Kalamkaval
Kalamkavalസമകാലിക മലയാളം

ടെറർ വില്ലനായി മമ്മൂട്ടി; കളം പിടിച്ച് 'കളങ്കാവൽ'| Kalamkaval Review

പത്ത് ചാപ്റ്ററുകളായാണ് കളങ്കാവൽ നമുക്ക് കാണാനാകുക.
Published on
'‌നിലാ കായും വെളിച്ചം' ... ടെറർ വില്ലനായി മമ്മൂട്ടി, കളം പിടിച്ച് 'കളങ്കാവൽ' -റിവ്യൂ(4.5 / 5)

നിലാ കായും വെളിച്ചം

പൊങ്ങുതേ പരവശം

കൺങ്കൾ ഉറങ്കാമൽ

തേടുതേ ഒരു മുഖം...

പല സ്ഥലങ്ങൾ, പല മുഖങ്ങൾ, പല സ്ത്രീകൾ, പല പേരുകൾ അങ്ങനെ അയാൾ തന്റെ യാത്ര തുടരുകയാണ്. ഒരിടത്ത് മോഹനൻ ആണെങ്കിൽ മറ്റൊരിടത്ത് അമീർ ആകും വേറൊരിടത്ത് രാജേഷ് ആകും. പല ഭാവത്തിലും രൂപത്തിലും അയാളിങ്ങനെ സ്ത്രീകൾക്കിടയിൽ താങ്ങായും തലോടലായും നടക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി കമ്പനിയുടെ ഏറ്റവും പുതിയ ചിത്രം കളങ്കാവൽ തിയറ്ററുകളിലെത്തിയിരിക്കുകയാണ്.

മമ്മൂട്ടി പ്രതിനായക വേഷത്തിൽ വരുന്നു എന്നത് തന്നെയായിരുന്നു കളങ്കാവലിന്റെ യുഎസ്പി. ‌സയനൈഡ് മോഹനന്റെ കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ എങ്ങനെയാണ് പോകുന്നതെന്ന് ആദ്യം മുതൽ തന്നെ പ്രേക്ഷകന് ഒരു ഏകദേശ ധാരണയുണ്ടാകും.

സംവിധായകൻ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. പത്ത് ചാപ്റ്ററുകളായാണ് കളങ്കാവൽ നമുക്ക് കാണാനാകുക. വളരെ സ്ലോ പേസിൽ നിന്നാണ് ആദ്യത്തെ ചാപ്റ്റർ തുടങ്ങുന്നത്. വളരെ പതിയെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും ഇറങ്ങി ചെന്ന് പിന്നീട് പ്രേക്ഷകനെ കൂടെ കൂട്ടുകയാണ് സിനിമ.

സ്റ്റോറി നറേഷൻ ചെയ്യുന്ന രീതിയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഒരു ക്യാറ്റ് ആൻഡ് മൗസ് രീതിയാണ് സിനിമയുടേതെങ്കിലും മേക്കിങ് സ്റ്റൈലിലൂടെ ഒരു ഫ്രെഷ്നസ് കൊണ്ടുവരുന്നുണ്ട് സംവിധായകൻ. ചിത്രത്തിലെ സംഭാഷണങ്ങളും എടുത്ത് പറയേണ്ടതാണ്. റിസ്ക് കൂടുമ്പോഴല്ലേ സുഖം കൂടു എന്നൊക്കെ ഉള്ള നമ്മുടെ മനസിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ ഡയലോ​ഗുകൾ കൂടിയുണ്ട് സിനിമയിൽ.

മമ്മൂട്ടിയിലെ നായകനേക്കാളേറെ അദ്ദേഹത്തിലെ വില്ലനെ മലയാളികൾ എപ്പോഴും ആഘോഷമാക്കിയിട്ടുണ്ട്. വിധേയൻ, പലേരി മാണിക്യം, പുഴു, ഭ്രമയുഗം തുടങ്ങി ഇതുവരെ കണ്ട മമ്മൂട്ടിയുടെ വില്ലത്തരങ്ങളെല്ലാം അങ്ങ് മറന്നേക്കൂ, ദാ നമുക്ക് മുന്നിൽ പുതിയ വില്ലനെത്തിയിരിക്കുകയാണ്. മാനറിസങ്ങൾ കൊണ്ട് മമ്മൂട്ടി ആ കഥാപാത്രമാക്കി ഏറ്റവും പീക്കിൽ തന്നെയാണ് കൊണ്ടുവന്ന് നിർത്തിയിരിക്കുന്നത്.

ആരോടും പ്രത്യേകിച്ച് ഇമോഷണൽ കണക്ഷനോ സെന്റിമെന്റ്സോ കോംപ്രമൈസോ ഒന്നുമില്ലാത്ത ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടെ മോഹൻ. കഥ മുന്നോട്ട് പോകുന്തോറും അയാളോടുള്ള ദേഷ്യവും വെറുപ്പുമൊക്കെ പ്രേക്ഷകനും കൂടി കൊണ്ടേയിരിക്കും.

ഇയാളെ എങ്ങനെയെങ്കിലും ഒന്ന് പൂട്ടിയാൽ മതിയായിരുന്നു എന്ന് അവസാനം തോന്നിപ്പോകും. അത്രത്തോളം ആഴത്തിലാണ് മമ്മൂട്ടി ആ കഥാപാത്രത്തെ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ശരിക്കും മമ്മൂട്ടി എന്ന നടന്റെ തിരിച്ചുവരവൊന്നുമല്ല, അദ്ദേഹം വീണ്ടും ഇവിടെ നിലയുറപ്പിക്കുന്ന കാഴ്ചയാണ് കളങ്കാവൽ എന്ന് കണ്ണുംപൂട്ടി പറയാം.

മറ്റൊന്ന് ഈ സിനിമയിലെ നായകൻ വിനായകൻ തന്നെയാണ്. നത്ത് എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ജയകൃഷ്ണൻ എന്ന സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഓഫിസറായാണ് വിനായകൻ ചിത്രത്തിലെത്തുന്നത്. പെർഫോമൻസിന്റെ കാര്യത്തിൽ ഒരു അമൂല്യ രത്നം തന്നെയാണ് വിനായകൻ എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. അത്രയ്ക്ക് പെർഫക്ട് ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ക്ലൈമാക്സിൽ മമ്മൂക്കയ്ക്കൊപ്പം വരുന്ന ഫെയ്സ് ടു ഫെയ്സ് സീനിലൊക്കെ വിനായകൻ വൻ സ്കോറിങ് തന്നെയായിരുന്നു. ആനന്ദ് എന്ന പൊലീസുകാരനായെത്തിയ ജിബിൻ ​ഗോപിനാഥും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. മുഴുനീള കഥാപാത്രമാണെങ്കിലും ​ഗംഭീര പ്രകടനത്തിനുള്ള സാധ്യതകളൊന്നും ജിബിന്റെ കാരക്ടറിന് ഇല്ല. 22 ഓളം നായിക കഥാപാത്രങ്ങളാണ് സിനിമയിൽ കടന്നു വരുന്നത്.

ഈ സ്ത്രീകളുമായുള്ള മോഹന്റെ കോമ്പിനേഷൻ രം​ഗങ്ങളൊക്കെ എടുത്തിരിക്കുന്ന രീതിക്ക് തീർച്ചയായും സംവിധായകൻ കയ്യടിയ്ക്ക് അർഹനാണ്. വെറുതേ വന്നു പോകുന്ന സ്ത്രീകളായല്ല ഇവരെയൊന്നും അവതരിപ്പിച്ചിരിക്കുന്നത്. രജിഷ വിജയൻ, ധന്യ അനന്യ, ശ്രുതി രാമചന്ദ്രൻ, ​ഗായത്രി അരുൺ തുടങ്ങി നിരവധി നായികമാരാണ് ചിത്രത്തിലെത്തുന്നത്. സ്ക്രീൻ ടൈം വളരെ കുറവാണെങ്കിലും എല്ലാവരും ​ഗംഭീരമാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റിയും ഹൈ ലെവലാണ്. മുജീബ് മജീദിന്റെ ബാക്ക്​ഗ്രൗണ്ട് സ്കോറിങിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ‌നിലാ കായും വെളിച്ചം.. പൊങ്ങുതേ പരവശം എന്ന ​ഗാനത്തിനും സിനിമയിൽ വലിയൊരു സ്പെയ്സ് ഉണ്ട്. സിനിമയിലെ മനുഷ്യർക്കൊപ്പം തന്നെ പ്രധാനമാണ് ഈ പാട്ടും.‌

Kalamkaval
ആരാധകര്‍ക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് ആര്യന്‍ ഖാന്‍; അതിലും ആശങ്കപ്പെടുത്തി താരപുത്രന്റെ 'ചിരി', വിഡിയോ

അതുപോലെ ചിത്രത്തിൽ മമ്മൂട്ടി ഉപയോ​ഗിക്കുന്ന കാർ, സി​ഗരറ്റ് എല്ലാം സിനിമയ്ക്ക് നൂറ് ശതമാനവും പൂർണതയേകുന്നതായിരുന്നു. ഫൈസൽ അലിയു‌ടെ ഛായാ​ഗ്രഹണവും പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്ങും അഭിനന്ദനാർഹം തന്നെ.

Kalamkaval
'ഡ്യൂഡി'ല്‍ പാട്ടുകള്‍ ഉപയോഗിക്കാം; ഇളയരാജയ്ക്ക് 50 ലക്ഷം നല്‍കി നിര്‍മാതാക്കള്‍; കേസ് ഒത്തുതീര്‍പ്പായി

ജിതിൻ കെ ജോസ് എന്ന സംവിധായകനിൽ തീർച്ചയായും ഇനി പ്രതീക്ഷയേറുകയാണ്. മികച്ച സിനിമകളുമായി ഇവിടെ തന്നെ അദ്ദേഹം കാണുമെന്ന് ഉറപ്പാണ്. എന്തായാലും നിങ്ങൾ ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്, ഉറപ്പായും ഇഷ്ടപ്പെടും

Summary

Cinema News: Mammootty and Vinayakan starrer Kalamkaval movie Review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com