

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായത് മമ്മൂട്ടിയാണ്. തന്റെ ഏഴാമത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പരസ്‌കാരമാണ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയെ തേടിയെത്തിയത്. മമ്മൂട്ടിയുമായി മികച്ച നടനാകാന്‍ ശക്തമായി മത്സരിച്ച ആസിഫ് അലിയേയും ടൊവിനോ തോമസിനേയും തേടി ജൂറിയുടെ പ്രത്യേക പരാമര്‍ശവുമെത്തി.
ഭ്രമയുഗത്തിലൂടെ സിദ്ധാര്‍ത്ഥ് ഭരതനും മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ സൗബിന്‍ ഷാഹിറും മികച്ച സ്വഭാവ നടന്മാരുമായി. എന്നാല്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ ചില പേരുകള്‍ കേള്‍ക്കാതെ പോയത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്. അങ്ങനെ തഴയപ്പെട്ട പേരുകളിലൊന്നാണ് നടന്‍ വിജയരാഘവന്റേത്. പോയ വര്‍ഷം കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ അമ്പരപ്പിച്ച വിജയരാഘവനെ തേടി പുരസ്‌കാരമോ പരാമര്‍ശമോ എത്തിയില്ല.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് വിജയരാഘവന് പുരസ്‌കാരം നല്‍കാത്തത് ചോദ്യം ചെയ്‌തെത്തിയിരിക്കുന്നത്. മികച്ച നടനാകാനടക്കം അര്‍ഹനായിരുന്നു വിജയരാഘവനെന്നും സ്വഭാവ നടന്‍ പോലും ലഭിക്കാത്തത് ഞെട്ടിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം, വിജയരാഘവന് പുരസ്‌കാരം ലഭിക്കാതിരുന്നത് എന്തുകൊണ്ട് ഇന്നലെ ജൂറി ചെയര്‍മാന്‍ വിശദീകരിച്ചിരുന്നു.
'കിഷ്‌കിന്ധാ കാണ്ഡത്തില്‍ വിജയരാഘവനും വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. പക്ഷേ ഭ്രമയുഗത്തിലെ സിദ്ധാര്‍ത്ഥിന്റെ പ്രകടനവും മഞ്ഞുമ്മല്‍ ബോയ്‌സിലെ സൗബിന്റെ പ്രകടവും കണ്ടപ്പോള്‍ അവര്‍ അവര്‍ക്ക് താങ്ങാനാകാത്ത റോളുകള്‍ വളരെ മികച്ചതായി ചെയ്തു എന്നാണ് തോന്നിയത്'' എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. പുരസ്‌കാരം കിട്ടിയില്ല എന്ന് കരുതി വിജയരാഘവന്‍ മികച്ച നടനല്ലാതാകുന്നില്ല. എന്നു കരുതി മറ്റു താരങ്ങളുടെ പ്രകടനങ്ങള്‍ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ലെന്നാണ് പ്രകാശ് രാജ് പറയുന്നത്.
അതേസമയം മമ്മൂട്ടി മികച്ച നടനായപ്പോള്‍ ഷംല ഹംസയാണ് മികച്ച നടിയായത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച സിനിമ. ചിത്രത്തിലൂടെ ചിദംബരം മികച്ച സംവിധായകനുമായി. പത്ത് പുരസ്‌കാരങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്‌സിനെ തേടിയെത്തിയത്. സൗബിനും സിദ്ധാര്‍ത്ഥും മികച്ച സ്വഭാവ നടന്മാരായപ്പോള്‍ ലിജോ മോള്‍ ജോസ് ആണ് മികച്ച സ്വഭാവ നടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates