാദിനെയടക്കം പരാമര്‍ശിച്ചു കൊണ്ടായിരുന്നു കങ്കണയുടെ മറുപടി.
'പ്രിയപ്പെട്ട ഹൃത്വിക്, സബാ ആസദില്‍ നിങ്ങളുടെ അനുയോജ്യയായ പങ്കാളിയെ കണ്ടെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ ഇരുവരെയും ഒന്നിച്ചു കാണുന്നത് സന്തോഷകരമാണ്. നിങ്ങളിപ്പോള്‍ ഒരാളുമായി ബന്ധത്തിലാണ്. മറ്റൊരു സ്ത്രീയെ ഇതുപോലെ കളിയാക്കുന്നത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല. പകരം നിങ്ങളുടെ പേര് ഉപയോഗിച്ച് എന്നെ ആക്രമിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നവരെ തള്ളിപ്പറയുകയാണ് ചെയ്യേണ്ടത്. എരിതീയിലേക്ക് എണ്ണ ഒഴിക്കുന്നതിലൂടെ സ്വന്തം പങ്കാളിയെ അപമാനിക്കുന്നത് അവസാനിപ്പിക്കുക. നിങ്ങള്‍ക്ക് നല്ല ബുദ്ധി തോന്നട്ടെ . അനാവശ്യമായ പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിക്കുമെന്നും കരുതുന്നു.' എന്നായിരുന്നു കങ്കണയുടെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates