'ഷു​ഗർ അടിച്ച് അങ്ങ് ഓഞ്ഞു പോയല്ലോ'; കാൻസർ അതിജീവനത്തെക്കുറിച്ച് മണിയൻപിള്ള രാജു

അത്രയും വേദന സഹിക്കാൻ വയ്യായിരുന്നു.
Maniyanpilla Raju
മണിയൻപിള്ള രാജു (Maniyanpilla Raju)എക്സ്പ്രസ്
Updated on
2 min read

അമ്പത് വർഷത്തോളമായി മലയാള സിനിമാ രം​ഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മണിയൻപിള്ള രാജു (Maniyanpilla Raju). അടുത്തിടെ താൻ കാൻസർ സർവൈവറാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ചെവി വേദനയില്‍ നിന്നുമായിരുന്നു തുടക്കമെന്നും എംആര്‍ഐ എടുത്തപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ വളരെ ബുദ്ധിമുട്ടിലൂടെ കടന്നു പോയ ആ സമയത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് മണിയൻപിള്ള രാജു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എനിക്ക് കുറച്ചു നാളായിട്ട് ചെവിയിൽ ആണിയടിച്ച പോലെ ഒരു വേദന വന്നു. ഇഎൻടി ഡോക്ടറെ കാണിച്ചപ്പോൾ ചെവിയിൽ മരുന്നൊഴിച്ചാൽ മതി, ​ഗുളിക കഴിച്ചാൽ മതിയെന്ന് പറഞ്ഞു. പക്ഷേ മാറിയില്ല. തുടരും സിനിമയുടെ ഷൂട്ടിന്റെ സമയത്തൊക്കെ എനിക്ക് ചെവി വേദനയായിരുന്നു. രാത്രയിലൊക്കെ ഞാനിങ്ങനെ ഇരിക്കും, നേരം വെളുത്താൽ ഒരു ചായ കുടിക്കാം എന്നൊക്കെ പറഞ്ഞ്. അത്രയും വേദന സഹിക്കാൻ വയ്യായിരുന്നു.

കാൻസറിന് പക്ഷേ ഒരിക്കലും വേദനയൊന്നും ഉണ്ടാകത്തില്ല. പക്ഷേ ദൈവം എനിക്ക് ഒരു ലക്ഷണം കാണിച്ചു തന്നതാണ്. അങ്ങനെ കൊട്ടിയത്തുള്ള മറ്റൊരു ഡോക്ടറെ കണ്ടു. പിന്നെ എംആർഐ എടുത്തപ്പോഴാണ് തൊണ്ടയിൽ കാനസറാണെന്ന് അറിഞ്ഞത്. അത് നീക്കം ചെയ്തു. പിന്നെ മുപ്പത് റേഡിയേഷൻ. അഞ്ച് കീമോ ഒക്കെ ചെയ്തു. അതൊക്കെ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. ഇപ്പോൾ എല്ലാം മാറി, മരുന്നൊന്നും ഇല്ല".- മണിയൻപിള്ള രാജു പറഞ്ഞു.

"അന്ന് ഭക്ഷണം കഴിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. എരിവ് കഴിക്കാൻ ബുദ്ധിമുട്ടാണ്. ഇതിൽ നിന്നെല്ലാം ഇപ്പോൾ പൂർണമായും അതിജീവിച്ചു. കാൻസർ ആണെന്ന് പറഞ്ഞ് പേടിച്ച് പിന്മാറിയിട്ട് കാര്യമില്ല. ഫൈറ്റ് ചെയ്ത് നോക്കട്ടെ എന്ന് കരുതി. ലിസി എന്നെ ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, രാജു ചേട്ടൻ ഒരു പോരാളിയാണെന്ന്. ഈ രോ​ഗം വന്നതൊന്നും കണക്കാക്കണ്ട, രാജു ചേട്ടൻ ഫൈറ്റ് ചെയ്യ് എന്ന്. മമ്മൂട്ടിയും എന്നെ വിളിച്ചപ്പോൾ പറഞ്ഞു, നീ ഫൈറ്റ് ചെയ്യണമെടാ, ഫൈറ്റ് ചെയ്യണമെന്ന്. അദ്ദേഹത്തിന് അസുഖം വന്നപ്പോൾ ഞാനും വിളിച്ചു പറഞ്ഞു, നിങ്ങൾ എന്നോട് പറഞ്ഞതു പോലെ തന്നെ ഞാൻ‌ പറയുന്നു. ഫൈറ്റ് ചെയ്യണം, നിങ്ങളാണ് നമ്മുടെയൊക്കെ ധൈര്യമെന്ന്".- മണിയൻപിള്ള രാജു വ്യക്തമാക്കി.

"നമ്മൾ പേടിച്ച് വീട്ടിൽ പുതച്ചു കിടന്നാൽ അതോടെ നമ്മൾ തീർന്നു. നമ്മൾ പഴയതിലും ആക്ടീവ് ആകുക, പോവുക. ചിലർക്ക് അസുഖം വന്നു കഴിഞ്ഞാൽ പുറത്ത് പറയാൻ മടിയായിരിക്കും. ഞാനൊരു കല്യാണത്തിന് പോയപ്പോൾ കുറേ ആളുകൾ ഇങ്ങനെ നിൽക്കുകയാണ്. അതിനിടയിൽ‌ നിന്ന് രസികനായ ഒരു അമ്മാവൻ എന്നോട് പറയുകയാണ്, ഷു​ഗർ അടിച്ച് അങ്ങ് ഓഞ്ഞു പോയല്ലോ എന്ന്. ഞാൻ പറഞ്ഞു, ഷു​ഗർ അല്ല, ആളെ കൊച്ചാക്കരുത്, കാൻസർ പേഷ്യന്റ് എന്ന്. എന്റെ മറുപടി കേട്ട് എല്ലാവരും കിടുങ്ങിപ്പോയി.

ഇന്നത്തെക്കാലത്ത് ഒന്നിലും ഭയന്നിട്ട് കാര്യമില്ല. എല്ലാ കാര്യത്തിനും പുതിയ മരുന്നുകളുണ്ട്, നല്ല ഡോക്ടർമാരുണ്ട്, എല്ലാമുണ്ട്. എന്റെ അമ്മ കാൻസർ വന്നാണ് മരിച്ചത്. അന്നത്തെക്കാലത്ത് ആയുർവേദവും അരിഷ്ടവുമൊക്കൊയാണ് കൊടുത്തത്. ഇന്നത്തെപ്പോലെയുള്ള സംഭവങ്ങളൊന്നും അന്നില്ല. ഇന്നിപ്പോൾ ആർസിസി ഉൾപ്പെടെയുള്ള ആശുപത്രികളുണ്ട്. അതുകൊണ്ട് കാൻസർ വന്ന ഒരാൾ പേടിക്കുകയേ വേണ്ട.

ജീവതത്തെ ഫെയ്സ് ചെയ്യുക, നമ്മുടെ കാര്യങ്ങളുമായി മുന്നോട്ട് പോവുക. അസുഖം ഉണ്ടെന്ന വിചാരം ആദ്യമേ മാറ്റി വയ്ക്കുക. നോർമൽ എന്ന് വിചാരിക്കുക. ഞാൻ നന്നായിട്ട് ഭക്ഷണം ആസ്വദിച്ച് കഴിച്ചിരുന്ന ഒരാളാണ്. അപ്പോൾ‌ ദൈവം കരുതിക്കാണും, നീ കുറച്ചു നാൾ കഞ്ഞി കുടിച്ച് കഴിയെടാ എന്ന്. ഞാൻ അങ്ങനെയേ എടുത്തിട്ടുള്ളൂ. എല്ലാ കാര്യങ്ങളും ഞാൻ‌ പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്".- മണിയൻപിള്ള രാജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com