മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് വൻ വിജയമായി മുന്നേറുകയാണ്. മികച്ച അഭിപ്രായം നേടുന്നതിനൊപ്പം ചിത്രം തിയറ്ററുകൾ നിറക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാണ് ആന്റോ ജോസഫ്. മൂന്നു ദിവസം കൊണ്ട് ചിത്രം 9.75 കോടി ഗ്രോസ് കളക്ഷൻ നേടിയെന്നാണ് ഫേയ്സ്ബുക്കിൽ കുറിച്ചത്. നല്ല സിനിമകൾ ഉണ്ടായാൽ തിയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ 'റോഷാക്കി'നു കഴിഞ്ഞു. ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. 'റോഷാക്ക്' വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കൽക്കൂടി വിജയിക്കുകയാണെന്നും ആന്റോ ജോസഫ് കുറിച്ചു.
ആന്റോ ജോസഫിന്റെ കുറിപ്പ് വായിക്കാം
എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'റോഷാക്'. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയിൽ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച മുതൽ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തീയറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി.റോഡിൻ്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിൻ്റെ കാരണവും.
എം. ജി. റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾ സാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം. നമ്മുടെ തീയറ്ററുകൾ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്ച. വരിനിൽക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികൾ പകലാകുന്ന കാഴ്ച. സിനിമ ഒരുമയുടെയും സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും കൂടാരമൊരുക്കുന്ന കാഴ്ച.
മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 'റോഷാക് ' നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ 'റോഷാകി' ന് കഴിഞ്ഞു. ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. ഇങ്ങനെയൊരു സിനിമ നിർമിക്കാൻ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉൾക്കാഴ്ചയ്ക്ക്..സർവ്വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്... ഒരു ഇമയനക്കലിൽ, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയിൽ, എന്തിന്.. പല്ലിടകൾക്കിടയിൽ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടൻ. അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്.
'റോഷാക്' വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കൽക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക..ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates