ജോസഫ് കണ്ട് ധര്‍മേന്ദ്ര കെട്ടിപ്പിടിച്ചു; ഹിന്ദി റീമേക്ക് പ്രഖ്യാപനം കാത്തു നില്‍ക്കാതെ അദ്ദേഹം പോയി; കുറിപ്പുമായി എം പദ്മകുമാര്‍

അവര്‍ക്കു കാണാനായി മാത്രം ജോസഫ് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തു വെച്ചിരുന്നു
M Padmakumar about Dharmendra
M Padmakumar about Dharmendraഫെയ്സ്ബുക്ക്
Updated on
2 min read

ഇതിഹാസ താരം ധര്‍മേന്ദ്രയയ്‌ക്കൊപ്പമുള്ള മറക്കാനാകാത്ത ഓര്‍മകള്‍ പങ്കിട്ട് സംവിധായകന്‍ എം പദ്മകുമാര്‍. ജോസഫിന്റെ ഹിന്ദി റീമേക്ക്, സണ്ണി ഡിയോളിനെ വച്ച് ചെയ്യുന്നതിന് മുന്നോടിയായാണ് പദ്മകുമാര്‍ ധര്‍മേന്ദ്രയെ കാണുന്നത്. ജോസഫ് കണ്ട ശേഷം ധര്‍മേന്ദ്ര തന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചുവെന്നാണ് പദ്മകുമാര്‍ പറയുന്നത്. ധര്‍മേന്ദ്രയുടെ ജന്മദിനത്തില്‍ ജോസഫ് ഹിന്ദി റീമേക്കിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യാനിരിക്കുകയായിരുന്നു എന്നും പദ്മകുമാര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

M Padmakumar about Dharmendra
'പല്‍ പല്‍ ദില്‍ കെ പാസ്., യേ ദോസ്തി..'; പ്രണയവും സൗഹൃദവും ആഘോഷിച്ച ധര്‍മേന്ദ്രയുടെ പാട്ടുകള്‍

ധര്‍മ്മേന്ദ്ര വിടവാങ്ങി..ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹീമാന്‍ - പ്രണയരംഗങ്ങളുടെ തീവ്രത കൊണ്ടും അസാമാന്യമായ ആക്ഷന്‍ പ്രകടനങ്ങള്‍ കൊണ്ടും ഒരു തലമുറയുടെ മുഴുവന്‍ മനസ്സു കീഴടക്കിയ ധര്‍മ്മേന്ര എന്ന സൂപ്പര്‍ ഹീറോയാണ് നിറപ്പകിട്ടുള്ള ഒരു പാടു മികച്ച കഥാപാത്രങ്ങളെ ഓര്‍മ്മകളിലൊതുക്കി യാത്രയാവുന്നത്. ധരംജി എന്നു സിനിമാലോകം വിളിക്കുന്ന ധര്‍മ്മേന്ദ്രയുമായുള്ള എന്റെ കണ്ടു മുട്ടല്‍ അത്യധികം വികാരാധീനമായിരുന്നു, എന്നെ സംബന്ധിച്ച്..

M Padmakumar about Dharmendra
51 രൂപയില്‍ തുടങ്ങിയ കരിയര്‍, ഏറ്റവും കൂടുതല്‍ ഹിറ്റ് നല്‍കിയ നായകന്‍; പരാജയത്തിലും മുമ്പില്‍; മരിക്കുന്നത് ആ ആഗ്രഹം ബാക്കിയാക്കി

2022 ല്‍ 'ജോസഫ് ' എന്ന ഞാന്‍ സംവിധാനം നിര്‍വ്വഹിച്ച സിനിമയുടെ ഹിന്ദി റീമേക്കിന്റെ ചര്‍ച്ചകള്‍ക്കായി അതിന്റെ ഹിന്ദിയിലെ നായകന്‍ സണ്ണി ഡിയോളുമായി ഞാന്‍ കാണുന്നത് മണാലിയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു.. കൂടെ എന്റെ നിര്‍മ്മാതാവായ കമല്‍ജി (കമല്‍ മുക്കൂട്ട്) യും. സണ്ണിയെ കാണുന്നതിനു മുന്‍പ് മണാലിയിലെ വിസ്തൃതമായ ഫാം ഹൗസിന്റെ പുല്‍ത്തകിടിയില്‍ കസേരയിട്ടിരിക്കുന്ന ധര്‍മ്മേന്ദ്രയെയാണ് ആദ്യം കണ്ടത്. കേരളത്തില്‍ നിന്നെത്തിയ എന്നെപ്പോലുള്ള ഒരു സംവിധായകനെ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഹൃദ്യമായിട്ടാണ് ധരംജി സ്വീകരിച്ചത്..

മലയാള സിനിമയും മമ്മുട്ടിയും മോഹന്‍ലാലും ഒക്കെ ധരംജിയുടെ സംസാരവിഷയമായിരുന്നു.. അതിനു ശേഷം ഞങ്ങള്‍ സണ്ണിയുമായി സംസാരിക്കുന്നതിനിടക്ക് ധരംജിയും കുടുംബവും അവരുടെ ഹോം തിയ്യേറ്റില്‍ 'ജോസഫ്' കണ്ടു (അവര്‍ക്കു കാണാനായി മാത്രം ജോസഫ് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തു വെച്ചിരുന്നു, കമല്‍ജി) ചര്‍ച്ചകള്‍ കഴിഞ്ഞ് ഓഫീസ് മുറിയില്‍ നിന്ന് ഞങ്ങള്‍ ഫാംഹൗസിന്റെ സ്വീകരണമുറിയിലേക്ക് എത്തിയപ്പോള്‍ ധരംജി അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. കമല്‍ജിയും മറ്റുള്ളവരും മുമ്പിലും ഞാന്‍ ഏറ്റവും പുറകിലുമായി ഹാളിലേക്കു കയറി.

മറ്റുള്ളവരോടെല്ലാം ഇരിക്കാന്‍ ആംഗ്യം കാട്ടി ,ഞാന്‍ അരികിലേക്കെത്തിയപ്പോള്‍ ധരംജി ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. എന്റെ മുന്നില്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായിരുന്ന മഹാനടന്‍ എന്നെ തന്നെ നോക്കി ഒരല്പനേരം നിന്നു.. ആ കണ്ണുകള്‍ തിളങ്ങുന്നതും സ്‌നേഹമോ വാത്സല്യമോ ഒക്കെ ഇടകലര്‍ന്ന ഒരു വികാരം അതില്‍ വന്നു നിറയുന്നതും എനിക്കു കാണാമായിരുന്നു. പിന്നെ ആ കൈകള്‍ കൊണ്ട് എന്നെയൊന്നു ചേര്‍ത്തു പിടിച്ചു.. well done betta... well done.. എന്നു പറഞ്ഞതുമാത്രം ഞാന്‍ കേട്ടു.

പിന്നെ അദ്ദേഹം പറഞ്ഞതു മുഴുവന്‍ എന്റെയുള്ളില്‍ നിറഞ്ഞുകവിഞ്ഞ വികാരാവേശത്തില്‍ എനിക്കു കേള്‍ക്കാനാവാത്ത വിധം മുങ്ങിപ്പോയിരുന്നു. ഒടുവില്‍ ''ജോസഫാ'' യി സ്‌ക്രീനില്‍ ജീവിച്ച ആ നടന്റെ പേരു ചോദിച്ചതും ഞാന്‍ ജോജുവിനെ കുറിച്ച് പറഞ്ഞതും മാത്രമേ എന്റെ ബോധതലത്തിലുള്ളു.. 'ജോസഫ്' എന്ന സിനിമ സംവിധാനം ചെയ്തതിന് എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ് ആ വാക്കുകളും ഗാഡാലിംഗനവും എന്ന് ഞാനിന്നും വിശ്വസിക്കുന്നു.

അതിനു ശേഷം രണ്ടോ മുന്നോ തവണ കൂടി ഞാന്‍ മണാലിയില്‍ പോയിരുന്നു; രണ്ടു തവണ ധരംജിയെ വീണ്ടും കണ്ടു..അന്നു കണ്ട അതേ സ്‌നേഹവും വാത്സല്യവും ഒരു തരിക്കുപോലും കുറവില്ലാതെ എനിക്കു കിട്ടുകയും ചെയ്തു...

കൂട്ടത്തില്‍ കുസൃതി നിറഞ്ഞ ഓരോര്‍മ്മ കൂടി പങ്കുവെക്കട്ടെ.. ഒരു തവണ മണാലിയിലെ വീട്ടില്‍ ധരംജിയുടെ കൂടെ സാന്നിധ്യത്തില്‍ സിനിമയുടെ കാസ്റ്റിങിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്നു.. ആദ്യവട്ട ചര്‍ച്ചകളില്‍ നായികയെ കുറിച്ചുള്ള ചര്‍ച്ചയും കയറി വരുന്നു. ബോളിവുഡിലെയും അല്ലാതെയും ഉള്ള പല നായികമാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നു.. പല പേരുകള്‍, പല അഭിപ്രായങ്ങള്‍.. ഒടുവില്‍ ഒരു തീരുമാനത്തിനു വേണ്ടി ധരംജിയോടു ചോദിക്കുന്നു.. ഇത്രയും നായികമാരുണ്ട് ,ഇതിലാരാണ് താങ്കളുടെ അഭിപ്രായത്തില്‍ അനുയോജ്യമാവുക? ഒട്ടും ലാഗ് ഇല്ലാതെ ധരംജിയുടെ മറുപടി: നായികമാരുടെ കാര്യം മാത്രം എന്നോടു ചോദിക്കരുത്, എല്ലാ നായികമാരേയും എനിക്കിഷ്ടമാണ് ! ഒരു പോലെ ! അവിടെ അന്നു മുഴങ്ങിയ കൂട്ടച്ചിരി ഇന്നും കാതുകളിലുണ്ട്.

ജോസഫി'ന്റെ ഹിന്ദി റീമേക്ക് പൂര്‍ത്തിയായി..ഡിസംബര്‍ ആദ്യം, ധരംജിയുടെ ജന്മദിനത്തിന് ടൈറ്റില്‍ അനൗണ്‍സ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.. പക്ഷെ അതിനു കാത്തു നില്‍ക്കാതെ ധരംജി വിടവാങ്ങി. സണ്ണി ഡിയോള്‍ ആ കഥാപാത്രത്തെ എത്ര ഉജ്വലമായി തന്നിലേക്ക് ആവാഹിച്ച് അവതരിപ്പിച്ചു എന്ന് കാണാന്‍ കൂട്ടാക്കാതെ അദ്ദേഹത്തിനു യാത്ര പറയേണ്ടി വന്നു. എങ്കിലും എനിക്കറിയാം, ഞങ്ങള്‍ക്കറിയാം.. കണ്ണെത്താനാവാത്ത ഉയരങ്ങളില്‍ എവിടെയോ നിന്ന് അദ്ദേഹം ഞങ്ങളെ അനുഗ്രഹിക്കും.. ആശീര്‍വ്വദിക്കും.. ഒരിക്കല്‍ എന്നെ ചേര്‍ത്തു പിടിച്ചതുപോലെ ഞങ്ങളുടെ ഈ സിനിമയേയും തന്റെ ഹൃദയത്തോടു ചേര്‍ത്തു വെക്കും. എനിക്കുറപ്പുണ്ട്.

Summary

M Padmakumar recalls his meeting with Dharmendra. He hugged Padmakumar after watching Joseph. They were planing to announce the hindi remake starring Sunny Deol.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com