

എറണാകുളം കളക്ടർ രേണു രാജിനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു. സിനിമയിൽ അഭിനയിക്കുന്ന ആളാണെന്നാണ് താൻ കരുതിയത് എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഗായകൻ യേശുദാസിന്റെ 83ാം പിറന്നാൾ ദിനവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് കളക്ടറെ മമ്മൂട്ടി കാണുന്നത്. രേണു രാജ് മലയാളിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.
യേശുദാസിന്റെ അപൂർവ ഫോട്ടോ പ്രദർശനത്തിന്റെ ഭാഗമായി കളക്ടറിൽ നിന്ന് ഫോട്ടോ സ്വീകരിക്കാനാണ് മമ്മൂട്ടി വേദിയിൽ എത്തിയത്. ചടങ്ങിൽ രേണു രാജ് സംസാരിക്കുന്നതുകേട്ട് കളക്ടർ മലയാളി ആണോ എന്ന് താരം ചോദിക്കുന്നതും കാണാമായിരുന്നു. അതിനു പിന്നാലെയാണ് മമ്മൂട്ടി സംസാരിക്കാനെത്തിയത്. യേശുദാസിന്റെ ചിത്രം പകർത്തിയതിനെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചതിനു ശേഷമാണ് താരം കളക്ടറിനെക്കുറിച്ച് പറയുന്നത്.
‘‘കലക്ടർ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാൻ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടർ. വളരെ മനോഹരമായാണ് അവർ സംസാരിച്ചത്. ഇങ്ങനെ ഒരാൾ കലക്ടറായി വന്നതിൽ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാൻ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ. ജയൻ പറഞ്ഞപ്പോഴാണ് കലക്ടർ ആണെന്ന് അറിയുന്നത്.’’–മമ്മൂട്ടി പറഞ്ഞു. രേണുരാജിനോട് സോറി പറയുകയും സത്യസന്ധമായ കാര്യമാണ് താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കുകയും ചെയ്തു.
വലിയ താരനിരയിലാണ് പിറന്നാൾ ആഘോഷ ചടങ്ങ് നടന്നത്. കൊച്ചി പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററില്‍ നടന്ന പരിപാടിയിൽ ഗായകരായ എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സംഗീതസംവിധായകരായ വിദ്യാധരൻ മാസ്റ്റർ, ശരത്, നടന്മാരായ മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. അമേരിക്കയിലെ വസതിയിലിരുന്ന് യേശുദാസും ഭാര്യ പ്രഭയും ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. യേശുദാസിന്റെ പുതിയ ആൽബം ‘തനിച്ചൊന്നു കാണാൻ’ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
