മലയാളത്തിന്റെ 'പട്ടർ', നാടകത്തിൽ അഭിനയിക്കാൻ പേരിനൊപ്പം നാടിനെ ചേർത്തു; പൂജപ്പുരയുടെ സ്വന്തം രവി

നാടകത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച അദ്ദേഹം ഹാസ്യ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനം കവരുന്നത്
പൂജപ്പുര രവി
പൂജപ്പുര രവി
Updated on
2 min read

നാടകത്തിൽ അഭിനയിക്കാൻ കലാനിലയത്തിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ പേര് എം രവീന്ദ്രൻ നായർ എന്നായിരുന്നു. കലാനിലയം കൃഷ്ണൻ നായരുടെ മുന്നിൽ എത്തിയപ്പോൾ അദ്ദേഹം പേര് ചോദിച്ചു. നാടകത്തിൽ ധാരാളം രവിമാർ ഉള്ളതിനാൽ പേര് മാറ്റണം എന്നായി നിർദേശം. കൃഷ്ണൻ നായർ പിന്നെ ചോദിച്ചത് സ്ഥലപ്പേരാണ്. പൂജപ്പുര എന്നായിരുന്നു മറുപടി. അവിടെവച്ചാണ് പൂജപ്പുര രവി പിറവിയെടുക്കുന്നത്. പിന്നീട് നാടിന് അഭിമാനമായി പൂജപ്പുര രവി എന്ന പേര് സിനിമയിലും നാടകങ്ങളിലും നിറഞ്ഞു നിന്നു. 

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നാണ് പൂജപ്പുര രവി വിടപറയുന്നത്. മകളുടെ മറയൂരിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നാടകത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച അദ്ദേഹം ഹാസ്യ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനം കവരുന്നത്. ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻപിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളായാണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവി ജനിക്കുന്നത്.  ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയത്തോട് താൽപ്പര്യം തോന്നുന്നത്. 

പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എസ്എൽ പുരം സദാനന്ദന്റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. കുറച്ചു നാടകങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെയാണ് സിനിമ മോഹവുമായി മദ്രാസിലേക്ക് വണ്ടികയറുന്നത്. വേലുത്തമ്പിദളവ എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ മുഖംകാണിച്ചു. എന്നാൽ സിനിമയിൽ അവസരം ലഭിക്കാതിരുന്നതോടെ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. 

അങ്ങനെയാണ് കലാനിലയത്തിൽ എത്തുന്നത്. പത്ത് വര്‍ഷത്തോളമാണ് കലാനിലയത്തില്‍ പ്രവര്‍ത്തിച്ചത്. കലാനിലയത്തിനുവേണ്ടി നാലായിരത്തില്‍ അധികം വേദികളില്‍ നാടകം അവതരിപ്പിച്ചു. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് ഭാ​ഗ്യം പരീക്ഷിക്കാൻ എത്തുന്നത്. അമ്മിണി അമ്മാവന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധനേടിയതോടെ അദ്ദേഹത്തെ തേടി കൂടുതൽ ചിത്രങ്ങൾ എത്തുകയായിരുന്നു. 

മലയാള സിനിമയിൽ ഒരുകാലത്ത് പട്ടർ വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് പൂജപ്പുര രവി. നിരവധി സിനിമകളിലാണ് അദ്ദേഹം പട്ടരുടെ വേഷത്തിൽ എത്തിയത്. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിൾ അഭിനയിച്ചു. 2016ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാന ചിത്രം. 

കലാനിലയത്തില്‍ നിന്നു തന്നെയാണ് അദ്ദേഹം തന്റെ ജീവിത സഖിയേയും തെരഞ്ഞെടുത്തത്. നാടകത്തില്‍ ഒപ്പം അഭിനയിച്ചിരുന്ന തങ്കമ്മയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ആറ് വര്‍ഷം മുന്‍പാണ് തങ്കമ്മ മരിക്കുന്നത്. മകന്‍ ഹരിക്കൊപ്പം പൂജപ്പുരയിലെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മകന്‍ അയര്‍ലന്‍ഡിലേക്ക് പോയതോടെയാണ് ജന്മദേശം വിട്ട് അദ്ദേഹം മറയൂരിലേക്ക് താമസം മാറിയത്. ആരോഗ്യം വീണ്ടെടുത്ത് പൂജപ്പുരയിലേക്ക് തിരിച്ചെത്താനാകും എന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com