

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ കേസിലെ പ്രതി മാര്‍ട്ടിന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടൊരു വിഡിയോ വലിയ വിവാദമായിരുന്നു. അതിജീവിതയുടെ പേരെടുത്ത് പറഞ്ഞായിരുന്നു മാര്‍ട്ടിന്റെ വിഡിയോ. ഇതില്‍ പൊലീസ് നടപടിയെടുക്കുകയും ചെയ്തു. അതേസമയം കേസില്‍ ദിലീപിനെ സംവിധായകന്‍ ലാലും മകന്‍ ജീന്‍പോള്‍ ലാലും ചേര്‍ന്ന് കുടുക്കിയതാണ് എന്നൊരു കഥ ഈ വിഡിയോയ്ക്ക് പിന്നാലെ പ്രചരിക്കപ്പെട്ടു.
ഈ വിവാദത്തില്‍ പ്രതികരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി. സമകാലിക മലയാളത്തിന്‍റെ മലയാളം ഡയലോഗ്സിലാണ് ടിബി മിനിയുടെ പ്രതികരണം. ദിലീപിന് വേണ്ടിയുണ്ടാക്കിയ കഥയാണിതെന്നാണ് ടിബി മിനി പറയുന്നത്.
''ലാലിന്റെ സ്റ്റുഡിയോയുടെ പങ്കാളി ആരെന്ന് അറിയുമോ? സുനിയും മാര്‍ട്ടിനും ലാല്‍ ക്രിയേഷന്‍സിന്റെ ഡ്രൈവര്‍മാരാണ് എന്നല്ലേ നിങ്ങള്‍ക്കറിയൂ. അതിലെ പങ്കാളി ആരെന്ന് അറിയുമോ? അത് ദിലീപാണ്. അവരെ അപ്പോയന്റ് ചെയ്തത് ആരായിരിക്കും? ഇതൊന്നും കോടതിയ്ക്ക് വിഷയമല്ല. അന്വേഷിച്ചിട്ടുമില്ല.'' ടിബി മിനി പറയുന്നു.
''ഇവരുണ്ടാക്കിയ കഥ ദിലീപിന് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. ലാലിന്റെ മകനെ കുടുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ്. അങ്ങനെയുള്ള കേസൊന്നും നില്‍ക്കില്ല'' എന്നും അവര്‍ പറയുന്നുണ്ട്. അതേസമയം, സുനിയുടെ കുറ്റസമ്മതമുണ്ട്. കുറ്റസമ്മതം തെളിവായിട്ട് എടുക്കാനാകില്ല. പക്ഷെ ഒരു ഘട്ടത്തില്‍ കോടതിയ്ക്ക് വേണമെങ്കില്‍ കേള്‍ക്കാം. ദിലീപിന്റെ കണ്‍ഫെഷനുമുണ്ട്. അത് കേട്ടാലും കോടതിയ്ക്ക് മനസിലാകും ആരാണ് ഇത് ചെയ്തതെന്ന്. മുകളിലെ കോടതിയൊക്കെ ഇത് ചെയ്യുമെന്നും മിനി പറയുന്നു.
''ഇപ്പോഴും പറയുന്നു ദിലീപിന് ഇതില്‍ പങ്കുണ്ട്. ഞാന്‍ ഈ കേസില്‍ അസിസ്റ്റ് ചെയ്തതാണ്. എല്ലാ കാര്യങ്ങളും പ്രോസിക്ക്യൂട്ടറാണ് തീരുമാനിച്ചത്. പക്ഷെ എനിക്കൊരു സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്റെ അഭിപ്രായങ്ങളും സംശയങ്ങളും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ദിവസവും വീട്ടിലെത്തുന്നത് രാത്രി രണ്ട് മണിക്കാണ്. പൊലീസുകാരാണ് എന്നെ വീട്ടിലാക്കി തരുന്നത്'' എന്നും അവര്‍ പറയുന്നു. കേസിലെ സുപ്രധാന തെളിവായ മെമ്മറിക്കാര്‍ഡ് സുനി വിറ്റിരിക്കാം എന്ന ആശങ്കയും ടിബി മിനി പങ്കുവെക്കുന്നുണ്ട്.
പള്‍സര്‍ സുനിയുടെ രണ്ടാമത്തെ കത്തില്‍ ഈ ലോകത്ത് എത്ര പേരുടെ ഇത്തരത്തിലുള്ള വിഡിയോ നിങ്ങള്‍ വിറ്റ് കാശാക്കിയിട്ടുണ്ട് എന്ന് എനിക്കറിയാം എന്ന് പറയുന്നുണ്ട്. പള്‍സര്‍ സുനിയ്ക്ക് അറിയാം ഇത് വിറ്റ് കാശാക്കാമെന്ന്. അയാളത് വിറ്റിട്ടുണ്ടാകാമെന്നാണ് മിനി പറയുന്നത്. ആ അഭിമുഖം ലോകം മുഴുവന്‍ കണ്ടതാണ്. തീര്‍ച്ചയായും കോടതിയും കണ്ടിട്ടുണ്ടാകും. പള്‍സര്‍ സുനിയുടെ കയ്യില്‍ അങ്ങനൊന്ന് ഉണ്ടെങ്കില്‍ അത് പിടിച്ചെടുക്കണം. അങ്ങനൊരു ഉത്തരവ് വിധിയിലുണ്ടോ? എന്നും അവര്‍ ചോദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates