

"ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ" പുതുതലമുറയാണ് ഇത്തവണ സംസ്ഥാന് അവാർഡ് മുഴുവൻ കൊണ്ടുപോയേക്കുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു. അതെ മമ്മൂട്ടിക്ക് പ്രായമില്ല, അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങൾക്കും. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് തവണ സംസ്ഥാന പുരസ്കാരവും ഒരേയൊരു മമ്മൂട്ടിക്ക് സ്വന്തം.
74-ാം വയസിലും യുവതാരങ്ങൾക്ക് മുന്നിൽ ചെക്ക് വച്ച് അദ്ദേഹം കുതിച്ചു പായുകയാണ്. ഇനിയും സ്വയം തേച്ചുമിനുക്കിയെടുക്കാനുള്ള തിരക്കിലാണ് മമ്മൂക്കയിപ്പോഴും. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് ഇന്നും മമ്മൂട്ടിയെ അകത്തും പുറത്തും നിലനിർത്തുന്നത്. പരീക്ഷണ ചിത്രങ്ങളുടെ ബ്രാൻഡ് അംബാസഡർ എന്നാണ് മമ്മൂട്ടിയെ ആരാധകരിപ്പോൾ വിളിക്കുന്നതു പോലും. അത് അക്ഷരാർഥത്തിൽ ശരിയാണ് താനും.
പരീക്ഷണങ്ങൾക്കൊപ്പമാണ് മമ്മൂട്ടിയെന്നും ചേർന്നു നിന്നിട്ടുള്ളത്. ഇപ്പോൾ അവാർഡിന് കാരണമായിരിക്കുന്ന ഭ്രമയുഗവും അത് ഊട്ടിയുറപ്പിക്കുന്നുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും ആ നടനമികവിന് ലഭിക്കുന്ന വാഴ്ത്തലുകളാണ് സാക്ഷ്യം. 1981 ൽ അഹിംസ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി.
തുടർന്ന് 1984-ൽ 'അടിയൊഴുക്കുകൾ', 1989-ൽ 'ഒരു വടക്കൻ വീരഗാഥ, മതിലുകൾ, മൃഗയ' എന്നീ ചിത്രങ്ങൾക്കും 1993-ൽ 'വിധേയൻ, പൊന്തൻ മാട, വാത്സല്യം' എന്നിവയ്ക്കും മികച്ച നടനായി. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിച്ചതിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തപ്പോൾ ജൂറി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.
‘‘കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണതയ്ക്ക്.’’–ജൂറിയുടെ വാക്കുകൾ ഇങ്ങനെ.
ആരോഗ്യ കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് ചെറിയൊരിടവേള എടുത്ത മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുമ്പോൾ അദ്ദേഹത്തെ തേടിയെത്തുന്ന പുരസ്കാര നേട്ടത്തിനും ഇരട്ടി മധുരമുണ്ട്. സംവിധായകൻ രാഹുൽ സദാശിവന്റെ ചിത്രങ്ങളിലൂടെ തുടർച്ചയായി രണ്ട് അഭിനേതാക്കൾ പുരസ്കാരത്തിനു അർഹരാകുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
‘ഭ്രമയുഗ’ത്തിലൂടെ മമ്മൂട്ടി മികച്ച നടനായാപ്പോൾ ‘ഭൂതകാല’ത്തിലെ പ്രകടനത്തിലൂടെ രേവതി മികച്ച നടിയായും മുൻപ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രേവതിയുടെ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം കൂടിയായിരുന്നു അത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates