

നടി ഷെഫാലി ജരിവാലയുടെ മരണ വാര്‍ത്ത കേട്ട് ഞെട്ടി നില്‍ക്കുകയാണ് ബോളിവുഡ്. 42 കാരിയായ ഷെഫാലി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. സിനിമ-ടെലിവിഷന്‍ ലോകത്തെ നിറ സാന്നിധ്യമായിരുന്ന ഷെഫാലി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. താരത്തിന്റെ അപ്രതീക്ഷ വിടവാങ്ങല്‍ ആരാധകര്‍ക്കും സിനിമാ ലോകത്തിനും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
ഇതിനിടെ ഷെഫാലിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധ നേടുകയാണ്. മൂന്ന് ദിവസം മുമ്പാണ് ഷെഫാലിയുടെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് ഷെഫാലി പങ്കുവച്ചിരിക്കുന്നത്. മരണ വാര്‍ത്ത അറിഞ്ഞതോടെ നിരവധി പേരാണ് കമന്റുകളില്‍ അനുശോചനം രേഖപ്പെടുത്തിയെത്തുന്നത്.
അതേസമയം ഷെഫാലിയുടെ എക്‌സ് (ട്വിറ്റർ) പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്. തന്റെ മുന്‍ കാമുകനും നടനും ബിഗ് ബോസ് വിന്നറുമായ സിദ്ധാര്‍ത്ഥ് ശുക്ലയ്‌ക്കൊപ്പമുള്ളൊരു ചിത്രമാണ് ഷെഫാലിയുടെ ഒടുവിലത്തെ എക്‌സ് പോസ്റ്റ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിന് സിദ്ധാര്‍ത്ഥിന്റെ മൂന്നാം ഓര്‍മ ദിവസമാണ് ഷെഫാലി ചിത്രം പങ്കുവച്ചിരിക്കുന്നത്. ''നിന്നെക്കുറിച്ച് ഓര്‍ക്കുന്നു എന്റെ കൂട്ടുകാരാ'' എന്നാണ് ചിത്രത്തോടൊപ്പം ഷെഫാലി കുറിച്ചത്.
ബിഗ് ബോസ് 13 ല്‍ നിന്നുള്ളതാണ് ഷെഫാലി പങ്കുവച്ച ചിത്രം. ആ സീസണിലെ വിജയിയായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. ഷെഫാലിയും മത്സരാര്‍ത്ഥിയായിരുന്നു. 2021 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരിക്കുന്നത്. നാല് വര്‍ഷത്തിനിപ്പുറം ഷെഫാലിയും വിട പറഞ്ഞിരിക്കുകയാണ്. ഷെഫാലിയുടെ മരണത്തിന് പിന്നാലെ സിദ്ധാര്‍ത്ഥിനെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
പതിനഞ്ച് വര്‍ഷം മുമ്പാണ് ഷെഫാലിയും സിദ്ധാര്‍ത്ഥും പ്രണയത്തിലായിരുന്നത്. ഇരുവരും ടെലിവിഷനില്‍ ഷോകളിലും പരമ്പരകളിലും നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു അത്. പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു ഷെഫാലിയും സിദ്ധാര്‍ത്ഥും. പിന്നീടാണ് നടി വിവാഹിതയാകുന്നത്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷം 2014 ലാണ് നടന്‍ പരാഗ് ത്യാഗിയെ ഷെഫാലി വിവാഹം കഴിക്കുന്നത്.
അതേസമയം ഷെഫാലിയുടെ മരണ കാരണം ഇതുവരേയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരാഗും കുടുംബവും ഇതുവരേയും പ്രസ്താവനകളൊന്നും പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്.
Last post of Shefali Jariwala goes viral as her death news puts fans in disbelief.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates