

മലയാളത്തിൽ മാത്രമല്ല തമിഴിലും ഒട്ടേറെ ആരാധകരുള്ള നടനാണ് ലാൽ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ബൈസൺ കാലമാടൻ ആണ് ലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ ലാൽ എത്തുന്നത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ബൈസണിന്റെ പ്രീ റിലീസ് ഇവന്റ് നടന്നിരുന്നു.
ചടങ്ങിൽ മാരി സെൽവരാജിനെക്കുറിച്ച് ലാൽ പറഞ്ഞ വാക്കുകളാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. മാരി സാറിന്റെ ഓരോ സൂപ്പർ ഹിറ്റ് പടം കഴിഞ്ഞ് പ്രേക്ഷകർ പുറത്തേക്ക് വരുന്നത് മനസിൽ വലിയൊരു ഭാരവും പേറിയാണെന്നും ആർക്കും ആ സിനിമയെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നും ലാൽ പറഞ്ഞു. ബൈസണും അത്തരത്തിലൊരു ചിത്രമാണെന്നും ലാൽ കൂട്ടിച്ചേർത്തു.
"ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ സിനിമയ്ക്കോ അല്ലെങ്കിൽ റെസ്റ്റൊറന്റിലോ ഒക്കെ പോകുമ്പോൾ ആരെങ്കിലുമൊക്കെ വന്ന് എന്നോട് ചോദിക്കും. ലാൽ സാർ അല്ലേ, ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്. ഞാൻ ഓക്കെ പറയും, അവർ ഫോട്ടോ എടുത്തിട്ട് പോകും. കുറച്ചു നാൾ മുൻപ് ഞാൻ ഹൈദരാബാദ് എയർപോർട്ടിൽ വന്നപ്പോൾ ഒരു ഫാമിലി എന്റെയടുത്ത് വന്നു.
കുറച്ച് പ്രായമുള്ള ഒരു സ്ത്രീ, എന്നേക്കാൾ ഒരു 10 വയസ് കുറവ് കാണും അവർക്ക്. അവർ വന്ന് എന്നോട് ചോദിക്കുകയാണ്, നിങ്ങൾ മഞ്ജുളത്തിയുടെ ഭർത്താവ് ആണോ എന്ന്. സത്യം പറഞ്ഞാൽ എനിക്ക് മനസിലായില്ല. ഞാൻ അവരോട് എന്താണെന്ന് ഒന്നു കൂടി ചോദിച്ചു. അവർ വീണ്ടും ചോദിച്ചു, നിങ്ങൾ മഞ്ജുളത്തിയുടെ ഭർത്താവ് തന്നെയല്ലേ. അപ്പോ ഞാൻ പറഞ്ഞു, അല്ല എന്റെ ഭാര്യയുടെ പേര് നാൻസി എന്നാണെന്ന്.
അതല്ല സാർ, കർണൻ പടത്തിൽ നിങ്ങൾ... അപ്പോൾ ഞാൻ പറഞ്ഞു അതേ ഞാൻ തന്നെ. അപ്പോ അവർ പറഞ്ഞു, എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. നല്ല അഭിനയമാണെന്നൊക്കെ. എന്നിട്ട് അവർ എന്റെ കൂടെ നിന്ന് ഫോട്ടൊയൊക്കെ എടുത്തിട്ട് പോയി. അതിന് ശേഷം ഞാൻ അതേക്കുറിച്ച് ആലോചിച്ചു. അതിനു മുൻപൊന്നും എന്നെ ഒരു കഥാപാത്രത്തിന്റെ പേരിൽ ആരും വന്ന് പരിചയപ്പെട്ടിട്ടില്ല.
അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്, അഭിനയത്തിൽ എനിക്ക് എന്റേതായ ഒരു സ്റ്റൈലുണ്ട്. എല്ലാ പടത്തിലും അത് വച്ച് അഡ്ജസ്റ്റ് ചെയ്താണ് ഞാൻ പോകുന്നത്. എന്നാൽ ഞാൻ കർണനിൽ അഭിനയിക്കാൻ ചെന്നപ്പോൾ അത് അവിടെ വർക്കായില്ല. കാരണം ആ കാരക്ടർ എങ്ങനെയാണ്, അയാളുടെ ബോഡി ലാങ്വേജ് എങ്ങനെയായിരിക്കണം, ഡയലോഗ്, പെരുമാറ്റം തുടങ്ങി എല്ലാം കറക്ടായി മാരി സാർ പ്ലാൻ ചെയ്ത് വച്ചിരുന്നു.
അപ്പോൾ അദ്ദേഹം പറഞ്ഞത് കേട്ട്, അതുപോലെയാണ് ഞാനതിൽ അഭിനയിച്ചത്. ചുരുക്കം പറഞ്ഞാൽ, എന്റെ ഉള്ളിലുള്ള നടനെ പുറത്തേക്ക് കൊണ്ടുവന്നത് മാരി സാറാണ്. അതിന് ശേഷമാണ് ഞാൻ ഒരു കഥാപാത്രത്തെ കൂടുതൽ പഠിച്ച് അഭിനയിക്കാൻ തുടങ്ങിയത്. ഒരു 25 വയസിലൊക്കെ ഞാൻ മാരി സാറിനെ കണ്ടിരുന്നെങ്കിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ ഞാനിപ്പോൾ എവിടെ എത്തിയേനെ. മാരി സാർ ഇത് കുറച്ചു വൈകിപ്പോയി. നിങ്ങൾ ഒരു സൂപ്പർ സ്റ്റാറിനെ ഇല്ലാതാക്കി, കുഴപ്പമില്ല".- ലാൽ പറഞ്ഞു.
"മാരി സാറിന്റെ പടങ്ങളിലെ ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു സൂപ്പർ ഹിറ്റ് പടം കണ്ട് പ്രേക്ഷകർ പുറത്തേക്ക് വരുന്നത് എക്സലന്റ്, സൂപ്പർ, പെർഫെക്ട് എന്നൊക്കെ പറഞ്ഞു കൊണ്ടാണ്. എന്നാൽ മാരി സാറിന്റെ എല്ലാ സൂപ്പർ ഹിറ്റ് പടവും കഴിഞ്ഞ് പ്രേക്ഷകർ പുറത്തേക്ക് വരുന്നത് മനസിൽ വലിയൊരു ഭാരവും പേറിയാണ്.
ആർക്കും ആ സിനിമയെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല. അതിനൊരു കാരണം ആ പടം കഴിഞ്ഞാലും തിയറ്റർ വിട്ട് ആ സിനിമ നമ്മുടെ കൂടെ വരും, ആ കഥാപാത്രങ്ങൾ വരും, ലൊക്കേഷൻ വരും എന്നതാണ്. ഇതെല്ലാം നമ്മളെ ഫോളോ ചെയ്തു കൊണ്ടിരിക്കും നമ്മളെ വേട്ടയാടിക്കൊണ്ടേയിരിക്കും. തീർച്ചയായും ഈ സിനിമയും നിങ്ങളോടൊപ്പം പടം കഴിഞ്ഞാലും കൂടെ വരും. ഒരുപാട് നാൾ നിങ്ങളുടെ മനസിൽ ഉണ്ടാകും".- ലാൽ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates