

ബാലേട്ടൻ എന്ന സിനിമയിലെ മോഹൻലാൽ പാടിയ കറുകറെ കറുത്തൊരു പെണ്ണാണ് എന്ന പാട്ട് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയത് എം ജയചന്ദ്രനായിരുന്നു. പ്രണയം എന്ന ചിത്രത്തിലും എം ജയചന്ദ്രന്റെ സംഗീതത്തിൽ മോഹൻലാൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
മോഹൻലാലിന് സംഗീതത്തോടുള്ള പ്രണയം കൊണ്ടാണ് അദ്ദേഹത്തെ വച്ച് താൻ പാട്ട് പാടിപ്പിക്കാൻ കാരണമെന്ന് പറയുകയാണ് എം ജയചന്ദ്രൻ. തന്റെ ചേട്ടനെ പാടിപ്പിക്കുന്നതു പോലെ തന്നെയാണ് മോഹൻലാലിനെ കൊണ്ട് പാടിപ്പിക്കുമ്പോൾ തോന്നുന്നതെന്നും ജയചന്ദ്രൻ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
"ലാലു ചേട്ടൻ എന്ന് പറഞ്ഞാൽ എന്റെ ചേട്ടനെപ്പോലെ തന്നെയാണ്, കൊച്ചിലേ മുതലേ. ഞങ്ങൾ പൂജപ്പുര കണക്ഷനാണ്. എന്റെ അച്ഛനും അമ്മയും ലാലു ചേട്ടന്റെ അച്ഛനും അമ്മയുമൊക്കെ സുഹൃത്തുക്കളായിരുന്നു. ആ കാലം മുതലേ അറിയാം. എന്റെ ചേട്ടനെ പാടിപ്പിക്കുന്നതു പോലെ തന്നെയാണ് ലാലു ചേട്ടനെ പാടിപ്പിക്കുന്നത്. സംഗീതം ഭയങ്കരമായിട്ട് ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് ലാലു ചേട്ടൻ.
ജെനുവിനായിട്ട് മ്യൂസിക് ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണദ്ദേഹം. ലാലു ചേട്ടൻ തന്നെ ഒരു പാട്ട് പാടി അഭിനയിക്കുമ്പോൾ അത് നന്നായിരിക്കും എന്നൊരു ചിന്തയുണ്ട്. കറുകറെ കറുത്തൊരു പെണ്ണാണ്, പ്രണയത്തിലെ ഒരു പാട്ട് പാടിപ്പിച്ചിട്ടുണ്ട്. പ്രണയത്തിലെ പാട്ടിന്റെ നൊട്ടേഷനൊക്കെ ഞാൻ എഴുതി വച്ചു. അപ്പോ ലാലു ചേട്ടൻ പറഞ്ഞു, 'മോനേ ഇതിനകത്ത് ഒരു ഓട്ടോഗ്രാഫ് ഇട്ട് തരൂ എന്ന്'. അപ്പോൾ ഞാൻ പറഞ്ഞു, 'ലാലു ചേട്ടൻ ആദ്യം ഓട്ടോഗ്രാഫ് ഇട്ടാൽ ഞാനും ഇടാമെന്ന്'. അങ്ങനെ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഓട്ടോഗ്രാഫ് ഇട്ടു.
അതുപോലെ മനോഹരമായ നിമിഷങ്ങൾ ഞങ്ങൾക്കിടയിലുണ്ട്. ഒടിയന്റെ കംപോസിഷന് ലാലു ചേട്ടനുണ്ടായിരുന്നു. ലാലു ചേട്ടന്റെ അടുത്തിരുന്ന് കൊണ്ടോരാം എന്ന പാട്ട് പാടി കേൾപ്പിക്കുന്നത്, അമ്മ മഴക്കാറിന് എന്ന പാട്ട് പാടി കേൾപ്പിക്കുന്നത് എന്റെ വീട്ടിൽ വച്ച് പാടി കേൾപ്പിക്കുന്നത്...അങ്ങനെ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ഞങ്ങൾക്കിടയിലുണ്ട്. അദ്ദേഹത്തിന് മ്യൂസിക്കിനോടുള്ള പ്രണയമോ, സ്നേഹമോ അതൊക്കെയാണ് അദ്ദേഹത്തെക്കൊണ്ട് പാടിപ്പിക്കാൻ എന്നെ ഇഷ്ടപ്പെടുത്തുന്നത്".- ജയചന്ദ്രൻ പറഞ്ഞു.
"ലാലു ചേട്ടൻ ഭയങ്കര ഡെഡിക്കേറ്റഡ് ആണ്. ഒരു സിംപിൾ കാര്യമാണെങ്കിൽ പോലും വളരെ ഡെഡിക്കേഷനോടു കൂടിയാണ് അദ്ദേഹം ചെയ്യുന്നത്. അതാണ് അദ്ദേഹത്തിന്റേ ഗ്രേറ്റ്നസ് എന്ന് പറയുന്നത്. റെക്കോഡിങ് സ്റ്റുഡിയോയിലേക്ക് അദ്ദേഹം വരുമ്പോൾ, അദ്ദേഹത്തിന്റെ അനിയനാണ് ഞാൻ എന്നതിനപ്പുറമായിട്ട്, ഞാൻ ആണ് കമാൻഡർ എന്ന രീതിയിലാണ് ലാലു ചേട്ടൻ അവിടെ നിൽക്കുക.
എത്ര പ്രാവശ്യം പാടാൻ പറഞ്ഞാലും, ആ മോനെ പാടാം എന്ന് പറഞ്ഞ് അത് പെർഫെക്ട് ആകുന്നതുവരെ പാടി കൊണ്ടിരിക്കും അദ്ദേഹം. അത്രയും പെർഫെക്ഷനെ സ്നേഹിക്കുന്ന ഒരാളാണദ്ദേഹം. മനുഷ്യന് ചെയ്യാൻ പരിമിതികളുണ്ടെങ്കിലും ആ പരിമിതികളുടെ അങ്ങേയറ്റം വരെ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ മഹാനായിട്ടുള്ള ആർട്ടിസ്റ്റാണ് അദ്ദേഹം". - ജയചന്ദ്രൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
