

റീ റിലീസുകൾക്ക് വൻ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. പണ്ട് തിയറ്ററുകളിൽ പോയി സിനിമ കാണാൻ കഴിയാതിരുന്നവർക്ക് വലിയൊരാശ്വാസമാണ് റീ റിലീസുകൾ. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഐക്കണിക് ഗ്യാങ്സ്റ്റർ ഡ്രാമ സാമ്രാജ്യം വീണ്ടും തിയറ്ററുകളിലെത്തുകയാണ്.
ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സാമ്രാജ്യത്തിന്റെ 4K ഡോൾബി അറ്റ്മോസ് പതിപ്പാണ് റീ റിലീസിനെത്തുന്നത്. 2025 സെപ്റ്റംബർ മാസത്തിലാണ് ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാവുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രം 4K ഡോൾബി അറ്റ്മോസിലേക്ക് മാറ്റുന്നതിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ് 'സാമ്രാജ്യം" പ്രദർശനത്തിനെത്തിയത്.
അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ നിർമാണ ചെലവ് വന്ന ചിത്രമാണിത്. മമ്മൂട്ടിയെ സ്റ്റൈലിഷ് നായകനായി അവതരിപ്പിച്ച ചിത്രം അതിന്റെ മേക്കിങ് മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.
കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം സ്ലോ മോഷന്റെ ഗംഭീരമായ ഉപയോഗം കൊണ്ടും സിനിമാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ നേടി. ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും സാമ്രാജ്യത്തിനുണ്ട്.
ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ ആണ്. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ്, കളങ്കാവൽ എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates