

ഭാഷയുടെയോ ദേശത്തിന്റെയോ അതിർവരമ്പുകൾ ഇപ്പോഴത്തെ സിനിമാ നിർമാണത്തിൽ ഇല്ലെന്ന് നടി മാളവിക മോഹനൻ. എല്ലാ ഇൻഡസ്ട്രിയിലെയും മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നും മാളവിക അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞു.
"ഇന്നത്തെ സിനിമകൾക്ക് ശരിക്കും അതിരുകളില്ല. നിങ്ങളൊരു നല്ല പ്രൊജക്ടിന്റെ ഭാഗമാണെങ്കിൽ അത് എല്ലായിടത്തേക്കും എത്തും. ഭാഷ ഇതിനൊന്നും ഒരു തടസമേയല്ല. എല്ലാ ഇൻഡസ്ട്രിയിലെയും പ്രഗത്ഭരായ ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള മികച്ച ഫിലിംമേക്കേഴ്സിനൊപ്പവും അഭിനേതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിയുന്ന ഒരിടത്തിലാണ് ഞാനിപ്പോൾ".-മാളവിക പറഞ്ഞു. അതേസമയം, വിജയവും തിരിച്ചടികളും ഈ യാത്രയുടെ അനിവാര്യമായ ഭാഗമാണെന്നും നടി കൂട്ടിച്ചേർത്തു.
"എല്ലാ സിനിമയും തിയറ്ററുകളിൽ നന്നായി ഓടണമെന്ന് നമുക്ക് ആഗ്രഹമുണ്ടാകും. എന്നാൽ ചിലത് വിജയിക്കും, ചിലത് പരാജയപ്പെടും. അത് ഇതിന്റെ ഭാഗമാണ്. ഒരു അഭിനേതാവായി വളരുകയും ആവേശകരമായ പ്രൊജക്ടുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നിടത്തോളം കാലം അതാണ് പ്രധാനം".- മാളവിക കൂട്ടിച്ചേർത്തു.
"എല്ലാവരും വളരെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഒരു കലാരൂപമാണ് സിനിമ. അവിടെ നിശ്ചിത നിയമങ്ങളൊന്നുമില്ല. സെറ്റിൽ എനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്ന് എല്ലാ കാര്യങ്ങളും നിരീക്ഷിക്കുക എന്നതാണ്. ഇപ്പോൾ കാട്ടിൽ പോയി ഒരു ഫോട്ടോ എടുക്കുമ്പോഴും ആ നിമിഷം നമ്മൾ കാണുകയും പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്യും. അതേ സമീപനം തന്നെയാണ് എനിക്ക് സിനിമയോടും".- മാളവിക വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates