

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എസ് എസ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിലെത്തുന്ന എസ്എസ്എംബി 29. ബോളിവുഡിൽ നിന്ന് പ്രിയങ്ക ചോപ്രയും മലയാളത്തിൽ നിന്ന് പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അടുത്തിടെ കെനിയയിൽ വച്ച് ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ ചിത്രീകരിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ മുടക്കുമുതൽ എത്രയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ ബജറ്റ് 135 മില്യൺ ഡോളർ (1188 കോടി രൂപ) ആണെന്നും, 'ഏഷ്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണങ്ങളിലൊന്നാണ് ഈ സിനിമയെന്നുമാണ് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂലൈയിൽ, 'ദ് സിറ്റിസൺ' എന്ന മറ്റൊരു കെനിയൻ പോർട്ടൽ ചിത്രത്തിൻ്റെ ബജറ്റ് 116 മില്യൺ ഡോളർ (1022 കോടി രൂപ) ആണെന്ന് അവകാശപ്പെട്ടിരുന്നു. ചിത്രം രണ്ട് ഭാഗങ്ങളുള്ള ഒരു പരമ്പരയായാണ് ആസൂത്രണം ചെയ്യുന്നതെന്നും ദ് സ്റ്റാർ റിപ്പോർട്ട് ചെയ്തു. എസ്എസ്എംബി 29 ലെ പ്രധാന ആഫ്രിക്കൻ രംഗങ്ങളാണ് കെനിയയിൽ ചിത്രീകരിച്ചത്.
പ്രശസ്തമായ മസായ് മാര, നൈവാഷ തടാകം, സാംബുരു, കിളിമഞ്ചാരോ പർവ്വതം, അംബോസെലി തുടങ്ങിയ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചിത്രം 120 രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്നും അവർ റിപ്പോർട്ട് ചെയ്തു. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കാടുമായി ബന്ധപ്പെട്ട ഉദ്വേഗജനകമായ കഥയായിരിക്കും പറയുക എന്നാണ് റിപ്പോർട്ട്.
അടുത്തിടെ മഹേഷ് ബാബുവിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. നവംബറിൽ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിടുമെന്നും രാജമൗലി അറിയിച്ചിരുന്നു. വി വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം എം കീരവാണിയാകും സംഗീതസംവിധാനം. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുകയെന്നാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates