മഴ വകവെച്ചില്ല, മണിക്കൂറുകളുടെ കാത്തിരിപ്പ്; 'മണിച്ചിത്രത്താഴ്' കാണാൻ ഇടിച്ചു കയറി ആയിരങ്ങൾ; നാല് ഷോയും ഹൗസ്ഫുൾ

7.30ന്റെ ഷോ കാണാൻ ഇന്നലെ ഉച്ച മുതൽ തിയറ്ററിനു മുന്നിൽ വലിയ ക്യൂ രൂപപ്പെട്ടിരുന്നു
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്
Updated on
2 min read


30 വർഷം മുൻപ് തിയറ്ററിൽ ഉത്സവമായി മാറിയ ചിത്രം. ഫാസിലിന്റെ മണിച്ചിത്രത്താഴിനേക്കുറിച്ച് പുതു തലമുറ കേട്ടറിഞ്ഞത് ഇങ്ങനെയായിരുന്നു. വർഷങ്ങൾക്കിപ്പുറം ചിത്രം വീണ്ടും തിയറ്ററിൽ എത്തിയപ്പോൾ അത് വലിയ ആഘോഷമായി മാറി. കേരളീയത്തിന്റെ ഭാ​ഗമായാണ് മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചത്. 

ചിത്രം കാണാനായി മഴ പോലും വകവയ്ക്കാതെ ആയിരക്കണക്കിന് പേരാണ് കൈരളി തിയറ്ററിന് മുന്നിൽ എത്തിയത്. പറഞ്ഞിരുന്ന ആദ്യ ഷോ തുടങ്ങിയിട്ടും കാണികളുടെ നീണ്ട നിര തിയറ്ററിനു മുന്നിൽ തുടർന്നു. ഇതോടെ മൂന്നു ഷോ കൂടി കാണിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. 

പലതവണ ടിവിയിലൂടെയും മറ്റും കണ്ടിട്ടുണ്ടെങ്കിൽ അവേശം ഒരു തരിയും കുറയാതെയാണ് സിനിമാപ്രേമികൾ ചിത്രം കണ്ടു തീർത്തത്. മോഹൻലാലിന്റെ സണ്ണിയേയും ശോഭനയുടെ ​ഗം​ഗയേയും സുരേഷ് ​ഗോപിയുടെ നകുലനേയുമെല്ലാം കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. 7.30ന്റെ ഷോ കാണാൻ ഇന്നലെ ഉച്ച മുതൽ തിയറ്ററിനു മുന്നിൽ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. തിയറ്ററിനുള്ളിൽ കയറിപ്പറ്റിയവർ നിലത്തിരുന്നുപോലും ചിത്രം കാണാൻ തയ്യാറായി. ഇതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മന്ത്രി സജി ചെറിയാനും മണിച്ചിത്രത്താഴിന് ലഭിച്ച ആരാധക സ്വീകാര്യതയെക്കുറിച്ച് കുറിപ്പ് പങ്കുവച്ചു. 

സജി ചെറിയാന്റെ കുറിപ്പ് വായിക്കാം

#കേരളീയം  പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് കാണാന്‍ കഴിയുന്നത്. ജനപ്രീതിയും  കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ മണിച്ചിത്രത്താഴിന് 30-ാം വര്‍ഷത്തില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കൈരളി തീയേറ്റര്‍ സമുച്ചയത്തിന്‍റെ കവാടത്തിന് താഴിടാതെ പെരുമഴയില്‍ കാത്തുനിന്ന ആയിരങ്ങള്‍ക്കായി മൂന്ന് അധിക പ്രദര്‍ശനങ്ങളാണ് നടത്തിയത്.
മേളയുടെ മൂന്നാം ദിവസമായ ഇന്ന് വൈകിട്ട് 7.30ന് പ്രദര്‍ശിപ്പിച്ച മണിച്ചിത്രത്താഴിന് മൂന്ന് മണിമുതല്‍ ക്യൂ രൂപപ്പെട്ടുതുടങ്ങിയിരുന്നു. 443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂര്‍ നേരത്തെ പ്രദര്‍ശനം തുടങ്ങി. നിരവധിപേര്‍ നിലത്തിരുന്നാണ് സിനിമ കണ്ടത്. ഇതേസമയം പുറത്ത് ആയിരത്തിലധികംപേര്‍  കാത്തുനില്‍പ്പുണ്ടായിരുന്നു. തീയേറ്റര്‍ കോമ്പൗണ്ടില്‍ അറുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുമുണ്ടായിരുന്നു. ഗേറ്റിനുപുറത്ത് മഴ വകവെക്കാതെ ആയിരത്തോളംപേര്‍ അക്ഷമരായി കാത്തുനിന്നു. ഈ സാഹചര്യത്തില്‍ പരമാവധിപേരെ സിനിമ കാണിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് അധിക പ്രദര്‍ശനങ്ങള്‍ കൂടി നടത്താന്‍ ചലച്ചിത്ര അക്കാദമിയോട് നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് 9 മണിക്ക് നിളയിലും 9.30ന് ശ്രീയിലും തുടര്‍ന്ന് കൈരളിയിലുമായി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. അങ്ങനെ ഒരു സിനിമയുടെ നാല് പ്രദര്‍ശനങ്ങള്‍ ഒരു ദിവസം നടന്ന ചലച്ചിത്രോത്സവമായി കേരളീയം മാറി.  
30 വര്‍ഷം മുന്‍പുള്ള സിനിമ വലിയ സ്ക്രീനില്‍ കണ്ട് ആസ്വദിക്കുന്നതിനുവേണ്ടി എത്തിയ ആള്‍ക്കൂട്ടം സിനിമ എന്ന മാധ്യമത്തോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തെയാണ് കാണിക്കുന്നത്. കേരളീയം പരിപാടി ജനങ്ങള്‍ ഏറ്റെടുത്തതിന്‍റെ സൂചന കൂടിയായി ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com