

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നിർമാതാവ് സാന്ദ്ര തോമസിന്റെ പത്രിക പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെ സാന്ദ്ര കോടതിയെ സമീപിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യതയുണ്ടായിട്ടും അത് തള്ളിയതിനെ ചോദ്യം ചെയ്താണ് സാന്ദ്ര കോടതിയെ സമീപിച്ചത്.
നിയമപരമായി നീങ്ങുമെന്ന് അറിയിച്ചതോടെ നടൻ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നും സാന്ദ്ര വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. മാത്രമല്ല താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര പറഞ്ഞു.
"ഇത് പറയാമോ എന്നെനിക്കറിയില്ല പക്ഷേ എന്നാലും ഞാൻ പറയുവാണ്, എന്നെ മമ്മൂക്ക വിളിച്ചിരുന്നു. എന്നോട് കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് ഒരു മുക്കാൽ മണിക്കൂറോളം സംസാരിച്ചിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ മമ്മൂക്ക... മമ്മൂക്കയുടെ മകൾക്കാണ് ഈ അവസ്ഥ വന്നത് എങ്കിൽ അവരോട് പ്രതിക്കരുത് എന്ന് പറയുമോ എന്ന്.
അതിന് ശേഷം ഞാനുമായി കമ്മിറ്റ് ചെയ്തിരുന്ന സിനിമയിൽ നിന്ന് മമ്മൂക്ക പിന്മാറി. നിർമാതാക്കൾ തിയറ്ററിൽ ഇനി എന്റെ സിനിമ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാൻഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു... ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ. അതിനകത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല. ഇഷ്ടം പോലെ ചെയ്തോളൂവെന്ന്.
ഞാൻ പറഞ്ഞു, ഞാൻ ഇവിടെത്തന്നെ ഉണ്ടാകും. എന്നെ ഇവിടെ നിന്ന് തുടച്ചു നീക്കാൻ ആണ് ശ്രമിക്കുന്നതെങ്കിൽ ഞാൻ ഇവിടെ തന്നെ ഉണ്ടാകുമെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു. എന്റെ സിറ്റുവേഷൻ മനസിലാക്കണം എന്നും മമ്മൂട്ടി പറഞ്ഞു".- സാന്ദ്ര തോമസ് വ്യക്തമാക്കി.
അതേസമയം മത്സരിച്ച് ജയിച്ച് കാണിക്കുകയാണ് വേണ്ടതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പത്രിക തള്ളി വൃത്തികേടാണ് കാണിച്ചതെന്നും ജി സുരേഷ് കുമാറും സിയാദ് കോക്കറുമെല്ലാം ഗുണ്ടകളെപോലെ പെരുമാറിയെന്നും ധൈര്യമുണ്ടെങ്കിൽ മത്സരിച്ച് തോൽപ്പിക്കട്ടെ എന്നും സാന്ദ്ര തോമസ് പറഞ്ഞു.
സാന്ദ്രയുടെ വാക്കുകൾ വൈറലായതോടെ മമ്മൂട്ടി ഇത്രയും ഗൗരവമായ വിഷയത്തിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മൂലം തനിക്കുണ്ടായ പ്രശ്നങ്ങൾക്ക് നീതി തേടി നിയമപോരാട്ടത്തിലാണ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ചെയ്തിരിക്കുന്ന മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റിൽ സാന്ദ്ര തോമസിന്റെ പേരാണ് ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates